മുംബൈ: മുംബൈയിൽ ഭരണകൂട ഭീകരതയാണെന്നും താനിപ്പോഴും ജീവനോട് ഇരിക്കുന്നത് തന്നെ ഭാ​ഗ്യമാണെന്നും ബോളിവുഡ് താരം കങ്കണ റണാവത്ത്. ജീവനോടെ രക്ഷപെട്ടു എന്നായിരുന്നു മുംബൈയിൽ നിന്നും തിരിച്ചുപോയ താരത്തിന്റെ പ്രതികരണം. ശിവസേന സോണിയാ സേനയാണെന്ന പഴയ പരമാർശം താരം വീണ്ടും ആവർത്തിച്ചു. മുംബൈയെ പാക് അധീന കശ്മീരിനോട് ഉപമിച്ചത് ശരിവെക്കുന്ന തരത്തിലുള്ള അനുഭവങ്ങളെന്ന് കഴിഞ്ഞ ദിവസങ്ങളിൽ തനിക്ക് നേരിടേണ്ടി വന്നതെന്ന് കങ്കണ മുംബൈയിൽ നിന്ന് നാട്ടിലേക്ക് മടങ്ങവേ വ്യക്തമാക്കിയിരുന്നു.

'ഇപ്പോൾ ഞാൻ രക്ഷപ്പെട്ടതായാണ് തോന്നുന്നത്. ഒരു അമ്മയുടെ സ്പർശനം മുംബൈയിൽ അനുഭവിച്ചിരുന്ന ഒരു സമയം ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഞാൻ ജീവനോടെയിരിക്കുന്നത് തന്നെ ഭാഗ്യമാണ് എന്നുള്ളതാണ് ഇപ്പോഴത്തെ സാഹചര്യം. ശിവസേന സോണിയ സേന ആയി മാറി, മുംബൈ ഭരണകൂടം ഭീകരരായി മാറിയിരിക്കുകയാണ്.' ചണ്ഡിഗഡിൽ വിമാനമിറങ്ങിയ താരം ട്വിറ്ററിൽ കുറിച്ചു. മുംബൈ വിടുന്നത് അത്യധികം ദുഃഖത്തോടെയാണ് എന്ന് താരം നേരത്തേ വ്യക്തമാക്കിയിരുന്നു. 'അത്യധികം ദുഃഖത്തോടെ മുംബൈ വിടുന്നു, നിരന്തരമായ ആക്രമണങ്ങളിലൂടെ ഈ ദിവസങ്ങളിലെല്ലാം എന്നെ ഭയപ്പെടുത്തിയ രീതിയും, എന്റെ ഓഫീസിന് ശേഷം എന്റെ വീടും തകർക്കാനുണ്ടായ ശ്രമവും സുരക്ഷാമുന്നറിയിപ്പുകളും പാക് അധീനകശ്മീർ എന്ന എന്റെ ഉപമ വളരെയധികം ശരിവെക്കുന്നു.' കങ്കണ ട്വിറ്ററിൽ എഴുതി. തന്റെ ഓഫീസ് കെട്ടിടം പൊളിക്കുന്നതിലൂടെ ശിവസേന തന്നോടുള്ള പക വീട്ടുകയാണെന്ന് ആരോപിച്ച് മഹാരാഷ്ട്ര സർക്കാരിനും ശിവസനേക്കുമെതിരെ കങ്കണ വിമർശനമുന്നയിച്ചിരുന്നു.

സുശാന്ത് സിങ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് മുംബൈ പൊലീസിനെയും മഹാരാഷ്ട്ര സർക്കാരിനെയും കങ്കണ വിമർശിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. വിമർശനങ്ങൾക്ക് പിറകേ മുംബൈയെ പാക് അധീന കശ്മീരിനോട് ഉപമിക്കുകയും ചെയ്തു. ഇത് ശിവസേനയും കങ്കണയും തമ്മിലുള്ള തുറന്ന വാക്‌പോരിലേക്കാണ് എത്തിയത്. ഇതിന് പിന്നാലെ അനധികൃത നിർമ്മാണം ആരോപിച്ച് കങ്കണയുടെ ഓഫീസ് ബൃഹൻ മുംബൈ മുനിസിപ്പൽ കോർപറേഷൻ തകർക്കുകയും ചെയ്തു. തുടർന്നാണ് കങ്കണ നാട്ടിൽ നിന്നും മുംബൈയിലേക്ക് കഴിഞ്ഞ ആഴ്ച എത്തിയത്.

കങ്കണ- ശിവസേന തർക്കം തുടങ്ങുന്നത് ഇങ്ങനെ

സുശാന്ത് സിങ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് മുംബൈ പൊലീസിനും മഹാരാഷ്ട്ര സർക്കാരിനുമെതിരെ കങ്കണ അതിരൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. തുടർന്ന് കങ്കണയെ തടയുമെന്ന് ശിവസേന പ്രഖ്യാപിച്ചിരുന്നെങ്കിലും താരത്തിന് ഭരണഘടനാനുസൃതമായ സംരക്ഷണം നൽകുന്ന നയമാണ് കേന്ദ്രസർക്കാർ സ്വീകരിച്ചിരിക്കുന്നത്. എന്നും ബിജെപി.ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചിരുന്ന കങ്കണ മുംബൈയ്ക്കും ശിവസേനക്കും പൊലീസിനുമെതിരേ ശക്തമായ വിമർശനമുന്നയിച്ചതാണ് വിവാദമായത്. മുംബൈയിൽ ജീവിക്കാൻ കഴിയില്ലെന്ന കങ്കണയുടെ പ്രസ്താവനയോടെയാണ് മഹാരാഷ്ട്ര സർക്കാരുമായുള്ള കങ്കണയുടെ തുറന്ന പോര് ആരംഭിക്കുന്നത്.ജീവിക്കാൻ പറ്റാത്ത ഇടമാണെങ്കിൽ ഇവിടെ താമസിക്കേണ്ടതില്ലെന്ന് ശിവസേന നേതാവ് സഞ്ജയ് റാവുത്ത് തിരിച്ചടിച്ചു. പിന്നീട് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖും ഇതേ നിലപാടെടുത്തു. മുംബൈയെ പാക് അധീന കശ്മീരിനോട് ഉപമിച്ചാണ് കങ്കണ ഇതിനോട് പ്രതികരിച്ചത്. ഇതോടെ പിന്നീട് വലിയ നിയമയുദ്ധത്തിലേക്ക് ബി.എം.സി. കടക്കുകയായിരുന്നു.

നടിയുടെ ചലച്ചിത്ര നിർമ്മാണ കമ്പനിയായ മണിക‌‌ർണിക ഫിലിംസിന്റെ ഓഫീസ് ബൃഹദ് മുംബയ് കോർപറേഷൻ (ബി.എം.സി.) ബുൾഡോസർ കൊണ്ട് ഇടിച്ചുനിരത്തിയാണ് ശിവസേന പ്രതികാരം ചെയ്തത്. ബാന്ദ്ര പാലി ഹിൽസിലുള്ള മന്ദിരത്തിലെ ശുചിമുറി ഓഫീസ് ക്യാബിനാക്കി, ഗോവണിക്കു സമീപം ശുചിമുറി നിർമ്മിച്ചു തുടങ്ങി ഒരു ഡസനിലധികം അനധികൃത നിർമ്മാണങ്ങളെക്കുറിച്ച് 24 മണിക്കൂറിനകം വിശദീകരണം ആവശ്യപ്പെട്ട് നടിക്ക് കോർപറേഷൻ നോട്ടീസ് നൽകിയിരുന്നു. പിന്നാലെ അധികൃതർ കെട്ടിടം പുറത്തു നിന്നും അകത്തു നിന്നും പൊളിക്കുകയായിരുന്നു. അനധികൃത നിർമ്മാണമല്ലെന്നും കൊവിഡിന്റെ പശ്ചാത്തലത്തിൽ സെപ്‌റ്റംബർ 30 വരെ പൊളിക്കലിന് വിലക്കുണ്ടെന്നും കാട്ടി കങ്കണ കോടതിയെ സമീപിച്ചതിനെ തുടർന്ന്, ഉടമ സ്ഥലത്തില്ലാത്തപ്പോൾ കെട്ടിടത്തിൽ അതിക്രമിച്ചു കയറി പൊളിക്കരുതെന്ന് കോടതി മുംബയ് കോർപ്പറേഷനെ വിലക്കുകയും ചെയ്തു. ഇതിന് പിന്നാലെ ശിവസേനയെ രൂക്ഷമായി വിർശിച്ച് താരം രംഗത്തെത്തുതയായിരുന്നു.

കങ്കണ

1987 മാർച്ച് 20ന് സ്‌കൂൾ ടീച്ചറായ ആശയുടെയും ബിസിനസ്സുകാരനായ അമർദീപിന്റെയും മകളായി ഹിമാചലിലാണ് കങ്കണയുടെ ജനനം. ഹിമാചൽ പ്രദേശിലെ മണ്ടി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഭംബ്ല എന്ന ഗ്രാമത്തിലാണ് കങ്കണ ജനിച്ചത്. കങ്കണ തന്റെ വിദ്യഭ്യാസകാലം കൂടുതലായും ചിലവഴിച്ചത് ഷിംലയിലാണ്. പഠനം കഴിഞ്ഞ് നാടകത്തിലാണ് അവൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഡൽഹിയിലുള്ള അസ്മിത നാടക സംഘത്തിലെ നാടകങ്ങളിലൂടെയാണ് കലാജീവിതം ആരംഭിക്കുന്നത്. ഇവിടെ വച്ചാണ് അവൾ ശ്രദ്ധിക്കപ്പെടുന്നത്.

കങ്കണയുടെ ആദ്യ ഹിന്ദി ചലച്ചിത്രം പ്രശസ്ത ബോളിവുഡ് സംവിധായകനായ മഹേഷ് ബട്ട് സംവിധാനം ചെയ്ത ഗ്യാങ്സ്റ്റർ ആയിരുന്നു. 2006-ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്.. കങ്കണയുടെ വേഷവും ചിത്രത്തിലെ അഭിനയം വളരെയേറെ ശ്രദ്ധിക്കപ്പെടുകയും ചിത്രം നല്ല രീതിയിൽ വിജയിക്കുകയും ചെയ്തു. തുടർന്നും ധാരാളം ചിത്രങ്ങളിൽ അഭിനയിച്ചു. വോ ലംഹേ (2006), ലൈഫ് ഇൻ എ മെട്രോ, ഫാഷൻ, തുടങ്ങിയ ചിത്രങ്ങൾ കങ്കണയുടെ വിജയചിത്രങ്ങളിൽ ചിലതാണ്. പ്രശസ്ത സംവിധായകനായിരുന്ന ജീവ സംവിധാനം ചെയ്ത ധാം ധൂം എന്ന ചിത്രമാണ് കങ്കണയുടെ ആദ്യ തമിഴ് ചലച്ചിത്രം. ഫിലിം ഫെയർ അവാർഡുകൾ അടക്കമുള്ള നിരവധി അവാർഡുകളും അവർക്ക് കിട്ടിയിട്ടുണ്ട്.

പക്ഷേ അഭിനയത്തേക്കാൾ ഉപരിയായി കങ്കണ ഇപ്പോൾ ശ്രദ്ധിക്കപ്പെട്ടത് അവരുടെ വിവാദ ട്വീറ്റുകളിലൂടെ ആയിരുന്നു. നടൻ സുശാന്ത് സിങ്് രജ്പുതിന്റെ മരണത്തിന് പിന്നിലെ രഹസ്യങ്ങൾ കണ്ടെത്താൻ അവർ നിരന്തരം ഇടപെട്ടു. സുശാന്തിന്റെ കഴിവിനെ ബോളിവുഡ് അംഗീകരിച്ചിരുന്നില്ലെന്നും ഖാൻ- കപുർ ടീമിന്റെ സ്വജനപക്ഷപാതിത്വത്തിന്റെ ഇരയാണ് സുശാന്ത് എന്നും ആദ്യം പറഞ്ഞത് കങ്കണയാണ്. ഇത് വലിയ കൊടുങ്കാറ്റാണ് ഹിന്ദി സിനിമയിൽ ഉണ്ടാക്കിയത്.

ശിവസേന

19 ജൂൺ 1966- ലാണ് ശിവസേന ജന്മം കൊള്ളുന്നത്. തന്റെ നാൽപ്പതാം വയസ്സിലാണ് ശിവസേനക്ക് ബാൽ താക്കറെ രൂപം നൽകുന്നത്. ഛത്രപതി ശിവാജിയുടെ സേന എന്ന അർഥത്തിലാണ് ബാൽതാക്കറെയുടെ പിതാവ് ആ പാർട്ടിക്ക് ശിവസേന എന്ന് നാമകരണം ചെയ്തത്. ്മറാത്തി ജനതക്ക് മറ്റ് ദേശീയ ജനവിഭാഗത്തിൽനിന്ന് അവഗണന നേരിടുകയാണെന്ന വൈകാരിക മുദ്രാവാക്യമാണ് താക്കറെ ഉയർത്തിയത്. അച്ഛൻ പ്രബോദൻകർ താക്കറെ പത്രാധിപരായിരുന്ന മാസികയ്ക്ക് ബ്രാഹ്മണവിരോധമായിരുന്നു മുതൽക്കൂട്ടെങ്കിൽ മകൻ താക്കറെയുടെ മാസിക മാർമിക് മഹാരാഷ്ട്രക്കാരുടെ വൈകാരികതയെയാണ് പരമാവധി ചുഷണംചെയ്തത്.

പതിറ്റാണ്ടുകളായി ബിജെപിയുമായി ഉണ്ടായിരുന്ന ബന്ധം അവസാനിപ്പിച്ചാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഉദ്ധവ് താക്കറെ മുഖ്യമന്ത്രി പദത്തിനായി കോൺഗ്രസുമായും സഖ്യം ഉണ്ടാക്കിയത്. തിരഞ്ഞെടുപ്പിൽ ബിജെപി - ശിവസേന സഖ്യം ഭൂരിപക്ഷം നേടിയെങ്കിലും ബിജെപി പ്രതിപക്ഷമായി മാറുകയായിരുന്നു. ഇത് സമീപകാലത്ത് ബിജെപിക്കേറ്റ ഏറ്റവും വലിയ തിരിച്ചടിയാണ്. മഹാരാഷ്ട്രയിൽ ബിജെപി ഓരോ നീക്കവും നടത്തുന്നത് ശ്രദ്ധയോടെയാണ്. ശക്തമായ പ്രാദേശിക വികാരം നിലനിൽക്കുന്ന സംസ്ഥാനത്ത് ദേശീയതയെക്കാൾ മറ്റ് വിഷയങ്ങൾ ഉയർത്തി ശിവസേനയേയും സഖ്യകക്ഷികളേയും ചെറുക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ കങ്കണക്ക് പരമാവധി പിന്തുണ നൽകാനും വിവാദങ്ങളിൽ നിന്ന് താത്ക്കാലികമായി ഒഴിഞ്ഞ് നിൽക്കാനുമാണ് സംസ്ഥാന നേതൃത്വം ശ്രമിക്കുന്നത് എന്നാണ് വിവരം.