കൊച്ചി;ബാർ അടച്ചിടൽ മുതലാക്കി, കോവിഡ് യാത്ര നിയന്ത്രണങ്ങൾ വകവയ്ക്കാതെ വൻതുക ഈടാക്കി ആവശ്യക്കാർക്ക് അവർ നിർദ്ദേശിക്കുന്ന സ്ഥലത്ത് കഞ്ചാവ് എത്തിച്ചുനൽകിയിരുന്ന രണ്ടുപേരെ എക്സൈസ് സംഘം പിടികൂടി.

400 ഗ്രാം കഞ്ചാവുമായി പെരുന്തൽമണ്ണ കൊളത്തൂർ പുതുവാകുത്ത് വീട്ടിൽ മുഹമ്മദ് സഫീർ, ആലപ്പുഴ ചേർത്തല കുത്തിയതോട് എഴുപുന്ന കുന്നേൽ വീട്ടിൽ മകൻ ഷിജു എന്നിവരെയാണ് എറണാകുളം എക്സൈസ് സർക്കിൾ ഓഫീസിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഇന്നലെ നടത്തിയ റെയ്ഡിൽ പിടികൂടിയത്.

സഫീറിനെ വൈറ്റിലയിൽ നിന്നും ഷിജുവിനെ ഇളംകുളം ചന്ദ്രോദയം ശ്രീ സുബ്രമണ്യസ്വമി ക്ഷേത്രത്തിന് സമീപത്തുനിന്നുമാണ് പിടികൂടിയത്. സ്വന്തമായി വലിക്കാനും ബാക്കിയുള്ളത് വിൽക്കുന്നതിനുമാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നതെന്നും ഒരു ചെറു പൊതിക്ക് 500 രൂപയാണ് ഈടാക്കിയിരുന്നതെന്നും മദ്യം കിട്ടാത്ത സാഹചര്യത്തിൽ കുറച്ചുദിവസമായി കഞ്ചാവിന് നല്ല ഡിമാന്റായിരുന്നെന്നും ചോദ്യം ചെയ്യലിൽ ഇവർ സമ്മതിച്ചതായി അധികൃതർ അറിയിച്ചു.

ആവശ്യക്കാരെന്ന വ്യാജേനേ വിളിച്ചുവരുത്തിയാണ് എക്സൈസ് സംഘം ഇരുവരെയും കുടുക്കിയത്.കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ പ്രത്യേക തയ്യാറെടുപ്പുകളുമായിട്ടാണ് ഉദ്യോഗസ്ഥർ റെയ്ഡിനിറങ്ങിയത്.ഇവരുടെ ഇടപാടുകാർ കൂടുതലും യുവാക്കളായിരുന്നു.ആവശ്യക്കാർക്ക് സാധനം സ്ഥലത്ത് എത്തിച്ചുനൽകുകയായിരുന്നു ഇവരുടെ രീതി.കോവിഡ് യാത്ര നിയന്ത്രണമുണ്ടായിട്ടും അതെല്ലാം അതിജീവിച്ചാണ് കഞ്ചാവ് വില്പന പൊടിപൊടിച്ചിരുന്നത്.

സി ഐ അൻവർ സാദത്ത് പി ഒ രാം പ്രസാദ് ,സിഇഒഎസ് സിദ്ധാർത്ഥ് ,ദീപു തോമസ്, ജെയിംസ്, വിജോ പി ജോർജ് ഡ്രൈവർ സുരേഷ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടകൂടിയത്. സി ഐ യുടെ ആന്റി നർക്കോട്ടിക്ക് സ്പെഷ്യൽ ടാക്സ് ഫോഴ്സിലെ സിഇഒഎസ് സിദ്ധാർത്ഥ് ,ദീപു തോമസ്സ് എന്നിവരുടെ രഹസ്യ വിവരശേഖരണമാണ് ഇവർ വലയിലാവാൻ കാരണം.