- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'കെയ്ൻ വില്യംസൻ ഇന്ത്യക്കാരനായിരുന്നെങ്കിൽ ഏറ്റവും മികച്ച ക്രിക്കറ്റ് താരമെന്ന് വിശേഷിപ്പിച്ചേനെ; മികച്ച താരം വിരാട് കോലിയെന്ന് പറഞ്ഞില്ലെങ്കിൽ അതെന്തോ അപരാധം'; ഇൻസ്റ്റഗ്രാം ഫോളോവേഴ്സും വരുമാനവും മാറ്റിനിർത്തിയാൽ ഇരുവരും തുല്യരെന്നും മൈക്കൽ വോൺ
ലണ്ടൻ: ന്യൂസീലൻഡ് നായകൻ കെയ്ൻ വില്യംസൻ ഇന്ത്യക്കാരനായിരുന്നെങ്കിൽ ഇപ്പോൾ ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരമെന്ന് എല്ലാവരും വിശേഷിപ്പിച്ചേനെയെന്ന് ഇംഗ്ലണ്ടിന്റെ മുൻ ക്യാപ്റ്റനും കമന്റേറ്ററുമായ മൈക്കൽ വോൺ. ഇൻസ്റ്റഗ്രാമിലെ 100 മില്യൻ ഫോളോവേഴ്സും വർഷാവർഷം സമ്പാദിക്കുന്ന പണവും മാറ്റിനിർത്തിയാൽ കോലിയും വില്യംസനും തുല്യരാണെന്നും വോൺ അഭിപ്രായപ്പെട്ടു.
ഇന്നത്തെ കാലത്ത് വിരാട് കോലി ഏറ്റവും മികച്ച താരമാണെന്ന് പറഞ്ഞില്ലെങ്കിൽ അതെന്തോ വലിയ അപരാധമാണെന്നും മൈക്കൽ വോൺ അഭിപ്രായപ്പെട്ടു. കോലിയെ ഏറ്റവും മികച്ച താരമെന്ന് വിശേഷിപ്പിച്ചില്ലെങ്കിൽ സമൂഹമാധ്യമങ്ങളിലൂടെ ആരാധകർ കൂട്ടത്തോടെ ആക്രമണം നടത്തുമെന്നും വോൺ ചൂണ്ടിക്കാട്ടി.
'കെയ്ൻ വില്യംസൻ ഇന്ത്യക്കാരനായിരുന്നുവെന്ന് കരുതുക. ഇപ്പോൾ ലോകത്തിലെ ഏറ്റവും മികച്ച താരമായി അദ്ദേഹം പരിഗണിക്കപ്പെടുമായിരുന്നു. പക്ഷേ ഇപ്പോഴത്തെ സാഹചര്യത്തിൽ അദ്ദേഹമാണ് മികച്ച താരമെന്ന് പറയാനാകില്ല. കാരണം, വിരാട് കോലി മികച്ച താരമല്ലെന്ന് പറയുന്നത് വലിയ അപരാധമാണ്. സമൂഹമാധ്യമങ്ങളിലൂടെ നിങ്ങൾ കടുത്ത കല്ലേറു നേരിടേണ്ടി വരും' വോൺ പറഞ്ഞു.
'ക്രിക്കറ്റിന്റെ മൂന്നു ഫോർമാറ്റിലും ഏറ്റവും മികച്ച താരങ്ങളെയെടുത്താൽ അതിൽ കെയ്ൻ വില്യംസനുണ്ട്. അദ്ദേഹം വിരാട് കോലിക്കു തുല്യനായ കളിക്കാരനാണ്. അദ്ദേഹത്തിന് ഇൻസ്റ്റഗ്രാമിൽ 100 മില്യൻ ഫോളോവേഴ്സും വിരാട് കോലിയേപ്പോലെ 3040 മില്യൻ ഡോളർ വരുമാനവും ഇല്ലായിരിക്കാം. പക്ഷേ, കളിയിലെ ക്വാളിറ്റിയും കളത്തിലെ സ്ഥിരതയും പരിഗണിച്ചാൽ തീർച്ചയായും വിരാട് കോലിയേക്കാൾ ഒരു പടി മുന്നിൽത്തന്നെയാണ് വില്യംസന്റെ സ്ഥാനം. ഈ സീസണിലും കോലിയേക്കാൾ റൺസ് നേടുക വില്യംസനായിരിക്കുമെന്ന് തീർച്ച' വോൺ പറഞ്ഞു.
നിലവിൽ രാജ്യന്തര ക്രിക്കറ്റ് കൗൺസിലിന്റെ ടെസ്റ്റ് ബാറ്റ്സ്മാന്മാരുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്താണ് കെയ്ൻ വില്യംസൻ. 2020ൽ നാലു ടെസ്റ്റുകളിൽനിന്ന് 83നു മുകളിൽ ശരാശരിയിലാണ് വില്യംസൻ റൺസടിച്ചുകൂട്ടിയത്. 2021ൽ ഇതുവരെ വില്യംസൻ ഒരേയൊരു ടെസ്റ്റ് മാത്രമാണ് കളിച്ചത്. ഒറ്റ ഇന്നിങ്സിൽനിന്ന് 238 റൺസും നേടി.
മറുവശത്ത് വിരാട് കോലി നിലവിൽ ടെസ്റ്റിൽ ഐസിസി റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്താണ്. 2020ൽ കളിച്ച മൂന്നു ടെസ്റ്റുകളിൽ ശരാശരി 19.33 മാത്രം. ഈ വർഷം കളിച്ച നാലു ടെസ്റ്റുകളിൽനിന്ന് 28.66 ശരാശരിയിൽ നേടിയത് വെറും 172 റൺസ്.
ഏകദിനത്തിൽ 2019ൽ 26 കളികളിൽനിന്ന് 59.86 ശരാശരിയിൽ വിരാട് കോലി നേടിയത് 1377 റൺസാണ്. 2020ൽ ഒൻപതു മത്സരങ്ങളിൽനിന്ന് 47.88 ശരാശരിയിൽ 439 റൺസ് നേടി. ഏകദിനത്തിൽ കോലി രണ്ടാം റാങ്കിലും വില്യംസൻ 12ാം റാങ്കിലുമാണ്. ഏകദിനത്തിൽ ലോകത്തിലെ ഏറ്റവും മികച്ച താരം കോലിയാണെന്ന് മുൻപ് വോൺ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
സ്പോർട്സ് ഡെസ്ക്