- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞാൻ ആരുടെയും സ്വകാര്യ ചാറ്റുകൾ വായിക്കാറില്ല; ഗോസിപ്പുകാർക്ക് നാണമില്ലേ? ധാർമ്മിക മൂല്യങ്ങൾക്ക് നിരക്കാത്തതാണ്; അർണബ് ഗോസ്വാമിയുടെ 'ഇറോട്ടോമാനിയ' പരാമർശത്തിൽ പ്രതികരിച്ചു കങ്കണ റണൗട്ട്; റിയയുടെയും ദീപികയുടെയും വാട്ട്സ്ആപ്പ് ചാറ്റുകൾ സൈബർ ഇടത്തിൽ പ്രചരിപ്പിച്ചത് മറന്നോയെന്ന് വിമർശകർ
മുംബൈ: റിപ്പബ്ലിക് ടിവി എംഡി അർണാബ് ഗോസ്വാമിയുടെ വാട്സ്ആപ്പ് ചാറ്റ് വിവാദത്തിൽ പ്രതികരണവുമായി കങ്കണ റണൗട്ട്. കങ്കണയെക്കുറിച്ച് വളരെ മോശമായ പരാമർശമാണ് ചാറ്റിലുള്ളത്. അർണബും ബാർക്ക് മുൻ സിഇഒ പാർത്തോദാസ് ഗുപ്തും തമ്മിൽ നടന്ന ചാറ്റിലാണ് ഹൃതിക്കിനെയും കങ്കണയെയും കുറിച്ചുള്ള പരമാർശങ്ങൾ കടന്നുവന്നത്. നടിക്ക് അമിത ലൈംഗിക താൽപ്പര്യമെന്നായിരുന്നു ഈ പരാമർശനം.
കങ്കണയ്ക്ക് 'ഇറോട്ടോമാനിയ' ആണെന്നായിരുന്നു പരാമർശം. നടിക്ക് ഹൃത്വിക്കിനോട് ലൈംഗികാസക്തിയാണെന്നും പറയുന്നു. കങ്കണ പരിധികടന്നുവെന്നും ഇപ്പോൾ അവരെ ആളുകൾക്ക് പേടിയാണെന്നും ഉടനെ തന്നെ കങ്കണ അവസാനിക്കുമെന്നും പറയുന്നു. കങ്കണയുമായി ബന്ധപ്പെട്ട വിവാദത്തിൽ അർണബ് നടൻ ഹൃത്വികുമായി അഭിമുഖം നടത്തിയതിന് പിന്നാലെയുള്ള വാട്സ് ആപ്പ് സന്ദേശങ്ങളിലാണ് പരാമർശം.
വിവാദങ്ങൾക്ക് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് കങ്കണയിപ്പോൾ. ഗോസിപ്പുകാർക്ക് നാണമില്ലേയെന്നും വാട്സ്ആപ്പ് ചാറ്റുകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നത് ധാർമ്മിക മൂല്യങ്ങൾക്ക് നിരക്കാത്തതാണെന്നും അവർ ട്വിറ്ററിലൂടെ പറഞ്ഞു.
''ആരുടെയെങ്കിലും സ്വകാര്യ ചാറ്റുകൾ, കത്തുകൾ, മെയിലുകൾ, ചിത്രങ്ങൾ, വീഡിയോകൾ തുടങ്ങിയവ ഇതുവരെ ഞാൻ നോക്കിയിട്ടില്ല. ഇത് ധാർമ്മിക മൂല്യങ്ങൾ, സ്വഭാവം, ആത്മാഭിമാനം എന്നിവയുമായി ബന്ധപ്പെട്ട വിഷയമാണ്. ലിബറലുകൾക്ക് ഇത് മനസിലാകില്ല. ലിബറലുകളും ഗോസിപ്പ് പ്രചാരകരും രാജ്യത്തിന്റെ അന്തരീക്ഷം നശിപ്പിച്ചു. മറ്റുള്ളവരുടെ ചാറ്റുകളും ഇമെയിലുകളും വായിക്കുന്നത് നിർത്തുക- കങ്കണ കുറിച്ചു.
കങ്കണയ്ക്ക് മറുപടിയുമായി ഒട്ടനവധിപേർ രംഗത്ത് വന്നു. റിയ ചക്രബർത്തിയുടെയും ദീപിക പദുക്കോണിന്റെയുമടക്കം വാട്ട്സ്ആപ്പ് ചാറ്റുകൾ വായിക്കുകയും അവ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത് എന്തുകൊണ്ടായിരുന്നുവെന്നും വിമർശകർ ചോദിക്കുന്നു. വാട്സാപ്പ് ചാറ്റുകൾ പുറത്തുവന്നതിനുപിന്നാലെ പാർഥോ ദാസ് ഗുപ്ത ചികിത്സയിലാണ്. രക്തസമ്മർദം കൂടുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുകയും ചെയ്തതോടെയാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ടി.ആർപി. തട്ടിപ്പുമായി ബന്ധപ്പെട്ട് ഡിസംബർ 24-ന് പൊലീസ് അറസ്റ്റുചെയ്ത പാർഥോ ദാസ് മുംബൈ തലോജ ജയിലിലായിരുന്നു.
അച്ഛനെ മനഃപൂർവം അപകടപ്പെടുത്താൻ പൊലീസ് ശ്രമിച്ചെന്നാണ് പാർഥോ ദാസിന്റെ മകളുടെ ആരോപണം. അച്ഛന്റെ ജീവൻ രക്ഷിക്കണമെന്ന് ട്വിറ്ററിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർത്ഥിക്കുകയുംചെയ്തു. പുൽവാമ ഭീകരാക്രമണത്തിന് തിരിച്ചടിനൽകാൻ പാക്കിസ്ഥാനിലെ ബാലാക്കോട്ടിൽ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തെക്കുറിച്ചും ജമ്മുകശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളയുന്നതിനെക്കുറിച്ചും റിപ്പബ്ലിക് ടി.വി. എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്ക് മുൻകൂട്ടി അറിവുണ്ടായിരുന്നെന്ന് വ്യക്തമാക്കുന്ന വിധത്തിലായിരുന്നു പുറത്തുവന്ന വാട്സ് ആപ്പ് ചാറ്റുകൾ.
മോദിസർക്കാർ പൊതുതിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുമ്പോഴാണ് പുൽവാമയിൽ ഭീകരാക്രമണത്തിൽ 40 സൈനികർ കൊല്ലപ്പെട്ടത്. ഈ ആക്രമണത്തിൽ നമ്മൾ ജയിച്ചുകഴിഞ്ഞു എന്നാണ് ഭീകരാക്രമണമുണ്ടായ ഉടനെ പാർഥോ ദാസ്ഗുപ്തയ്ക്ക് അയച്ച വാട്സാപ്പ് സന്ദേശത്തിൽ അർണബ് പറയുന്നത്. ഇത് വലിയ ആൾക്ക് ഗുണം ചെയ്യുമെന്നും തിരഞ്ഞെടുപ്പിൽ അദ്ദേഹം വൻവിജയം നേടുമെന്നും പിന്നീടദ്ദേഹം വിശദീകരിക്കുന്നു.
റിപ്പബ്ലിക് ചാനലിന്റെ ടി.ആർ.പി. റേറ്റിങ് കൂടാനും ഭീകരാക്രമണം സഹായിച്ചെന്ന് അർണബ് പറയുന്നുണ്ട്. പുൽവാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി ബാലാക്കോട്ടിൽ ഇന്ത്യ മിന്നലാക്രമണം നടത്താൻപോകുന്ന കാര്യം മൂന്നുദിവസംമുമ്പ് അർണബ് അറിഞ്ഞിരുന്നാണ് വാട്സാപ്പ് ചാറ്റുകൾ സൂചിപ്പിക്കുന്നത്. വലിയ ചിലകാര്യങ്ങൾ നടക്കാൻപോകുന്നു എന്ന് ദാസ്ഗുപ്തയ്ക്കയച്ച സന്ദേശത്തിൽ അർണബ് പറയുന്നു. ദാവൂദാണോ എന്ന ചോദ്യത്തിന് അല്ല പാക്കിസ്ഥാനാണ് എന്ന് മറുപടിനൽകുന്നു. ജനങ്ങളെ ഹർഷോന്മത്തരാക്കുന്ന ആക്രമണമായിരിക്കും അതെന്നും അർണബ് പറയുന്നു.
പ്രധാനമന്ത്രിയുടെ ഓഫീസിലുള്ളത് നമ്മുടെ സ്വന്തം ആളുകളാണെന്ന് ദാസ്ഗുപ്തയുമായുള്ള സംഭാഷണത്തിൽ അർണബ് അവകാശപ്പെടുന്നുണ്ട്. കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളയാനുള്ള കേന്ദ്രതീരുമാനത്തെക്കുറിച്ച് അർണബിന് മുൻകൂട്ടി വിവരം ലഭിച്ചിരുന്നെന്ന സൂചനയും അതിലുണ്ട്. കേന്ദ്രതീരുമാനം വരുന്നതിന് രണ്ടുദിവസം മുമ്പുതന്നെ അർണബ് ടി.വി. സംഘത്തെ ശ്രീനഗറിലേക്ക് അയച്ചിരുന്നതായും സൂചനയുണ്ട്. ടി.ആർ.പി. തട്ടിപ്പുകേസ് ഒതുക്കുന്നതിന് ജഡ്ജിക്ക് കോഴ നൽകാൻ അർണബിനെ ദാസ്ഗുപ്ത ഉപദേശിക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായി നിയമനം നേടിത്തരാൻ അദ്ദേഹം അർണബിനോട് അപേക്ഷിക്കുന്നുമുണ്ട്.
മറുനാടന് ഡെസ്ക്