കോഴിക്കോട്:വെറുമൊരു ഡിഎൻഎ ടെസ്റ്റുകൊണ്ടോ കോടതി ഉത്തരവുകൊണ്ടോ നിർവചിക്കാവുന്നതാണോ മനുഷ്യബന്ധങ്ങൾ? പ്രസവിച്ചതുകൊണ്ട് മാത്രം ഒരു കുഞ്ഞിനോട് അമ്മയ്ക്ക് വൈകാരികമായ അടുപ്പം ഉണ്ടാകണമെന്നുണ്ടോ? പ്രസവത്തിന്റെ ആനുകൂല്യമായി കുഞ്ഞിന് അമ്മയുടെ സ്‌നേഹം കിട്ടിക്കോള്ളുമെന്ന പൊതുബോധം എത്രത്തോളം പ്രസക്തമാണ്? ഒരു ഹോസ്പിറ്റൽ നഴ്‌സിന്റെ ഒരു നിമിഷത്തെ കൈപ്പിഴ മതി നിങ്ങൾ ക്രിസ്ത്യാനിയോ ഹിന്ദുവോ മുസ്ലീമോ ആകാൻ എന്നിരിക്കെ, മതത്തിന്റെ പേരിൽ ഊറ്റംകൊള്ളുന്നത് എത്രമാത്രം അസംബന്ധമാണ്? ഇങ്ങനെ പ്രസക്തമായ ചില ചോദ്യങ്ങളാണ് അരമണിക്കൂർ ദൈർഘ്യമുള്ള 'കനി' എന്ന ഷോർട്ട് ഫിലം ഉന്നയിക്കുന്നത് .

മാധ്യമപ്രവർത്തകനായ ഷൈബിൻ ഷഹാനയുടെ ആദ്യ സംരഭമായ ഈ ചിത്രം ആശുപത്രി ലേബർ റൂമിലെ നഴ്‌സിന് പറ്റാവുന്ന കയ്യബദ്ധത്തിന് അപ്പുറം മതവും ജാതിയും ഒന്നുമല്ലന്നെ് വിളിച്ചുപറയുന്നുണ്ട്.കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചോരക്കുഞ്ഞുങ്ങളെ മാറിപ്പോയതും ഡി.എൻ.എ ടെസ്റ്റിലൂടെ തിരിച്ചുകിട്ടിയതും തുടർന്നുണ്ടാവുന്ന അപ്രതീക്ഷിത സംഭങ്ങളും പ്രമേയമാക്കിയെടുത്ത ചിത്രം മാതൃത്വത്തിന്റെ വൈകാരിക തലത്തിലൂടെയാണ് സഞ്ചരിക്കുന്നത്.

എഴുത്തുാകാരി ഡോ. ശ്രീകല മുല്ലശ്ശേരിയാണ് ചിത്രത്തിന് കഥയൊരുക്കിയിരക്കുന്നത്. നിർമൽ പാലഴി, പാർവതി ആർ കൃഷ്ണ, അമല റോസ് കുര്യൻ എന്നിവരാണ് ചിത്രത്തിലെ മുഖ്യ അഭിനേതാക്കൾ. നടിയും സാമൂഹ്യപ്രവർത്തകയുമായ പാർവതി, എഴുത്തുകാരി ഇന്ദു മേനോൻ എന്നിവർ ചേർന്നാണ് ചിത്രം യുട്യൂബിൽ റിലീസ് ചെയ്തത്. അങ്ങയേറ്റം റിയലിസ്റ്റിക്കല്ല എന്ന് തോന്നുന്ന ഒരു വിഷയത്തെ, അങ്ങയേറ്റം റിയലിസ്റ്റിക്കായി അവതരിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യകേതയെന്നാണ് എഴുത്തുകാരി ഇന്ദുമേനോൻ അഭിപ്രായപ്പെട്ടത്.നക്ഷത്ര ക്രിയേഷൻസിന്റെ ബാനറിൽ ഒരുക്കിയ ചിത്രത്തിൽ, പതിവ് തമാശ വേഷങ്ങൾ വിട്ട് ക്യാരക്ടർ റോളിലത്തെിയ നിർമ്മൽ പാലാഴിയുടെ പ്രകടനമാണ് ഏറ്റവും ശ്രദ്ധയാകർഷിച്ചത്.

കോഴിക്കോട് പ്രസ് ക്‌ളബിൽ നടന്ന റിലീസ് ചടങ്ങിൽ പ്രസിഡന്റ് കെ പ്രേംനാഥ് അധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ യു.കെ കുമാരൻ മുഖ്യാതിഥിയായിരുന്നു. കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് കമാൽ വരദൂർ, ഫിയാഫ് വൈസ് പ്രസിഡന്റ് പി വി ഗംഗാധരൻ, പ്രസ് ക്‌ളബ് സെക്രട്ടറി പി. വിപുൽനാഥ്, മുൻ സെക്രട്ടറി എൻ. രാജേഷ്, വി അബ്ദുൾ റസാക്ക്, എഴുത്തുകാരി ഡോ. ശ്രീകല മുല്ലശ്ശേരി, ഷൈബിൻ ഷഹാന തുടങ്ങിയവർ സംസാരിച്ചു.