കാഞ്ഞിരപ്പള്ളി: ദളിത് ക്രൈസ്തവരെ മുഖ്യധാരയിലെത്തിച്ച് കൂടുതൽ ശക്തിപ്പെടുത്തുവാൻ അവരുടെ പ്രവർത്തനങ്ങളിൽ വേണ്ടത്ര പരിഗണനയും പ്രോത്സാഹനവും ശ്രദ്ധയും സഭയുടെയും സമൂഹത്തിന്റെയും ഭാഗത്തുനിന്നുണ്ടാകണമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ. രൂപതാ പാസ്റ്ററൽ കൗൺസിൽ സമ്മേളനം പാസ്റ്ററൽ സെന്റർ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മാർ അറയ്ക്കൽ.  

ദളിത് ക്രൈസ്തവർ സഭയുടെയും സമൂഹത്തിന്റെയും ഭാഗമാണെന്നും അവർക്ക് സാമ്പത്തിക സാംസ്‌കാരിക വിശ്വാസതലങ്ങളിൽ വളർച്ച കൈവരിക്കുന്നതിന് സഭയും സമൂഹവും കൂടെയുണ്ടായിരിക്കണമെന്നും അദ്ദേഹം പാസ്റ്ററൽ കൗൺസിൽ അംഗങ്ങളെ ഉദ്‌ബോധിപ്പിച്ചു. മാറിമാറിവരുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇവരുടെ പ്രശ്‌നങ്ങൾക്ക് കൂടുതൽ പരിഗണന കൊടുക്കണം. എങ്കിൽ മാത്രമേ ദളിത് സഹോദരങ്ങളുടെ സമഗ്രമായ വളർച്ച പ്രായോഗികമാകുകയുള്ളൂവെന്നും മാർ മാത്യു അറയ്ക്കൽ കൂട്ടിച്ചേർത്തു.   
 
പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ. മാത്യു പായിക്കാട്ട് സമ്മേളത്തിൽ അദ്ധ്യക്ഷതവഹിച്ചു. സിഞ്ചെല്ലൂസ് ഫാ. ജസ്റ്റിൻ പഴേപറമ്പിൽ സ്വാഗതം ആശംസിച്ചു. പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി അഡ്വ. എബ്രഹാം മാത്യു പന്തിരുവേലിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഡിസിഎംഎസ് രൂപതാ പ്രസിഡന്റ് ടിജെ എബ്രഹാം രചിച്ച ''പിഎം മർക്കോസും ദളിത് ക്രൈസ്തവ സമരവും വർത്തമാനകാല വിലയിരുത്തലുകളും'' എന്ന പുസ്തകത്തിന്റെ പ്രകാശനകർമ്മം മാർ മാത്യു അറയ്ക്കൽ പാസ്റ്ററൽ കൗൺസിൽ മുൻ സെക്രട്ടറി ഷെവലിയർ വിസി സെബാസ്റ്റ്യന് നൽകി പ്രകാശനം ചെയ്തു.  

തുടർന്ന് പാല രൂപത ഡിസിഎംഎസ് ഡയറക്ടർ ഫാ. സ്‌കറിയ വേകത്താനം 'ദളിത് ക്രൈസ്തവരുടെ പ്രശ്‌നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം' എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു. പ്രാർത്ഥനാ ശുശ്രൂഷകകൾക്ക് ഡിസിഎംസ് രൂപതാ  ഡയറക്ടർ റവ. ഫാ. ജോസുകുട്ടി ഇടത്തിനകം നേതൃത്വം നൽകി. സമ്മേളനത്തോടനുബന്ധിച്ച് നടന്ന ചർച്ചകൾക്ക് സിഞ്ചെല്ലൂസ് റവ. ഡോ. ജോസ് പുളിക്കൽ മോഡറേറ്ററായിരുന്നു. രൂപതാ ചാൻസലർ റവ. ഡോ. കുര്യൻ താമരശ്ശേരി, പ്രൊക്യുറേറ്റർ റവ. ഫാ. മാർട്ടിൻ വെള്ളിയാംകുളം, ജോർജുകുട്ടി അഗസ്തി തുടങ്ങിയവർ സമ്മേളനത്തിന് നേതൃത്വം നൽകി.