അബുദാബി: 'മനം കുളിരും സൗഹൃദം, സ്‌നേഹം വിരിയും സംഗമം' എന്ന തലവാചകത്തോട് കൂടി അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ കെ എം സി സി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച 'കാഞ്ഞങ്ങാടൻ സംഗമം' തലവാചകത്തെ അന്വർഥമാക്കി കൊണ്ടുള്ളതായിരുന്നു. ചെയർമാൻ പി കെ അഹമദ് ബല്ലാ കടപ്പുറത്തിന്റെ അധ്യക്ഷതയിൽ കെഎംസിസി യു എ ഇ നാഷണൽ കമ്മിറ്റി യു അബ്ദുള്ള ഫാറൂഖി ഉൽഘാടനം ചെയ്തു. കെ കെ സുബൈർ വടകരമുക്ക് സ്വാഗതവും റിയാസ് സി ഇട്ടമ്മൽ നന്ദിയും പറഞ്ഞു.

തുടർന്ന് വിവിധ കലാ കായിക മത്സരങ്ങൾ അരങ്ങേറി. തികച്ചും വ്യത്യസ്തമായ രീതിയിൽ സംഘടിപ്പിക്കപ്പെട്ട സംഗമത്തിൽ കാഞ്ഞങ്ങാട് മണ്ഡലത്തിലെ യുഎഇയിലുള്ള പ്രവാസികളായ ആയിരങ്ങളാണ്പങ്കെടുത്തത്.പതിറ്റാണ്ടുകൾക്ക് ശേഷം പലർക്കും പരസ്പരം കാണാനും കേൾക്കാനും ആഹ്ലാദം പങ്കിടാനുമൊക്കെയായി ഒരുക്കിയ സംഗമം കാഞ്ഞങ്ങാടൻ സംഗമത്തിലെ വേറിട്ട അനുഭവമായി.

നാല് സ്റ്റാളുകളിലായി കൊതിയൂറും നാടൻ വിഭവങ്ങളായ കപ്പയും ബീഫും, വിവിധ തര അപ്പത്തരങ്ങളും, നാരങ്ങ മിഠായി അടക്കം നാടൻ മധുരങ്ങളും, മസാല മോരും, മാങ്കോ ലസ്സിയും, ഉപ്പിലിട്ട നെല്ലിക്കയും, മാങ്ങയും, പൈനാപ്പിളും, പള്ളിച്ചോറും, പള്ളിക്കറിയും, ബീഫ് ഉലത്തിയത് അടക്കമുള്ള വിഭവങ്ങളാണ് സ്റ്റാളുകളിലൂടെ വിതരണം ചെയ്യപ്പെട്ടത്.

വിവിധ കായിക മത്സരങ്ങളായ വടംവലി, ഷൂട്ടൗട്ട്, ക്രിക്കറ്റ് ഗ്യാപ് ഷോർട്, കാരംസ്, കസേരകളിയും, കലാ മത്സരങ്ങളായ ചിത്ര രചന, മാപ്പിളപ്പാട്ട്, പ്രബന്ധം, അന്താക്ഷരി എന്നിവയും സ്ത്രീകൾക്ക്, മൈലാഞ്ചിയിടൽ, ചിത്ര രചന, ക്വിസ് മത്സരം, എന്നീ മത്സരങ്ങളും അരങ്ങേറി.നാട്ടിൽ നിന്നും വന്ന കലാകാരന്മാരായ മജീഷ്യൻ അക്ഷയ് പ്രസാദ്, ചിത്രകാരൻ അഫ്‌സൽ ആവിയിൽ എന്നിവരുടെ ലൈവ് പ്രകടനവും കാഞ്ഞങ്ങാട് സംഗമത്തിന് പൊലിമ കൂട്ടുന്നതായി.

'യുവാക്കളും സാമൂഹ്യ പ്രതിബദ്ധതയും' എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് കരീം കള്ളാർ നടത്തിയ സെമിനാർ സംഗമത്തിലെത്തിയ യുവാക്കൾക്കു സാമൂഹ്യ ദിശാബോധം നൽകാനുതകുന്ന രീതിയിലേക്ക് ചർച്ചകൾ നീണ്ടു നിന്നു. ഹാഷിം ആറങ്ങാടി മോഡറേറ്റർ ചെയ്ത സെമിനാറിൽ സി ബി കരീം ചർച്ചകൾക്ക് ആരംഭം കുറിച്ചു.

മുസ്ലിം ലീഗ് പാർട്ടിയെ ആസ്പദമാക്കി ഹാഷിം ആറങ്ങാടി അവതരിപ്പിച്ച 'സ്മൃതി പദം' പരിപാടി, ഇന്നലെകളിൽ ഇന്ത്യൻ മണ്ണിൽ മുസ്ലിം ലീഗ് പാർട്ടിക്ക് വേണ്ടി കത്തിജ്വലിച്ച മഹാ മനീഷികളെ യുവ തലമുറക്ക് പരിചയപ്പെടുത്തുന്നതിനും അവരുടെ സ്മരണകൾ അയവിറക്കുന്നതിനും ജന മനസ്സുകളെ ആവാഹിക്കുകയായിരുന്നു. ചിരിച്ചും, കളിച്ചും, ഉല്ലസിച്ചും ആർപ്പു വിളിച്ചും, മത്സരിച്ചും, തിന്നും കുടിച്ചും, രുചിച്ചും സംഗമം ഉത്സവ ലഹരിയിൽ മതിമർന്നിരിക്കുമ്പോഴാണ് ദുബൈ കെഎംസിസി കാസറഗോഡ് ജില്ലാ പ്രസിഡണ്ട് അബ്ദുള്ള ആറങ്ങാടിയുടെ അധ്യക്ഷതയിൽ 'നേതൃസംഗമം' നടന്നത്.

പികെ അഹമദ് സ്വാഗതം പറഞ്ഞ നേതൃ സംഗമത്തിൽ മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം മെട്രോ മുഹമ്മദ് ഹാജിയുടെയും, യു എ ഇ എക്‌സ്‌ചേഞ്ച് സി ഇ ഒ സുധീർ കുമാർ ഷെട്ടി, കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് ജനാബ് എംപി ജാഫർ അടക്കമുള്ള നേതാക്കളുടെയും യു എ ഇ കെഎംസിസി കാഞ്ഞങ്ങാട് മണ്ഡലം നേതാക്കളുടെയും സാന്നിധ്യത്തിൽ വെച്ച് അൽ ഐൻ കെഎംസിസി കാസർഗോഡ് ജില്ലാ ട്രഷറർ അസ്ലം സി എച്ച് വിഷയാവതരണം നടത്തുകയും കാഞ്ഞങ്ങാട്ട് അശരണർക്കും നിലാരംബർക്കും തണലേകാൻ സി എച് സെന്ററിന്റെ പ്രഖ്യാപനം നടത്തുകയും ചെയ്തു.

സി എച്ച് സെന്ററിന്റെ പ്രഖ്യാപനം കാഞ്ഞങ്ങാട്ടുകാർ ഒന്നടങ്കം ആവേശത്തോടും, ഹർഷാരവത്തോടും കൂടി സ്വീകരിച്ചപ്പോൾ കാഞ്ഞങ്ങാടൻ സംഗമം ചരിത്രതാളുകളിലേക്ക് നടന്നു കയറുകയായിരുന്നു.

തുടർന്ന് നടന്ന സമാപന സമ്മേളനം അബൂദാബി കെഎംസിസി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് കെ കെ സുബൈറിന്റെ അധ്യക്ഷതയിൽ മെട്രോ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. യു എ ഇ എക്‌സ്‌ചേഞ്ച് സി ഇ ഒ വൈ. സുധീർ കുമാർ ഷെട്ടി മുഖ്യാഥിതി ആയിരുന്നു. മുസ്ലിം സംസ്ഥാന കൗൺസിൽ അംഗവും, മുൻ യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടുമായിരുന്ന ജനാബ് ബഷീർ വെള്ളിക്കോത്ത് മുഖ്യ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ടും, കാഞ്ഞങ്ങാട് നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ എംപി ജാഫർ ബല്ലാ കടപ്പുറം, മുസ്ലിം ലീഗ് ദേശീയ കൗൺസിൽ അംഗം എ ഹമീദ് ഹാജി, മുസ്ലിം ലീഗ് കാസറഗോഡ് ജില്ലാ കൺസിൽ അംഗവും, കാഞ്ഞങ്ങാട് മണ്ഡലം കെഎംസിസി കോർഡിനേറ്ററുമായ സി മുഹമ്മദ് കുഞ്ഞി ഹാജി, മുസ്ലിം യൂത്ത് ലീഗ് കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറിയും, വൈറ്റ് ഗാർഡ് വളണ്ടിയർ സംസ്ഥാന വൈസ് ക്യാപ്റ്റിയൻ കെ കെ ബദറുദ്ദീൻ, കോടോം-ബേളൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ മുസ്തഫ തായന്നൂർ, വനിതാ ലീഗ് കാസറഗോഡ് ജില്ലാ പ്രസിഡണ്ട് പിപി നസീമ ടീച്ചർ, കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് ഖദീജ ഹമീദ്, എസ്ടിയു നേതാവ് സി എച് സുബൈദ, അബൂദാബി ഇന്ത്യൻ ഇസ്ലാമിക് പ്രസിഡണ്ട് പി ബവാ ഹാജി, അബൂദാബി കെഎംസിസി കാസറഗോഡ് ജില്ലാ പ്രസിഡണ്ട് പൊവ്വൽ അബ്ദുറഹ്മാൻ, ട്രഷറർ ചേക്കു അബ്ദു റഹ്മാൻ ഹാജി, വൈസ് പ്രസിഡണ്ട് എം എം നാസർ കാഞ്ഞങ്ങാട്, ദുബൈ കെഎംസിസി കാസറഗോഡ് ജില്ലാ പ്രസിഡണ്ട് അബ്ദുള്ള ആറങ്ങാടി, വൈസ് പ്രസിഡണ്ട് യൂസുഫ് മുക്കൂട്, മണ്ഡലം പ്രസിഡണ്ട് ഹനീഫ ബാവ നഗർ, സെക്രട്ടറി ഷാജഹാൻ, ട്രഷറർ പി എച് ബഷീർ പാറപ്പള്ളി, വൈസ് പ്രസിഡണ്ട് വിപികെ മുസ്തഫ, ഷാർജ കെഎംസിസി കാസർഗോഡ് ജില്ലാ ട്രഷറർ സി ബി കരീം, വൈസ് പ്രസിഡണ്ട് കരീം കൊളവയൽ, മണ്ഡലം പ്രസിഡണ്ട് ഹംസ മുക്കൂട്, ട്രഷറർ തായൽ നാസർ, അൽ ഐൻ കെഎംസിസി സംസ്ഥാന സെക്രട്ടറി ഇഖ്ബാൽ പരപ്പ, കാസർഗോഡ് ജില്ലാ ട്രഷറർ അസ്ലം സി എച് ബാവാ നഗർ ബഹ്‌റൈൻ കെഎംസിസി കാസറഗോഡ് ജില്ലാ സെക്രട്ടറി മുസ്തഫ ബാവാ നഗർ, ഖത്തർ കെഎംസിസി കാസറഗോഡ് ജില്ലാ ജോയിൻ സെക്രട്ടറി അൻവർ തായന്നൂർ എന്നിവർ പ്രസംഗിച്ചു. റിയാസ് സി ഇട്ടമ്മൽ സ്വാഗതവും, മൊയ്തീൻ ബല്ലാ കടപ്പുറം നന്ദിയും പറഞ്ഞു.