- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരൂരിൽ വൻ കഞ്ചാവ് വേട്ട: 40 കിലോഗ്രാം കഞ്ചാവ് പിടികൂടി; പിടികൂടിയത് ക്വാർട്ടേഴ്സിൽ വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവ്; ലോക്ഡൗണിന്റെ മറവിൽ കഞ്ചാവ് വിൽപ്പന തകൃതിയാകുമ്പോൾ നടപടികൾ കർശനമാക്കി എക്സൈസ്
തിരൂർ: തിരൂരിൽ നിന്ന് വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 40 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. കമ്മീഷണർ സ്ക്വാഡ് ഉത്തരമേഖലാ അംഗം പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ഷിബു നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരൂർ ആലുങ്ങലിലെ ക്വാർട്ടേഴ്സിൽ വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 40 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്.
തിരൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സുമേഷിന്റെ നേതൃത്ത്വത്തിൽ കുറ്റിപ്പുറം, പരപ്പനങ്ങാടി എക്സൈസ് റെയ്ഞ്ച് ടീമുകൾ നടത്തിയ സംയുക്ത ഓപ്പറേഷനിലൂടെയാണ് ലോക്ക്ഡൗൺ കാലത്ത് ക്വാർട്ടേഴ്സ് വാടകക്കെടുത്ത് വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തിയത്. നിരവധി വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് 40 കിലോയോളം കഞ്ചാവ് കണ്ടെടുത്തത്. തിരൂർ മുട്ടന്നൂർ ഹോസ്പിറ്റൽ പടി തൊട്ടിവളപ്പിൽ മുഹമ്മദ് കുട്ടിയുടെ മകൻ നവാസിനെ പ്രതിയാക്കി എക്സൈസ് കേസെടുത്തു.
കഴിഞ്ഞ ദിവസം സ്റ്റേറ്റ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പാലക്കാട് ജില്ലയിലെ തൃത്താലയിൽ നിന്ന് സർക്കിൾ ഇൻസ്പെക്ടർ അനികുമാറിന്റെ നേതൃത്ത്വത്തിൽ 80 കിലോഗ്രാം കഞ്ചാവ് ഫാമിൽ സൂക്ഷിച്ചത് കേസെടുത്ത് ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിലെ പ്രതിയെ ചോദ്യം ചെയ്തതിൽ അയൽ ജില്ലയായ മലപ്പുറത്തേക്ക് കഞ്ചാവ് എത്തിച്ചിരുന്നതായി സ്റ്റേറ്റ് സ്ക്വാഡ് വിവരം കൈമാറിയിരുന്നു. രണ്ട് ദിവസങ്ങളായി നടത്തിയ രഹസ്യാന്വേഷണത്തിൽ പൊന്നാനി, തിരൂർ, പരപ്പനങ്ങാടി മേഖലകളിലെ നിരവധി കഞ്ചാവ് കടത്തുകാരെ ചോദ്യം ചെയ്യുകയും ബാച്ച് തിരിഞ്ഞ് വ്യാപക തിരച്ചിൽ നടത്തുകയും ചെയ്തിരുന്നു.
മറുനാടന് മലയാളി ബ്യൂറോ