റാണി ലക്ഷ്മി ഭായിയുടെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിക്കുന്ന മണികർണികയിൽ ബോളിവുഡ് ക്യൂൻ കങ്കണയാണ് നായികയാവുന്നത്. റാണി ലക്ഷ്മി ഭായി ആയി നടി മാറിക്കഴിഞ്ഞുവെങ്കിലും അപകടമേറിയ ഷൂട്ടിങുകൾക്കിടയിൽ നടക്ക് പരുക്ക് പറ്റുന്നത് തുടർക്കഥയാവുകയാണ്. മുമ്പ്് ഈ ചിത്രത്തിന്റെ ഷൂട്ടിങിനിടെ നടിയുടെ നെറ്റിക്ക് വാളുകൊണ്ട് പരുക്കേറ്റെങ്കിൽ ഇപ്പോൾ വീണ് കാലൊടിഞ്ഞിരിക്കുകയാണ്.

ചിത്രീകരണത്തിനിടെ ചാട്ടം പിഴച്ച് നിലത്ത് വീണാണ് നടിയുടെ കാലിന് പരുക്കേറ്റത്. ജോധ്പൂരിലെ മരൺഗഡ് കോട്ടയിൽ നടന്ന ചിത്രീകരണത്തിനിടെയായിരുന്നു അപകടം. ദാമോദർ എന്ന ദത്തുപുത്രനെ പുറത്തു വച്ചുകെട്ടി ഝാൻസി റാണി കുതിരപ്പുറത്തു 40 അടി ഉയരമുള്ള മുകളിലൂടെ ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് ചാട്ടം പിഴച്ചത്. കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് കങ്കണയ്ക്ക് പരിക്കേറ്റത്.

ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ച കങ്കണയുടെ കണങ്കാലിന് പരിക്കേറ്റിട്ടുണ്ട്. കാലിന് ബാൻഡേജ് ഇട്ടതിനു ശേഷം നടി ആശുപത്രി വിട്ടു. നടിക്ക് ഒരാഴ്ചത്തെ വിശ്രമം വേണമെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.

ചിത്രത്തിലെ ആക്ഷൻ രംഗങ്ങളുടെ ചിത്രീകരണം ഏറെക്കുറേ കങ്കണ പൂർത്തിയാക്കി ക്കഴിഞ്ഞതാണ്. അതിൽ ഏറ്റവും കടുപ്പമുള്ള സീനായിരുന്നു കുതിരപ്പുറത്തെ ചാട്ടം. സഹനടൻ നിഹാർ പാണ്ഡ്യയുടെ വാളുകൊണ്ടാണ് കങ്കണയ്ക്ക് ഇതിന് മുൻപ് ചിത്രീകരണത്തിനിടെ പരിക്കേറ്റത്. കൺപുരികങ്ങളുടെ ഇടയിൽ പതിനഞ്ച് തുന്നിക്കെട്ടിട്ടശേഷമാണ് കങ്കണ ഷൂട്ടിങിന് തിരിച്ചെത്തിയത്.