- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭൂഗർഭത്തിലേക്കു സംഭരിക്കപ്പെടുന്ന മഴ മറ്റൊരു ചെരിവിലൂടെയാവും ഉരുളായി പുറത്തേക്ക്; കുന്നിൽ ഉയർന്ന് നിൽക്കുന്ന നഗരത്തിൽ വെള്ളം കയറുന്നത് പോലെ അസംഭവ്യമായി കാഞ്ഞിരപ്പള്ളിയിലെ പ്രളയം; ഇത് ആഗോളതാപന ഭീഷണി
കൊച്ചി: കാലാവസ്ഥാ മാറ്റത്തിന്റെ ഫലമായി താഴ്ന്ന പ്രദേശങ്ങളിൽ കടൽവെള്ളം കയറുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ പേമാരിയിൽ ഉയർന്ന പ്രദേശത്തും വെള്ളം കയറുന്നു. കേരളത്തിലെ ആദ്യ ജനപഥങ്ങളിലൊന്നായ കാഞ്ഞിരപ്പള്ളിയിൽ വെള്ളം കയറിയത് ഏവരേയും അമ്പരപ്പിക്കുന്നതാണ്. കുന്നിൽ ഉയർന്നു നിൽക്കുന്ന നഗരത്തിൽ വെള്ളം കയറുന്നതുപോലെ അസംഭവ്യമായ കാര്യമാണത്. ആഗോളതാപനം മുന്നിൽ വയ്ക്കുന്നത് ഈ ഭീഷണികളാണ്.
മണ്ണോ പാറയോ ഇളക്കിയ സ്ഥലത്തുകൂടി ഭൂഗർഭത്തിലേക്കു സംഭരിക്കപ്പെടുന്ന മഴ മറ്റൊരു ചെരിവിലൂടെയാവും ഉരുളായി പുറത്തേക്കു വരുന്നതാണ് പ്രതിസന്ധിയാകുന്നത്. മുണ്ടക്കയം, കാഞ്ഞിരപ്പള്ളി ടൗണുകളിൽ വെള്ളം കയറാനുള്ള കാരണം കനത്ത മഴയെ തുടർന്നുണ്ടായ ഉരുളും മലവെള്ളപ്പാച്ചിലുമാണ്. അണക്കെട്ടുകളില്ലാത്ത നദികളാണ് മണിമലയും മീനച്ചിലും. കേരളത്തിൽ ഏറ്റവും വിശാലമായ മഴപ്രദേശമുള്ള നദികളിലൊന്നാണ് മീനച്ചിൽ.
വാഗമൺകുന്ന് ഉൾപ്പെടെ ഇടുക്കി ജില്ലയുടെ പടിഞ്ഞാറൻ ചെരിവിൽ പെയ്യുന്ന മഴയത്രയും ഒഴുകുന്നത് മീനച്ചിലിലൂടെയാണ്. പാലായിലും മറ്റും വെള്ളം കയറാൻ ഇതു കാരണമായി. ഇന്ന് കേരളാതീരത്ത് ശക്തമായ തിരമാല ഉണ്ടാകാൻ സാധ്യതയുള്ളതായി മുന്നറിയിപ്പ്. കേരളാ തീരത്തിന് പുറമെ കർണാടക, തമിഴ്‌നാട്, ലക്ഷദ്വീപ് തീരങ്ങളിലും ശക്തമായ തിരമാല ഉയരുമെന്ന മുന്നറിയിപ്പുണ്ട്.
രണ്ടര മീറ്റർ മുതൽ 3.3 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ഉള്ളതായാണ് മുന്നറിയിപ്പ്. കേരളാ തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശിയേക്കുമെന്നും മുന്നറിയിപ്പുണ്ട്. മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പുണ്ട്. അതേസമയം അടുത്ത മൂന്ന് ദിവസങ്ങളിൽ 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്.
അതി തീവ്രമഴയ്ക്കു ശമനമുണ്ടാകുമെങ്കിലും ഒറ്റപ്പെട്ട മഴ തുടരുമെന്ന മുന്നറിയിപ്പിന്റെ സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിട്ടുണ്ട്. അപകട സാഹചര്യങ്ങളിൽ പെടാതിരിക്കാനുള്ള മുൻകരുതൽ വേണം. ആവശ്യമായി വന്നാൽ മാറി താമസിക്കാനും അധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കാനും അനാവശ്യ യാത്രകൾ ഒഴിവാക്കാനും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കരസേനയുടെ ഓരോ ടീമുകളെ തിരുവനന്തപുരത്തും, കോട്ടയത്തും വിന്യസിച്ചിട്ടുണ്ട്. എയർഫോഴ്സിനേയും നേവിയെയും അടിയന്തര സാഹചര്യം നേരിടാൻ സജ്ജരാക്കി. സന്നദ്ധസേനയും സിവിൽ ഡിഫൻസും അടിയന്തര സാഹചര്യങ്ങൾ അഭിമുഖീകരിക്കാൻ സജ്ജമായിട്ടുണ്ടന്നും മുഖ്യമന്ത്രി അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ