പൊതുരംഗത്തുള്ള സ്ത്രീകളെയും വനിതാ പത്രപ്രവർത്തകരെയും സംരക്ഷിക്കാൻ പ്രത്യേക നിയമം വേണം; വ്യക്തിഹത്യയാണ് ഏറ്റവും വലിയ ആയുധം; സ്ത്രീ ശാക്തീകരണത്തിന് എല്ലാ രാഷ്ട്രീയ പാർട്ടികളും ഒന്നിച്ചു നിൽക്കണം എന്നും കേരള നിയമസഭയിൽ കനിമൊഴി എംപി
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: രാഷ്ട്രീയ പ്രവർത്തകരും പത്രപ്രവർത്തകരു മടക്കം പൊതുരംഗത്തുള്ള സ്ത്രീകളെ സംരക്ഷിക്കാൻ പുതിയ നിയമം വേണമെന്നും ഇതിനായി എല്ലാ രാഷ്ട്രീയ പാർട്ടികളും ഒന്നിച്ചു നിൽക്കണമെന്നും ആഹ്വാനം ചെയ്ത് നിയമസഭയിൽ ഫയർബ്രാൻഡായി കനിമൊഴി. പൊതുരംഗത്തുള്ള സ്ത്രീകളുടെ സംരക്ഷണത്തിന് നിലവിൽ നിയമമില്ല. ഇവരെ സാമൂഹ്യ മാധ്യമങ്ങളിലടക്കം അപമാനിക്കുന്നത് തടയാൻ നിയമം കൊണ്ടുവരണം.
വ്യക്തിഹത്യയാണ് സ്ത്രീകൾക്കെതിരായ ഏറ്റവും വലിയ ആയുധം. സ്ത്രീകളെ വീട്ടിലിരുത്താൻ വ്യക്തിഹത്യ എന്ന ആയുധം പ്രയോഗിച്ചാൽ മതി. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ചുള്ള ആസാദി കാ അമൃത് മഹോത്സവ്' പരിപാടിയുടെ ഭാഗമായി പാർലമെന്റിലെയും സംസ്ഥാന നിയമസഭകളിലെയും വനിതാ അംഗങ്ങളുടെ സമ്മേളനത്തിൽ പങ്കെടുക്കാൻ തിരുവനന്തപുരത്ത് എത്തിയതായിരുന്നു കനിമൊഴി. 'ഭരണഘടനയും വനിതകളുടെ അവകാശങ്ങളും' എന്ന ആദ്യ സെഷനിലാണ് കനിമൊഴി ദേശീയ പ്രാധാന്യമുള്ള ആഹ്വാനവുമായി താരമായത്.
നിശബ്ദതയാണ് തങ്ങളുടെ ആയുധമെന്ന് ബഹുഭൂരിപക്ഷം സ്ത്രീകളും കരുതുന്നു. എല്ലാ തടസങ്ങളും ഭേദിക്കുകയാണ് സ്ത്രീകൾ ചെയ്യേണ്ടത്. തങ്ങളുടെ അവകാശത്തിനായി സ്ത്രീകൾ ഒറ്റക്കെട്ടായി മുന്നോട്ടുവന്ന് ശബ്ദമുയർത്തണം. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ നിയമത്തിലൂടെയോ ഭരണഘടനാ ഭേദഗതിയിലൂടെയോ മാത്രം ഇല്ലാതാക്കാനാവില്ല. സ്‌കൂളിൽ നിന്നും വീട്ടിൽ നിന്നും ബോധവത്കരണം തുടങ്ങണം.
പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും 33ശതമാനം വനിതാ സംവരണ ബിൽ പാസാക്കാൻ എല്ലാ പാർട്ടികളും ഒന്നിച്ചുനിന്നിട്ടും നടന്നില്ല. ഒന്നോ രണ്ടോ പാർട്ടികളേ എതിർത്തുള്ളൂ. എന്നിട്ടും ബിൽ പാസായില്ല. മിക്ക പാർട്ടികളും തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ഇക്കാര്യം ഉൾപ്പെടുത്തി. രാജ്യത്ത് സ്ത്രീശാക്തീകരണത്തിനുള്ള ഏക പോംവഴിയാണിത്. മുത്തലാക്ക് നിരോധന ബിൽ പാർലമെന്റ് പാസാക്കിയത് നല്ലത്. എന്നാൽ അപ്പോഴും വനിതകളുടെ ശബ്ദം മുഴങ്ങിക്കേട്ടില്ല. സ്ത്രീകളുടെ ശബ്ദം നിയമനിർമ്മാണ സഭകളിൽ മുഴങ്ങണം.
നിയമനിർമ്മാണ സഭകളിൽ വനിതാ പങ്കാളിത്തം നന്നേ കുറവാണ് 9ശതമാനത്തിൽ താഴെ മാത്രം. ലോകസഭയിൽ 15.3%, രാജ്യസഭയിൽ 12%, സംസ്ഥാന നിയമസഭകളിൽ 9മുതൽ പത്ത് ശതമാനം. എന്നിങ്ങനെയാണ് വനിതാ പ്രാതിനിധ്യം. സ്ത്രീകൾക്കു വേണ്ടി നിയമങ്ങളുണ്ടാക്കുന്നത് പുരുഷന്മാരാണ്. നിയമനിർമ്മാണ സഭകളിൽ സ്ത്രീകളുടെ ശബ്ദം മുഴങ്ങുന്നില്ല. 33ശതമാനം വനിതാ സംവരണം സാദ്ധ്യമാക്കണം. നിയമനിർമ്മാണ സഭകളിൽ വനിതകൾക്ക് തുല്യപ്രാതിനിധ്യം നൽകണം. ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യഅവസരം, തുല്യനീതി, സാമ്പത്തിക അവസരങ്ങൾ എന്നിവ പുരുഷനൊപ്പം സ്ത്രീയ്ക്ക് ലഭിക്കുന്നില്ല.
സ്വാതന്ത്ര്യം കിട്ടി 75 വർഷമായെങ്കിലും ഇന്നും എല്ലാവർക്കും സ്വാതന്ത്ര്യം കിട്ടിയിട്ടില്ല. സ്ത്രീകൾക്ക് തുല്യപങ്കാളിത്തം ഉറപ്പാക്കാൻ രാഷ്ട്രീയ ഇച്ഛാശക്തിയും സാമൂഹ്യ ചിന്താഗതി മാറ്റവുമാണ് അനിവാര്യം. പണ്ടത്തേക്കാൾ സ്ത്രീകൾക്ക് ഇന്ന് കുറേയേറെ അവകാശങ്ങളുണ്ട്. ഇതൊന്നും എളുപ്പത്തിൽ കിട്ടിയതല്ലെന്ന് മനസിലാക്കണം. ഇന്ത്യൻ എയർലൈൻസിൽ 35വയസായാലോ വിവാഹിതരായാലോ വനിതാ ജീവനക്കാർ സ്വയം രാജിവച്ചു പോകണമെന്ന വ്യവസ്ഥയുണ്ടായിരുന്നു. ഭർതൃപീഡനത്തെക്കുറിച്ച് താൻ പാർലമെന്റിൽ ചോദ്യമുന്നയിച്ചപ്പോൾ, ഇന്ത്യൻ സംസ്‌കാരവും പാരമ്പര്യവുമനുസരിച്ച് ഇത് ശരിയാണെന്നായിരുന്നു മറുപടി കിട്ടിയത്. ഇപ്പോൾ ഭർതൃപീഡനം ക്രിമിനൽ കുറ്റമാണെന്ന് കോടതി ഉത്തരവുണ്ടായി. ഭർതൃപീഡനം തെറ്റാണെന്നും തടയണമെന്നും പാർലമെന്റിൽ ഇതുവരെ ഒരു ബില്ലും പാസായിട്ടില്ല- കനിമൊഴി പറഞ്ഞു.
ഇന്ത്യയിൽ വനിതാ ശാക്തീകരണത്തിനുള്ള ഏറ്റവും വലിയ ചുവടുവയ്പായിരുന്നു 1996ൽ ആദ്യമായി പാർലമെന്റിൽ അവതരിപ്പിച്ച വനിതാ സംവരണ ബിൽ. രാജ്യത്തിന്റെ ഭരണത്തിൽ നിർണായക പങ്കാളിത്തം വനിതകൾക്ക് നൽകുകയായിരുന്നു ലക്ഷ്യം. അതിനായി, ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം സീറ്റുകൾ വനിതകൾക്ക് സംവരണം ചെയ്യാനുള്ള ഭരണഘടനാ ഭേദഗതിയാണ് ബില്ലിന്റെ കാതൽ.
വനിതാ ശാക്തീകരണത്തെക്കുറിച്ച് വീറോടെ പ്രസംഗിക്കുമ്പോഴും പുരുഷാധിപത്യമുള്ള ഇന്ത്യൻ രാഷ്ട്രീയ- ഭരണ വ്യവസ്ഥിതി ബില്ലിനെ പൂർണമായും അംഗീകരിക്കാൻ തയ്യാറായിട്ടില്ല. അതുകൊണ്ടാണ് കാൽ നൂറ്റാണ്ടു മുമ്പ് പാർലമെന്റിൽ അവതരിപ്പിച്ച ബില്ല് ഇപ്പോഴും പാസാക്കാനാവാതെ പൊടിപിടിച്ചു കിടക്കുന്നത്. എല്ലാ രംഗങ്ങളിലും വനിതകൾ മുന്നോട്ടു വരുമ്പോഴും തിരഞ്ഞെടുപ്പുകളിൽ അവർക്ക് മതിയായ പ്രാതിനിദ്ധ്യം നൽകാൻ രാഷ്ട്രീയ പാർട്ടികൾ തയ്യാറാവുന്നില്ല. വനിതാ സംവരണം നടപ്പാക്കുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാഴ്‌വാക്കുകളാവുകയാണ് പതിവ്.
ബി. ജെ. പിയും കോൺഗ്രസും സിപിഎമ്മും ഉൾപ്പെടെ പല പാർട്ടികളും കാലാകാലങ്ങളിൽ ബില്ലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ കാര്യത്തോടടുക്കുമ്പോൾ മുടന്തൻ കാരണങ്ങളുണ്ടാക്കി ബിൽ മുടക്കുന്നതാണ് അനുഭവം. ആർ.ജെ.ഡിയും സമാജ്വാദി പാർട്ടിയും ബില്ലിനെ എതിർത്തിരുന്നു. 2018ൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രധാനമന്ത്രി മോദിക്കെഴുതിയ കത്തിൽ ബില്ലിന് കോൺഗ്രസിന്റെ പിന്തുണ ഉറപ്പു നൽകുകയും ബിൽ പാസാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
എന്നാൽ കോൺഗ്രസിന് ഇരട്ടത്താപ്പാണെന്നും ബില്ലിന് ആർ.ജെ.ഡി ഉൾപ്പെടെയുള്ള സഖ്യകക്ഷികളുടെ പിന്തുണ നേടാമോ എന്നുമായിരുന്നു ഇതിനോടുള്ള ബിജെപിയുടെ പ്രതികരണം. 1998 ൽ വാജ്‌പേയി മന്ത്രിസഭയിലെ നിയമമന്ത്രി എം.തമ്പിദുരൈ അവതരിപ്പിച്ച ഒരു ബിൽ വലിച്ചുകീറിയെറിയപ്പെടുകയുണ്ടായി. ഇന്ത്യൻ പാർലമന്റെറി രംഗത്തെ കറുത്ത അധ്യായം.അന്നു വലിച്ചുകീറി എറിയപ്പെട്ടതു കുറച്ചു പേപ്പറുകൾ മാത്രമല്ല; രാജ്യത്തെ സ്ത്രീകളുടെ പ്രതീക്ഷകൾ കൂടിയായിരുന്നു. വനിതാ സംവരണ ബിൽ ആയിരുന്നു അന്ന് ഒരു ആർജെഡി എംപി തട്ടിയെടുത്തും വലിച്ചുകീറിയത്. പിന്നീടും പലപ്പോഴും വനിതാ സംവരണ ബിൽ പല രൂപത്തിൽ അവതരിപ്പിക്കപ്പെട്ടു. കാര്യമായ ഫലമുണ്ടായില്ല.