പട്ന: രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ജയിലിലടക്കപ്പെട്ട ഉമർ ഖാലിദിനെയും മീരാൻ ഹൈദറിനെയും കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി കോൺഗ്രസ് നേതാവും മുൻ വിദ്യാർത്ഥി പ്രവർത്തകനുമായ കനയ്യ കുമാർ. ബീഹാറിലെ ശിവനിൽ മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു ഉമറിനെക്കുറിച്ചും മീരാനെക്കുറിച്ചും പ്രതികരിക്കാനുള്ള അനിഷ്ടം കനയ്യ പ്രകടപ്പിച്ചത്.

ഉമർ ഖാലിദിനെയും മീരാൻ ഹൈദറിനെയും കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്ന കനയ്യയുടെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇരുവരേയും കുറിച്ചുള്ള റിപ്പോർട്ടറുടെ ചോദ്യത്തിന് 'മീരാൻ ഹൈദർ എന്റെ പാർട്ടിക്കാരനാണോ?' എന്നാണ് കനയ്യ ചോദിക്കുന്നത്. രാഷ്ട്രീയ ജനതാദളിനൊപ്പമാണെന്ന് റിപ്പോർട്ടർ കനയ്യ കുമാറിനോട് പറഞ്ഞപ്പോൾ 'പിന്നെ എന്തിനാണ് നിങ്ങൾ അയാളെക്കുറിച്ച് എന്നോട് ചോദിക്കുന്നത്?' എന്ന് കനയ്യ ചോദിക്കുന്നുണ്ട്.

ഉമർ ഖാലിദ് കനയ്യയുടെ സുഹൃത്തും പരിചയക്കാരനുമാണല്ലോ എന്ന് റിപ്പോർട്ടർ പറയുമ്പോൾ 'ആരാണ് നിങ്ങളോട് അങ്ങനെ പറഞ്ഞത്?' എന്നായിരുന്നു കനയ്യ തിരിച്ചുചോദിച്ചത്. കഴിഞ്ഞ സെപ്റ്റംബറിലാണ് കനയ്യ സിപിഐ വിട്ട് കോൺഗ്രസിൽ ചേർന്നത്. കേൺഗ്രസില്ലാതെ രാജ്യത്തിന് അതീജീവിക്കാൻ കഴിയില്ലെന്ന് പറഞ്ഞായിരുന്നു കനയ്യ കോൺഗ്രസിലേക്ക് മാറിയത്. എന്നാൽ കോൺഗ്രസിൽ നിന്ന് വലിയ വാഗ്ദാനങ്ങൾ കിട്ടയതിന് പിന്നാലെയാണ് കനയ്യ സിപിഐ വിട്ട് കോൺഗ്രസിനൊപ്പം ചേർന്നതെന്ന ആരോപണവും ഉണ്ടായിരുന്നു.