ബാഹുബലി രണ്ടാം ഭാഗത്തിലെ പാട്ടുകളിൽ ശ്രദ്ധേയമായിരുന്നു കൃഷ്ണനെ കുറിച്ചുള്ള ദേവസേനയുടെ ഗാനം.യുവരാജകുമാരിയായ ദേവസേന തന്റെ സ്വന്തം കൊട്ടാരത്തിൽ നിന്ന് അമ്മയോടും സഖിമാരോടുമൊപ്പം കൃഷ്ണനെ സ്തുതിച്ചു പാടുന്നതാണ് പശ്ചാത്തലം. ആ നേരത്തുകൊട്ടാരത്തിലുള്ള ബാഹുബലി പാട്ട് കേട്ടു നിൽക്കുന്നതും അത് അവരുടെ പ്രണയത്തി ലേക്കുള്ള പാതയാകുന്നതുമൊക്കെ ഭക്തിമയമായ ഒരു പാട്ടിലൂടെ ആവിഷ്‌കരിക്കു കയായിരുന്നു.

ഇപ്പോൽ പാട്ടിന്റെ വീഡിയോ ഗാനം പുറത്തിറങ്ങുമ്പോഴും യുട്യൂബിൽ വൻ പ്രേക്ഷക ശ്രദ്ധയാണു നേടുന്നത്. ഒറ്റ രാത്രികൊണ്ട് 10 ലക്ഷത്തിലധികം പ്രാവശ്യമാണു ഈ വീഡിയോ യുട്യൂബ് വഴി ആളുകൾ കണ്ടത്. തെലുങ്ക് ഗാനത്തിന്റെ മലയാളം, തമിഴ് പതിപ്പുകളുടെ വീഡിയോകളോടും സമാന പ്രതികരണമാണ്.

നീളൻ മുടിയുള്ള ദേവസേന തിളങ്ങുന്ന പട്ടു വസ്ത്രങ്ങളും ക്ലാസിക് ഭംഗിയുള്ള ആഭരണങ്ങളു മണിഞ്ഞ് ദീപങ്ങളുടെ പശ്ചാത്തലത്തിൽ ആടിപ്പാടുന്നത് കാണാൻ അതിമനോഹരമാണ്. ചിത്രത്തിൽ അനുഷ്‌ക അവതരിപ്പിക്കുന്ന ദേവസേന എന്ന കഥാപാത്രത്തെ കാണാൻ ഏറെ ഭംഗിയുള്ള രംഗങ്ങളിലൊന്നും ഈ പാട്ടാണ്. കൃഷ്ണ ഭക്തർക്കെല്ലാം പ്രിയങ്കരമാകുന്ന വരകളും പുല്ലാങ്കുഴലിന്റെ സ്വരം പോലെ ചേലുള്ള ഈണവുമാണ് പാട്ടിനും. അതുതന്നെയാണ് ഇത്രയും ജനപ്രീതിക്ക് കാരണമായതും.

എം എം കീരവാണി എഴുതി ഈണമിട്ട കണ്ണാ നിദുരിഞ്ചരാ...എന്നു തുടങ്ങുന്ന ഗാനം പാടിയത് ശ്രീനിഥിയും വി.ശ്രീ സൗമ്യയും ചേർന്നാണ്. മലയാളി ഗായിക നയനാ നായരാണ് പാട്ടിന്റെ തമിഴ് വേർഷൻ കണ്ണാ നീ തൂങ്കടാ പാടിയത്. മലയാളത്തിൽ കണ്ണാ നീ ഉറങ്ങെടാ എന്ന ഗാനം പാടിയത് ശ്വേത മോഹനുമാണ്. മൊഴിമാറ്റ ഗാനങ്ങൾ സൃഷ്ടിക്കാറുള്ള പതിവ് യാന്ത്രികതകളൊ ന്നുമില്ലാത്ത മനോഹരമായ വരികളാണ് തമിഴിലും മലയാളത്തിലുമുള്ളത്. തമിഴിൽ കാർക്കിയും മലയാളത്തിൽ മാങ്കൊമ്പ് രാധാകൃഷ്ണനുമാണ് വരികളെഴുതിയത്.