ബെംഗളൂരു: എഴുപത്തിമൂന്ന് വയസുകാരനായ വ്യവസായിയെ ഹണിട്രാപ്പിൽ പെടുത്തി പണം തട്ടിയ കേസിൽ യുവ നടനും രണ്ട് യുവതികളും പിടിയിൽ. ബെംഗലൂർ ജെപി നഗർ സ്വദേശിയായ യുവ നടൻ യുവരാജാണ് അറസ്റ്റിലായത്. ജെ.പി. നഗർ സ്വദേശിയായ യുവരാജ് (യുവ) ആണ് അറസ്റ്റിലായത്. ഇയാളുടെ പെൺസുഹൃത്തുക്കളായ കാവന, നിധി എന്നിവരെയും പിടികൂടി.

സംഭവത്തിൽ ഏജൻസിയോട് പൊലീസ് പറഞ്ഞത് ഇങ്ങനെയാണ്. കവന എന്ന യുവതിക്ക് വ്യവസായിയെ നാല് വർഷമായി പരിചയമുണ്ട്. കഴിഞ്ഞ ആഴ്ച കവന തന്റെ സുഹൃത്ത് നിഥിയെ ഈ വ്യവസായിക്ക് പരിചയപ്പെടുത്തി.

ഇവർ തമ്മിൽ പിന്നീട് സ്ഥിരമായി വാട്ട്‌സ്ആപ്പിൽ ചാറ്റ് ചെയ്യുമായിരുന്നു. ഒരുഘട്ടത്തിൽ നിഥി തന്റെ ചില നഗ്‌ന ചിത്രങ്ങൾ വ്യവസായിക്ക് അയച്ചുകൊടുത്തു. അതിന് ശേഷം അഗസ്റ്റ് 3ന് ഇവർ കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചു.

നിഥിയുടെ വാക്ക് വിശ്വസിച്ച് പറഞ്ഞ സ്ഥലത്ത് എത്തിയ വ്യവസായിയുടെ കാറിലേക്ക് രണ്ട് യുവാക്കൾ കയറുകയായിരുന്നു. സ്‌പെഷ്യൽ ബ്രാഞ്ച് പൊലീസുകാരാണ് എന്നാണ് ഇവർ പറഞ്ഞത്.

വ്യാവസായിക്കെതിരെ പെൺകുട്ടികൾ പരാതി നൽകിയിട്ടുണ്ടെന്നും. തെളിവായി വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ ഉണ്ടെന്നും. കേസിൽ നിന്ന് പിന്മാറണമെങ്കിൽ രണ്ട് യുവതികൾക്കും പണം നൽകണമെന്നുമാണ് ഇവർ പറഞ്ഞത്.

ഇതോടെ പരിഭ്രാന്തനായ വ്യവസായിയിൽ നിന്ന് ആദ്യം 3.40 ലക്ഷവും, പിന്നീട് 6 ലക്ഷവും. പിന്നീട് വാട്ട്‌സ്ആപ്പ് ചാറ്റുകൾ ബന്ധുക്കൾക്ക് അയക്കുമെന്ന് ഭീഷണിപ്പെടുത്തി 5 ലക്ഷവും തുടർന്നുള്ള ദിവസങ്ങളിൽ ഈ സംഘം വാങ്ങിയെടുത്തു. തുടർന്നും ഭീഷണി തുടർന്നതോടെയാണ് വ്യവസായി ഹൽസാരൂ ഗെയിറ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

തുടർന്ന് പ്രത്യേക അന്വേഷണ സംഘത്തെ തന്നെ നിയോഗിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ യുവതികളുടെ സുഹൃത്തായ യുവ നടൻ യുവരാജാണ് ഈ പദ്ധതി ആസൂത്രണം ചെയ്തതെന്ന് മനസിലായി. ഇയാളാണ് നിഥിയെ വ്യവസായിയുമായി അടുക്കാൻ നിയോഗിച്ചത്. ഇതോടെ ഇയാളെ പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇവർ വേറെയും ആളുകളെ ഹണി ട്രാപ്പിൽ കുടുക്കാൻ പദ്ധതി തയ്യാറാക്കിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിനായി പലരുടെയും വിവരങ്ങൾ ഈ സംഘം ശേഖരിച്ചുവെന്നാണ് ഇവരുടെ ഇടങ്ങളിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ മനസിലായത്. ഇറങ്ങാനിരിക്കുന്ന മി.ഭീംറാവു എന്ന ചിത്രത്തിലെ പ്രധാന വേഷം ചെയ്യുന്ന നടനാണ് യുവരാജ്.