മുംബൈ: അനധികൃത ഓഫീസ് കെട്ടിടം പൊളിച്ചതിന് പിന്നാലെ ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ വസതയിലെ അനധികൃത നിർമ്മാണത്തിനെതിരെ ബ്രിഹന്മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ നോട്ടീസ് നൽകി. മുംബൈ ഘർ മേഖലയിലെ വസതിയിലെ നിയമലംഘനത്തിനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. പാലി ഹില്ലിലെ ഓഫീസിൽ ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ നിയമലംഘനങ്ങൾ കങ്കണയുടെ വസതിയിലുണ്ടെന്ന് ബി.എം.സി അധികൃതർ വ്യക്തമാക്കി.

ഘർ വെസ്റ്റിലെ ഫ്ളാറ്റ് സമുച്ചയത്തിലാണ് കങ്കണ താമസിക്കുന്നത്. ഇവിടെ മുന്ന് ഫ്ളാറ്റുകൾ താരത്തിൻെ്റ പേരിലുണ്ട്. ഈ ഫ്ളാറ്റുകളിലാണ് നിയമലംഘനം കണ്ടെത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബർ 9ന് കങ്കണയുടെ പാലി ഹില്ലിലെ ഓഫീസിലെ അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുമാറ്റിയിരുന്നു.

ഇതിനെതിരെ കങ്കണ മുംബൈ ഹൈക്കോടതിയെ സമീപിക്കുകയും കോർപ്പറേഷൻ നടപടികൾ താൽക്കാലികമായി വിലക്കിക്കൊണ്ട് അനുകൂല ഉത്തരവ് സമ്പാദിക്കുകയും ചെയ്തിരുന്നു. സുശാന്ത് സിങ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ രംഗത്ത് വന്നതോടെയാണ് കങ്കണയും ശിവസേനയും തമ്മിൽ ഏറ്റുമുട്ടലിലായത്.