മുംബൈ: തന്നെ മുമ്പ് അഭിസംബോദന ചെയ്യാൻ ഉപയോഗിച്ച വാക്കുകളാണ് ഭ്രാന്തി, മനോരോഗി എന്നിവ. പക്ഷേ ഇവ ഒരിക്കലും ശാപവചനകളായി ഉപയോഗിക്കാൻ പാടുള്ളതല്ലെന്ന് പറയുകയാണ് കങ്കണ റണാവത്. തന്റെ പുതിയ ചിത്രമായ മെന്റൽ ഹെയ് ക്യായുടെ വിശേഷങ്ങൾക്കിടയിലാണ് താരത്തിന്റെ തുറന്ന് പറച്ചിൽ.

'കഴിഞ്ഞ കുറച്ച് വർഷങ്ങളായി ജീവിതം എന്റെ മുന്നിൽ തുറന്ന് കാണിച്ചത് എന്തെന്നാൽ വ്യത്യസ്തയായി ഇരിക്കുക എന്നതിൽ ഒരുപാട് നിഗൂഢതകൾ ഉണ്ടെന്നുള്ള തിരിച്ചറിവായിരുന്നു. ഭ്രാന്തി, മനോരോഗി ഈ വാക്കുകളായിരുന്നു എന്നെ അപമാനിക്കുന്നതിനായി അന്ന് ഉപയോഗിച്ചിരുന്നത്. പക്ഷേ ഇവ ഒരിക്കലും ശാപവചനകളായി ഉപയോഗിക്കാൻ പാടുള്ളതല്ല.

ഈ തിരക്കഥ വന്നപ്പോൾ എനിക്കറിയാമായിരുന്നു ഇതിന് ചുറ്റുമുള്ള നിഗൂഢതകൾ പൊളിച്ചെടുക്കാൻ ഞാൻ ഈ കഥാപാത്രം തിരഞ്ഞെടുക്കണമായിരുന്നു എന്ന്. നമ്മൾ വ്യക്തിത്വം ആഘോഷമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആളുകളെ ദയനീയവും സഹാനുഭൂതിയും ആവശ്യപ്പെടുന്ന പ്രതീകങ്ങളായി ഞങ്ങൾ കാണിക്കില്ല. ഈ പ്രശ്‌നം ഞങ്ങൾ കാര്യഗൗരവത്തോട് കൂടി തന്നെ അവതരിപ്പിക്കും. വ്യക്തിത്വം പ്രകടിപ്പിക്കുന്നതിനെ ഭ്രാന്തായി കണക്കാക്കുന്നതിന് എതിരേയാണ് ഈ ചിത്രം നിലകൊള്ളുന്നതെന്ന് കങ്കണ പറഞ്ഞു.