മുംബൈ: കന്നഡ നടിയും മോഡലുമായ പറുൽ യാദവിനെ തെരുവുനായ്ക്കൾ കൂട്ടമായി ആക്രമിച്ചു. സ്വന്തം വളർത്തുനായയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു ആക്രമണം. തലയ്ക്ക് ആഴ്‌ത്തിലുള്ള മുറിവേറ്റ പറുലിനെ ശസ്ത്രക്രിയക്ക് വിധേയയാക്കി. നടി അപകട നില തരണം ചെയ്തിട്ടുണ്ട്.

ആറ് തെരുവുനായ്ക്കളുടെ കടിയേറ്റ് മുഖത്തും കഴുത്തിനും കാലിനും ഗുരുതരമായി പരിക്കേറ്റ നടിയെ മുംബൈ കൊകിലാബെൻ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുക്കകയാണ്. തിങ്കളാഴ്ച വൈകീട്ട് വളർത്തുനായയുമായി പുറത്തിറങ്ങിയപ്പോൾ മുംബൈ ജോഗേശ്വരി റോഡിലെ ഫൽറ്റിന്റെ പുറത്തുവച്ചാണ് ആക്രമിക്കപ്പെട്ടത്. നായ്ക്കൾ വളഞ്ഞുവച്ച് കൂട്ടമായി ആക്രമിക്കുമ്പോൾ ആരും സഹായത്തിനെത്തിയില്ല.

ബോളിവുഡ് ചിത്രമായ ക്യൂനിന്റെ കന്നഡ റീമേക്കിൽ അഭിനയിക്കാനിരിക്കുകയായിരുന്നു പറുൽ. ഡ്രീംസ് എന്ന തമിഴ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച പറുൾ മൂന്ന് മലയാള ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 2005ൽ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രമായ കൃത്യമായിരുന്നു ആദ്യ ചിത്രം. സുരേഷ് ഗോപിയുടെ ബുള്ളറ്റിലും ബ്ലാക്ക് ഡാലിയയിലും നായികയായി. പവിത്ര എന്ന പേരിലാണ് ഈ മൂന്ന് ചിത്രങ്ങളിലും അഭിനയിച്ചത്.