‘കാനനഛായയിൽ ആടു മെയ്‌ക്കാൻ' എന്ന എവർഗ്രീൻ സൂപ്പർഹിറ്റ് ഗാനത്തിന് കവർ വിഡിയോ ഒരുക്കി നടിയും നർത്തകിയുമായ ശാലു മേനോൻ. തന്റെ യുട്യൂബ് പേജിൽ താരം പങ്കു വച്ച ഈ ഗാനം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ 'മാസ്ക് മുഖ്യം ചന്ദ്രികേ' എന്ന് കുറിച്ചുകൊണ്ടാണ് ഗാനം അവതരിപ്പിച്ചിരിക്കുന്നത്. മാസ്ക് ധരിച്ചാൽ ഇന്നു തന്നെ കൂടെ പോകാം നിങ്ങളും മാസ്ക് ധരിക്കൂ എന്നൊരു സന്ദേശവുമായി ബോധവത്കരണ വീഡിയോയായി കൂടിയാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്.

ശാലു തന്നെ കൊറിയോഗ്രാഫി നിർവഹിച്ചിരിക്കുന്ന വിഡിയോയിൽ യുവ എന്ന നർത്തകനൊപ്പമാണ് താരം പ്രത്യക്ഷപ്പെടുന്നത്. രാജീവ് നെടുങ്കണ്ടം സംവിധാനം ചെയ്തിരിക്കുന്ന വിഡിയോയുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് വിഷ്ണു വെഞ്ഞാറമ്മൂടാണ്.

കാനനഛായയിലാടുമെയ്‌ക്കാൻ ഞാനും വരട്ടെയോ നിന്റെ കൂടെ' മലയാളികളുടെ നിത്യ ഹരിത ഗാനമാണ് ഈ പാട്ട്. 'രമണൻ' എന്ന സിനിമയ്ക്കുവേണ്ടി ചങ്ങമ്പുഴ എഴുതി കെ രാഘവൻ മാഷ് ഈണമിട്ട പാട്ട് പാടിയത് കെ പി ഉദയഭാനുവും പി ലീലയും ചേർന്നായിരുന്നു. 1967ൽ പുറത്തിറങ്ങിയ സിനിമയാണ് 'രമണൻ'. 53 വർ‍ഷങ്ങൾക്ക് ശേഷം ഈ പാട്ടിന് ഒരു കവർ വീഡിയോ ഒരുക്കിയിരിക്കുകയാണ് നടിയും നർത്തകിയുമായ ശാലു മേനോൻ

.