- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പഞ്ചാബിൽ നടി കങ്കണയുടെ കാർ തടഞ്ഞ് കർഷകരുടെ പ്രതിഷേധം; ഭീഷണികൾ കണ്ട് ഭയപ്പെടില്ലെന്ന് കങ്കണ
ചണ്ഡിഗഡ്: പഞ്ചാബിൽ ബോളിവുഡ് നടി കങ്കണ റനൗട്ടിന്റെ കാർ തടഞ്ഞ് കർഷകരുടെ പ്രതിഷേധം. ചണ്ഡീഗഡ് - ഉന്നാവ് ഹൈവേയിലെ കിരാത്പുറിലാണ് പ്രതിഷേധം അരങ്ങേറിയത്. നിരവധി കർഷകരാണ് നടിയുടെ വാഹനം വളഞ്ഞ് പ്രതിഷേധിച്ചത്. പൊലീസ് സ്ഥലത്തെത്തിയാണ് പ്രതിഷേധക്കാരെ നിയന്ത്രിച്ചത്.
വെള്ളിയാഴ്ച വൈകിട്ട് കിറാത്പുർ സാഹിബിൽവച്ചാണു കൊടികളും മുദ്രാവാക്യം വിളികളുമായി എത്തിയ കർഷകർ നടിയുടെ കാർ തടഞ്ഞത്. കേന്ദ്രസർക്കാർ മൂന്നു കാർഷിക നിയമങ്ങൾ റദ്ദാക്കിയതിനെ വിമർശിച്ച് കങ്കണ രംഗത്തെത്തിയിരുന്നു. ഇതിൽ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് കർഷകരുടെ നടപടി.
പ്രതിഷേധത്തിന്റെ വിഡിയോ കങ്കണ സമൂഹമാധ്യമത്തിൽ പങ്കുവച്ചു. 'ഇവിടെ കർഷകർ എന്ന് അവകാശപ്പെടുന്ന ഒരു സംഘം ആളുകൾ എന്നെ വളഞ്ഞിരിക്കുന്നു. അവർ എന്നെ അധിക്ഷേപിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു.' വിഡിയോ പങ്കുവച്ചുകൊണ്ട് കങ്കണ കുറിച്ചു.
ആൾക്കൂട്ടം പരസ്യമായി മർദിക്കുകയാണ്. എന്നോടൊപ്പം സുരക്ഷാ ജീവനക്കാർ ഇല്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു അവസ്ഥ. ഇവിടുത്തെ സാഹചര്യം അവിശ്വസനീയമാണ്. ഞാൻ ഒരു രാഷ്ട്രീയക്കാരിയാണോ? എന്താണ് ഇങ്ങനെ പെരുമാറുന്നത്? കങ്കണ ചോദിച്ചു.
കർഷക സമരത്തെ താരം പലതവണ വിമർശിച്ചിരുന്നു. ഇൻസ്റ്റഗ്രാമിൽ പോസ്റ്റും ഇട്ടിരുന്നു. അതിനിടെ, തനിക്ക് നേരെ നിരന്തരം ഭീഷണി സന്ദേശങ്ങൾ അയക്കുകയാണെന്നും തന്നെ വധിക്കുമെന്ന് ഒരാൾ പരസ്യമായി ഭീഷണിപ്പെടുത്തിയെന്നും നടി ആരോപിച്ചു. എന്നാൽ ഇത്തരം ഭീഷണികൾ കണ്ട് താൻ ഭയക്കുന്നില്ലെന്നും രാജ്യത്തിനെതിരേ ഗൂഢാലോചന നടത്തുന്നവർക്കെതിരേ ഇനിയും പ്രതികരിക്കുമെന്നും അവർ പറഞ്ഞു. സൈനികരെ കൊല്ലപ്പെടുത്തുന്ന നക്സലുകൾക്കെതിരേയും ഖലിസ്ഥാൻ തീവ്രവാദികൾക്കെതിരേയും താൻ പ്രതികരിക്കുമെന്നും കങ്കണ പറഞ്ഞു.
പ്രതിഷേധസംഘത്തിലെ സ്ത്രീകളുമായി നടത്തിയ ചർച്ചയ്‌ക്കൊടുവിൽ കങ്കണയെ പോകാൻ അനുവദിച്ചു. പഞ്ചാബ് പൊലീസും സിആർപിഎഫും ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി. ഇവർക്കു നന്ദി പറയുന്നതായി കങ്കണ റനൗട്ട് പറഞ്ഞു.
അതേസമയം, സംഭവത്തെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും വിശദവിവരങ്ങൾ ശേഖരിച്ച ശേഷം പ്രതികരിക്കാമെന്നും കർഷക നേതാവ് രാകേഷ് ടികായത് പ്രതികരിച്ചു. കർഷക സമരത്തിനെതിരേ പ്രതികരിച്ചതിന് തനിക്ക് വധഭീഷണിയുണ്ടെന്ന് കങ്കണ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
ന്യൂസ് ഡെസ്ക്