സ്രായേൽ-ഫലസ്തീൻ സംഘർഷത്തിൽ ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത്. രാജ്യത്തെ തീവ്ര വലതുപക്ഷക്കാർ ഇന്ത്യ ഇസ്രയേലിനൊപ്പം എന്ന സൈബർ ക്യാപെയിൻ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് കങ്കണയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി.

ഇന്ത്യക്ക് ആവശ്യമായ ഘട്ടത്തിൽ യുഎസിന്റെ എതിർപ്പ് പോലും മാനിക്കാതെ ഇസ്രായോൽ മിസൈൽ എത്തിച്ചു തന്നിട്ടുണ്ടെന്ന എഴുത്തുകാരനായ ആനന്ദ് രങ്കനാഥന്റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ടാണ് കങ്കണ ഇന്ത്യ ഇസ്രയേലിനൊപ്പമാണെന്ന് പറഞ്ഞത്. ഇതിന് പുറമെ കോവിഡ് സമയത്ത് രാജ്യത്തിന് വേണ്ട മരുന്നുകൾ രണ്ടാമതായി എത്തിച്ച് തന്നത് ഇസ്രയേലാണെന്നും കങ്കണ പറയുന്നു. അത്യാവശ്യ സമയത്ത് സഹായിച്ച സുഹൃത്തിനൊപ്പമാണ് ഇന്ത്യയെന്നും കങ്കണ കൂട്ടിച്ചേർത്തു. അവർ ഇസ്രയേലിനോട് നന്ദി അറിയിക്കുകയും ചെയ്തു.

കുറച്ച് ദിവസങ്ങളായി ഗസ്സ മുനമ്പിൽ ഇസ്രയേൽ സേന വ്യോമാക്രമണം നടത്തിവരുകയാണ്. ആക്രമണത്തിൽ 9 കുട്ടികളുൾപ്പെടെ 24 ഫലസ്തീൻ പൗരർ കൊല്ലപ്പെടുകയും 106 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മരണ സംഖ്യ ഉയർന്നേക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഗസ്സയിൽ നിന്ന് ഇസ്രയേലിലേക്കും വ്യോമാക്രമണം നടക്കുന്നുണ്ട്. ഇതിൽ ഒരു മലയാളി കൊല്ലപ്പെടുകയും ചെയ്തു.