ന്യൂജേഴ്സി: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ കേരള അസോസിയേഷൻ ഓഫ് ന്യൂജേഴ്സി (കാൻജ് ) ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങൾ സംഘടിപ്പിച്ചു.ഡിസംബർ 4 ഞായറാഴ്‌ച്ച വൈകിട്ട് 5 മണിക്ക് ന്യൂജേഴ്­സിയിൽ എഡിസണിലുള്ള എഡിസൺ ഹോട്ടൽ ബാൻക്വിറ്റ് ഹാളിൽ വച്ചാണ് 'ജിംഗിൾ ബെൽസ്' എന്ന ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങൾ അരങ്ങേറിയത്. 


പ്രമുഖ ഗായകരായ റോഷൻ മാമ്മൻ, പ്രമോദ് പരമേശ്വരൻ എന്നിവർ അവതരിപ്പിച്ച ക്രിസ്മസ് ഗാനങ്ങളോടെയാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്, പ്രസിഡന്റ് ജെയിംസ് ജോർജ് അധ്യക്ഷത വഹിച്ച പൊതുയോഗത്തിൽ സെക്രട്ടറി ദീപ്തി നായർ ഏവരെയും ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങളിലേക്കു സ്വാഗതം ചെയ്തു,

2018 കാലഘട്ടത്തിൽ കാഞ്ചിന്റെ എല്ലാവിധ പ്രവർത്തനങ്ങളിലും സഹായിച്ചു കൂടെയുണ്ടായിരുന്ന ഓരോരുത്തരെയും അഭിസംബോധന ചെയ്തു കൊണ്ടാണ് ജെയിംസ് ജോർജ് തന്റെ അധ്യക്ഷ പ്രസംഗം ആരംഭിച്ചത്, 2018 കാൻജ് ടീമിന്റെ സ്വപ്‌ന പദ്ധതിയായ കാൻജ് കെയർ എന്ന നിർധനർക്ക് വേണ്ടിയുള്ള ഭവന നിർമ്മാണ പദ്ധതിയുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച ഫണ്ട് റൈസിങ് ചെയർമാൻ അനിയൻ ജോർജ്, ദിലീപ് വർഗീസ് , ജിബി തോമസ് മോളൊപ്പറമ്പിൽ, റോയ് മാത്യു തുടങ്ങി എല്ലാ സുമനസുകൾക്കും ജെയിംസ് ജോർജ് നന്ദി അറിയിച്ചു, കേരളത്തിൽ ആഞ്ഞടിച്ച പ്രളയ ദുരിതത്തിൽ അകപ്പെട്ടവരെ സഹായിക്കുന്നതിന് വേണ്ടി ഓണാഘോഷങ്ങൾ ഒക്കെ മാറ്റി വച്ച് കൊണ്ട് നടത്തിയ റീ ബിൽഡ് കേരള ഫണ്ട് റൈസിങ് പ്രോഗ്രാമിന്റെ വിജയത്തിന് പിന്നിൽ ഒറ്റക്കെട്ടായി നിന്ന് പ്രവർത്തിച്ച എല്ലാ വ്യക്തികളെയും അകമഴിഞ്ഞ നന്ദിയോടെ ഓർക്കുന്നതായി ജെയിംസ് പറഞ്ഞു,

വിവിധ കലാകാരന്മാർ അണിയിച്ചൊരുക്കിയ നൃത്ത നൃത്യങ്ങളും പ്രമോദ് പരമേശ്വരൻ ആലപിച്ച ഹൃദ്യമായ ഗാനങ്ങളും ചടങ്ങുകൾക്ക് മാറ്റ് കൂട്ടി,നിരവധി സമ്മാനങ്ങളുമായി വേദിയിലെത്തിയ സാന്റാക്ലോസ്, എട്ടുവീട്ടിൽ ബോയ്‌സ് അവതരിപ്പിച്ച ഡാൻസ്, ജൂഡി പോളിന്റെ നേതൃത്വത്തിൽ അരങ്ങേറിയ ഡാൻസ് തുടങ്ങിയ പരിപാടികൾ ഒക്കെ അതിഥികളുടെ ശ്രദ്ധ പിടിച്ചു പറ്റി,

കഴിഞ്ഞ നാളുകളിൽ എക്‌സിക്യൂട്ടീവ് കമ്മറ്റിയിലും ട്രസ്റ്റി ബോർഡിലുമായി കാൻജിന് വേണ്ടി സേവനമനുഷ്ഠിച്ച വ്യക്തികളെ ചടങ്ങിൽ ആശംസ ഫലകങ്ങൾ നൽകി ആദരിച്ചു, അനിയൻ ജോർജ് , ജിബി തോമസ്, ജയ് കുളമ്പിൽ, റോയ് മാത്യു, ജോസ് വിളയിൽ, മാലിനി നായർ,സ്മിത മനോജ്, ആനി ജോർജ് , സിറിയക് കുന്നത്ത് കൂടാതെ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളും ആശംസാ ഫലകങ്ങൾ ഏറ്റു വാങ്ങി,

കലാപരിപാടികൾക്കുപരിയായി എല്ലാവരും ഒന്നിച്ചു കൂടുന്നതിനും പരിചയങ്ങൾ പുതുക്കുന്നതിനും കാൻജ് ജിംഗിൾ ബെൽസ് ഒരു വേദിയായി, വളരെ ആഹ്ളാദത്തോടെ പരിപാടിയിൽ ഉടനീളം ഉണ്ടായിരുന്ന ജനപങ്കാളിത്തം അതിന് ഉദാഹരണമായിരുന്നു എന്ന് ചടങ്ങിൽ പങ്കെടുത്ത ഫോമാ ട്രഷറർ ഷിനു ജോസഫ്,സെക്രട്ടറി ജോസ് എബ്രഹാം, മാപ് പ്രസിഡന്റ് ചെറിയാൻ കോശി, ഫോമാ പ്രതിനിധി പ്രദീപ് നായർ, യോഹന്നാൻ ശങ്കരത്തിൽ തുടങ്ങിയവർ പറഞ്ഞു.

പ്രസിഡന്റ് ജെയിംസ് ജോർജ്, ജനറൽ സെക്രട്ടറി ദീപ്തി നായർ, ട്രഷറർ ജോസഫ് ഇടിക്കുള, ജോയിന്റ് ട്രഷറർ ബൈജു വർഗീസ്, വൈസ് പ്രസിഡന്റ് ജയൻ എം ജോസഫ്, ജോയിന്റ് സെക്രട്ടറി ജിനേഷ് തമ്പി, സോഫി വിൽസൺ (ചാരിറ്റി അഫയേഴ്‌സ്), സഞ്ജീവ്കുമാർ കൃഷ്ണൻ (പബ്ലിക് ആൻഡ് സോഷ്യൽ അഫയേഴ്‌സ്), ജൂഡി പോൾ (യൂത്ത് അഫയേഴ്‌സ്), സൗമ്യ റാണ (കൾച്ചറൽ അഫയേഴ്‌സ് ) സ്വപ്ന രാജേഷ് (എക്‌സ് ഒഫീഷ്യൽ ) ബസന്ത് എബ്രഹാം (മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ) കൂടാതെ ട്രസ്റ്റി ബോർഡ് ചെയർ പേഴ്‌സൺ ആനി ജോർജ്, ട്രസ്റ്റി ബോർഡ് മെംബറും ഫോമാ ജനറൽ സെക്രട്ടറിയുമായ ജിബി തോമസ് മോളോപറമ്പിൽ, ജോസ് വിളയിൽ,മാലിനി നായർ, റോയ് മാത്യു, അലക്‌സ് മാത്യു, സ്മിത മനോജ് തുടങ്ങിയവർ ഏവർക്കും ക്രിസ്മസ് ന്യൂ ഇയർ ആശംസകൾ നേർന്നു.