ന്യൂഡൽഹി: താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത ആരാധികയാണെന്ന് ബോളിവുഡ് താരം കങ്കണ റണാവത്. മോദിയുടെ വിജയം ഇന്ത്യയിലെ ജനാധിപത്യത്തിന്റെ വിജയമാണെന്നും കങ്കണ പറഞ്ഞു.

ഒരു ചെറുപ്പക്കാരി എന്ന നിലയിൽ ജീവിതത്തിൽ വിജയിക്കണമെങ്കിൽ നമുക്ക് കൃത്യമായ മാതൃകാവ്യക്തിത്വങ്ങൾ വേണം. അതായത് സാധാരണ മനുഷ്യർ നേടുന്ന വിജയങ്ങളാണ് എന്നെപ്പോലുള്ള സാധാരണ വ്യക്തിത്വങ്ങൾക്ക് പ്രചോദനമാകുന്നത്. ചായക്കടക്കാരനായിരുന്ന ഒരു പ്രധാനമന്ത്രിയാണ് നമുക്ക് മുന്നിലുള്ളത്. ഇത് മോദിയുടെ വിജയമല്ല ജനാധിപത്യത്തിന്റെ വിജയമാണ് എന്ന് പറയാനാണ് കൂടുതൽ ഇഷ്ടം.

ഞാൻ മതത്തിൽ വിശ്വസിക്കുന്നില്ല. ഞാൻ ഇന്ത്യക്കാരിയാണ് എന്ന് പറയാനാണ് കൂടുതൽ ഇഷ്ടപ്പെടുന്നത്. ഈയിടെ ഒരു അഭിമുഖത്തിൽ ഞാൻ ദേശീയവാദിയാണെന്ന് പറഞ്ഞു. അപ്പോൾ എന്നോട് ചിലർ ചോദിച്ചു നിങ്ങൾ അത്തരത്തിലുള്ള വ്യക്തിയാണോ എന്ന്. ഏതു തരത്തിലുള്ള വ്യക്തി? നിങ്ങൾക്ക് ഇഷ്ടമുണ്ടെങ്കിൽ മാത്രം നിങ്ങൾ ദേശീയവാദി ആയാൽ മതി.'

'തുറന്ന് പറയാനുള്ള ഭയമാണ് സ്ത്രീകളെ തളർത്തുന്നത്. പക്ഷേ, ഭയത്തെ മറികടന്നാൽ നിങ്ങൾക്ക് വിജയിക്കാം. അതിന് ഒരുപാട് ത്യാഗവും വേദനയും അനുഭവിക്കേണ്ടി വന്നേക്കാമെന്നും കങ്കണ പറഞ്ഞു.