കൊച്ചി: മാതാവിന്റെ പേരിലുള്ള 4 സെന്റ് സ്ഥലം അവകാശപോക്കുവരവ് നടത്താൻ ഒന്നരലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട വില്ലേജ് ഓഫീസറെയും തുക കടത്താൻ സഹായിച്ച സുഹൃത്തിനെയും വിജിലൻസ് അറസ്റ്റു ചെയ്തത് മതിയായ കരുതലുകൾ എടുത്ത്.

എറണാകുളം കണയന്നൂർ താലൂക്കിലെ ഇളംകുളം വില്ലേജ് ഓഫീസർ സജേഷിനെയും സുഹൃത്ത് എളമക്കര സ്വദേശി വർഗീസിനൈയുമാണ് ഇന്നലെ വൈകിട്ട് 6 മണിയോടെ പണം കൊമാറ്റത്തിനിടെ വിജിലൻസ് സംഘം കയ്യോടെ പിടികൂടിയത്. എളംകുളം വില്ലേജേ കുമാരനാശാൻ നഗർ ഇലത്താട്ടുവീട്ടിൽ ആൻട്രോയിൽ നിന്നാണ് കൈക്കൂലിയായി 1 ലക്ഷം വില്ലേജ് ഓഫീസർ കൈപ്പറ്റിയത്. മരണപ്പെട്ട മാതാവിന്റെ പേരിലുണ്ടായിരുന്ന 4 സെന്റ് ഭൂമി അകവാശപോക്കുവരവിനായി 2019 ജൂലൈയിൽ വില്ലേജ് ഓഫീസിൽ ആൻട്രോ അപേക്ഷ സമർപ്പിച്ചിരുന്നരുന്നു.

നപടിക്രമങ്ങൾ പൂർത്തിയാക്കിയെങ്കിലും വില്ലേജ് ഓഫീസർ സർട്ടിഫിക്കറ്റ് ആൻട്രോയ്ക്ക് നൽകിയില്ല.ഒന്നര ലക്ഷം രൂപ കൈക്കൂലിയായി നൽകിയാലെ സർട്ടിഫിക്കറ്റ് നൽകു എന്ന് നേരിൽക്കണ്ട അവസരത്തിൽ വില്ലേജ് ഓഫീസർ ആൻട്രോയെ അറിയിക്കുകയായിരുന്നു. ഇത് കേട്ട് അമ്പരന്ന ആൻട്രോ സജേഷിന്റെ സുഹൃത്ത് ഗോഡ്വിനെ കണ്ട് ദുസ്ഥിതി ബോദ്ധ്യപ്പെടുത്തി. ഇത്രയും തുക കൈയിലില്ലന്നും ഇക്കാര്യം സജേഷിനെ അറിയിച്ച്, തുക പരമാവധി കുറയ്ക്കാൻ വേണ്ടത് ചെയ്യണമെന്ന് ആൻട്രോ ഗോഡ്വിനോട് ഈയവസരത്തിൽ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

സങ്കടസ്ഥിതിയറിഞ്ഞെന്നും താൻ മനസലിവുള്ളവനാണെന്നും ഒന്നരക്ഷം വേണ്ടെന്നും ഒരു ലക്ഷം തന്നാൽ മതിയെന്നുമായിരുന്നു പിന്നീട് ആൻട്രോയെ നേരിൽക്കണ്ടപ്പോൾ വില്ലേജ് ഓഫീസിറുടെ നിലപാട്. ഇക്കാര്യം ആൻട്രോ വിജിലൻസ് മധ്യമേഖല പൊലീസ് സുപ്രണ്ട് ഹിമേന്ദ്രനാഥിനെ അറിയിച്ചു. തുടർന്നാണ് വില്ലേജ് ഓഫീസറെ കുടുക്കാൻ അധികൃതർ പദ്ധതി തയ്യാറാക്കിയത്.

ഇന്നലെ വൈകുന്നേരം 6 മണിക്ക് ഓഫീസിലെത്തി തുക ഏൽപ്പിക്കണമെന്നാണ് ആൻട്രോയോട് സജേഷ് നിർദ്ദേശിച്ചിരുന്നത്. ഇതുപ്രകാരം ആൻട്രോ തുക സജേഷിന് കൈമാറി. ഈ സമയം വർഗ്ഗീസും ഇവിടെയെത്തി. തുക വാങ്ങി സജേഷ് വർഗ്ഗീസിന് കൈമാറിയതോടെ സ്ഥലത്തുണ്ടായിരുന്ന വിജിലൻസ് സംഘം ഓഫീസിലെത്തി ഇരുവരെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

വിജിലൻസ് എറണാകുളം ഡി വൈ എസ് പി സക്കറി മാത്യു,ഇൻസ്പെക്ടർമാരായ മധു,മനു,എസ് ഐ മാരായ സണ്ണി,അൻസാർ,മാർട്ടിൻ എന്നിവരടങ്ങിയ സംഘമാണ് വില്ലേജ് ഓഫീസറെ കൂടുക്കാൻ കർമ്മപദ്ധതി തയ്യാറാക്കിയത്.ഇരുവരെയും ഇന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.