കാഞ്ഞിരപ്പള്ളി: മധ്യതിരുവിതാം കൂറിലെ പ്രതാപികളായ ക്രൈസ്തവ കുടുംബത്തിലെ സ്വത്തു തർക്കങ്ങളുടെ കഥ പറയുന്ന സിനിമാക്കഥകൾ മലയാളത്തിൽ നിരവധി ഉണ്ടായിട്ടുണ്ട്. ഏറ്റവും ഒടുവിൽ പുറത്തിറങ്ങി ജോജി എന്ന ഫഹദ് ചിത്രത്തിന്റെയും ഇതിവൃത്തം ഇതു തന്നെയായിരുന്നു. സഹോദരങ്ങളുടെ സ്‌നേഹബന്ധത്തിനും അപ്പുറത്തേക്ക് പണവും സമ്പത്തു മാറുമ്പോൾ സാഹോദര്യം മറക്കുന്ന കഥയായിരുന്നു ചിത്രത്തിൽ. സമാനമായ വിധത്തിൽ സിനിമാക്കഥയെ വെല്ലുന്ന വിധത്തിലാണ് കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളിയിലെ കരിമ്പനാൽ കുടുംബത്തിലും സംഭവിച്ചത്.

സഹോദരനെയും മാതൃ സഹോദരനെയും മൂത്ത ജ്യേഷ്ടൻ വെടിവെച്ചു കൊന്നത് കുറച്ചുകാലങ്ങളായി നിൽക്കുന്ന സ്വത്തു തർക്കത്തെ തുടർന്നായിരുന്നു. കാഞ്ഞിരപ്പള്ളി മണ്ണാറക്കയം കരിമ്പനാൽ വീട്ടിൽ രഞ്ജു കുര്യനും (50) മാതൃസഹോദരൻ കൂട്ടിക്കൽ പൊട്ടൻകുളം മാത്യു സ്‌കറിയയുമാണ് ഇന്നലെ വെടിയേറ്റ് മരിച്ചത്. എറണാകുളത്ത് ഫ്‌ളാറ്റ് നിർമ്മാണം അടക്കമുള്ള ബിസിനസുകൾ നടത്തുന്ന ജോർജ് കുര്യനാണ് (പാപ്പൻ 55) ഇവരെ വെടിവച്ചത്.

പ്രദേശത്തെ പേരുകേട്ട കുടുംബക്കാരാണ് കരിമ്പനാൽ തറവാട്ടുകാർ, പാരമ്പര്യ തറവാടികൾ. ജോർജ്ജിന്റെയും രഞ്ജുവിന്റെയും പിതാവായിരുന്നു കുടുംബത്തിന്റെ കാരണവരായിയിരുന്നത്. കരമ്പനയ്ക്കൽ കുര്യൻ -റോസ് ദമ്പതികളുടെ മക്കളാണ് കുര്യനും രഞ്ജുവും. അദ്ദേഹമാണ് കുടുംബത്തിന് സ്വത്തുവഹകളും ബിസിനസും സ്വരുക്കൂട്ടിയത്. സമ്പത്തുകൊണ്ടും പ്രതാപം കൊണ്ടും പേരുകേട്ട കുടുംബത്തിൽ മക്കൾ തമ്മിൽ സ്വരച്ചേർച്ച ഇല്ലാതിരുന്നത് മാതാപിതാക്കലെയും ബുദ്ധിമുട്ടിലാക്കി. വാർധക്യത്തിന്റെ അവശതകളാൾ മാതാപിതാക്കൾ ഇപ്പോൾ വീട്ടിൽ തന്നെ കഴിയുകയാണ്.

രഞ്ജുവും കുര്യനും തമ്മിൽ സ്വന്തുവകൾ സംബന്ധിച്ച് വർഷങ്ങളായി തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. പച്ചക്കാനത്തും മൂന്നാറിലും ,ഊട്ടിയിലും കുടുംബത്തിന് റിസോർട്ടുകൾ ഉണ്ടായിരുന്നു. ഇതിന്റെ നടത്തിപ്പും കുടുംബത്തിലെ മറ്റ് സാമ്പത്തീക വരുമാനങ്ങളും കൈകാര്യം ചെയ്തിരുന്നത് രഞ്ജുവാണ്. പ്രായമായതോടെ മാതാപിതാക്കൾ ബിനസ് കാര്യങ്ങളിൽ ഇടപെടാറുമില്ല. രഞ്ജുവിന്റെ റിസോർട്ട് ബിസിനസ് കുഴപ്പങ്ങളില്ലാതെ മുന്നോട്ടു പോയപ്പോഴും എറണാകുളത്ത് നല്ലനിലയിൽ ബിസിനസ് ചെയ്തിരുന്ന ജോർജ്ജിന്റെ ബിസനസ് താറുമാറായി.

ഫ്‌ളാറ്റ് നിർമ്മാണ രംഗത്തുകൊച്ചി കേന്ദ്രീകരിച്ചായിരുന്നു ഇയാൾ പ്രവർത്തിച്ചു പോന്നത. എന്നാൽ അടുത്തകാലത്തായി എട്ടു കോടി രൂപയുടെ കടബാദ്ധ്യതയിലായിരുന്നു. ഈ സാമ്പത്തിക ബാധ്യത തീർക്കുന്നതിനായി അപ്പൻ എഴുതി നൽകിയ രണ്ടര ഏക്കർ ഭൂമിവിൽക്കാൻ ശ്രമിച്ചപ്പോൾ രഞ്ജു തടസ്സം നിൽക്കുകയായിരുന്നു. കുടുബ വീടിനോട് ചേർന്ന സ്ഥലത്ത് വില്ലാ പ്രൊജക്ട് കൊണ്ടുവന്ന് വിൽപ്പന നടത്തി ബാധ്യത തീർക്കാനായിരുന്നു പദ്ധതി. എന്നാൽ. ഇതിനായി ശ്രമം തുടങ്ങിയപ്പോൾ സഹോദരൻ രഞ്ജു എതിർനീക്കങ്ങളുമായി രംഗത്തെത്തി. ഭൂമി വിൽക്കണ്ടന്നായിരുന്നു രഞ്ജുവിന്റെ നിലപാട്. സ്വത്ത് വിൽക്കാൻ ഒപ്പു വെച്ചു നൽകാൻ സാധിക്കില്ലെന്നും രഞ്ജു നിലപാട് സ്വീകരിച്ചതോട ഇവർ തമ്മിൽ പലട്ടം വാക്കേറ്റവുമാണ്ടായി.

കുടുംബവീടിനോട് ചേർന്ന് 50 സെന്റ് സ്ഥലം ഒഴിച്ചിടണമെന്നതായിരുന്നു രഞ്ജുവിന്റെ ആവശ്യം. ഇതേച്ചൊല്ലി കഴിഞ്ഞ ദിവസവും ഇരുവരും തമ്മിൽ വാക്കുതർക്കം നടന്നിരുന്നു. സഹോദരി രേണു ബംഗളൂരുവിലാണ്. പ്രശ്‌നം പരിഹരിക്കുന്നതിനായി ഇന്നലെ ബന്ധുക്കളും എത്തിയിരുന്നു. ചർച്ചക്കിടെ മാതൃ സഹോദരനും അനുജനെ ന്യായീകരിച്ചു കൊണ്ട് പക്ഷം പിടിച്ചു. ഇതോടെയാണ് വീടിന്റെ ഹാളിൽ ചർച്ച നടക്കുന്നതിനിടെ ജോർജും രഞ്ജുവുമായുള്ള തർക്കം മുറുകിയത്. പ്രകോപിതനായ ജോർജ് കൈവശമുണ്ടായിരുന്ന റിവോൾവർ എടുത്ത് വെടിയുതിർക്കുകയായിരുന്നു.

തലയ്ക്ക് വെടിയേറ്റ രഞ്ജു തത്ക്ഷണം മരിച്ചു. സംഭവസമയം മാതാപിതാക്കളായ ബേബി കുര്യനും മാതാവ് റോസും തൊട്ടടുത്ത മുറിയിലുണ്ടായിരുന്നു. ജില്ലാ പൊലീസ് മേധാവി ഡി.ശില്പ, കാഞ്ഞിരപ്പള്ളി ഡിവൈ.എസ്‌പി എൻ. ബാബുക്കുട്ടൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്. തോക്കു കൈയിൽ കരുതിയാണ് ജോർജ്ജ് എത്തിയത് എന്നാണ് പൊലീസിന്റെ അനുമാനം.

തന്നെ ആക്രമിക്കാൻ ശ്രമിച്ചപ്പോഴാണ് വെടിയുതിർത്തത് എന്നാണ് ജോർജ്ജ് പൊലീസിൽ മൊഴി നൽകിയിരിക്കുന്നത്. എന്നാൽ, സാക്ഷി മൊഴി ജോർജ്ജിന് അനുകൂലമലല്ല. തോക്കുമായി എത്തിയത് എല്ലാം കരുതികൂട്ടിയാണെന്നാണ് പൊലീസും കരുതുന്നത്. പ്രദേശത്തെ പ്രബല തറവാട്ടിലെ സ്വത്തു തർക്കം വെടിവെപ്പിലേക്ക് എത്തിയതിന്റെ ഞെട്ടലിലാണ് നാട്ടുകാർ.