- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഹൻലാലിന്റെ 'കാണ്ഡഹാറിലെ' കാമുകി; മമ്മൂട്ടിയുടെ 'ഫേസ് ടു ഫേസിലെ' നായിക; 2008ലെ മിസ് ഇന്ത്യ മൽസരത്തിൽ റണ്ണർഅപ്പായി തുടക്കം; തൊട്ടടുത്ത വർഷം തന്നെ കന്നഡ സിനിമയിൽ ആരങ്ങേറ്റം; ആദ്യ ചിത്രം ഹിറ്റായതോടെ ഇൻഡസ്ട്രിയുടെ ഭാഗ്യതാരമായി; കന്നടയിലും തെലുങ്കിലുമായി 25ലേറെ ചിത്രങ്ങൾ; വില്ലനായത് വഴിവിട്ട സൗഹൃദവും നിശാപാർട്ടികളും; ബംഗലൂരു മയക്കുമരുന്നുകേസിൽ രാഗിണി ദ്വിവേദി അറസ്റ്റിലാവുമ്പോൾ ഞെട്ടലോടെ തെന്നിന്ത്യൻ സിനിമാലോകം
ബംഗലൂരു: ബിനീഷ് കോടിയേരിയുടെ പേരുവരെ ആരോപിക്കപ്പെട്ട പ്രമാദമായ ബംഗളൂരു മയക്കുമരുന്നുകേസിൽ തെന്നിന്ത്യൻ നടി രാഗിണി ദ്വിവേദി അറസ്റ്റിലാവുമ്പോൾ ഞെട്ടലോടെ സിനിമാലോകം. പൊതുവെ എല്ലാവരുമായി നല്ല ബന്ധങ്ങൾ സൂക്ഷിക്കുന്ന, അറിയപ്പെടുന്ന മോഡലും ആങ്കറും കൂടിയായ രാഗിണിയെന്ന മുപ്പതുകാരിയെ കുടുക്കിയത് വഴിവിട്ട സൗഹൃദങ്ങളാണെന്നാണ് കന്നഡ മാധ്യമങ്ങൾ പറയുന്നത്. സിനിമാ രംഗത്തുതന്നെയുള്ള അവരുടെ ഒരു ബോയ് ഫ്രണ്ടാണ് രാഗിണി നിശാ പാർട്ടികളിലേക്ക് കൂട്ടിക്കൊണ്ടുപോയതത്രേ. അവിടെവെച്ചുണ്ടായ ബന്ധങ്ങൾ ഡ്രഗ് ഡീലിലേക്ക് അടക്കം മാറുകയായിരുന്നു.
സിനിമാക്കാർക്ക് മയക്കുമരുന്ന് എത്തിച്ചരുന്നതിന്റെ കണ്ണിയായും രാഗിണി പ്രവർത്തിച്ചുവെന്ന നാർക്കോട്ട്ക്ക് കൺട്രോൾ ബ്യൂറോയുടെ കണ്ടെത്തലുകൾ ഞെട്ടലാണ് കന്നഡ സിനിമാലോകത്തും ഉണ്ടാക്കിയത്. രാഗിണിയെ ചിലർ കുടുക്കിയതാണെന്നും റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ ഈ നടി ആരുടെയും പേര് പറഞ്ഞിട്ടില്ല. കഴിഞ്ഞ മൂന്നാലുവർഷമായി സിനിമയും മോഡലിങ്ങും ഇവർക്ക് കുറവാണ്. അങ്ങനെ വന്നപ്പോൾ കാമുകനുമായി ചേർന്ന് ഉണ്ടാക്കിയ ബിസിനസ് ആണിതെന്നു ചില കന്നഡ പത്രങ്ങൾ പറയുന്നുണ്ട്. ഇതോടെ രാഗിണിയുമായി ബന്ധമുള്ള നടീ നടന്മാരും സംവിധായകരും ഒരുപോലെ ഭീതിയിലാണ്. നാളെ ആരെ ചോദ്യം ചെയ്യും എന്ന ഭീതിയാണ് എവിടെയും എന്നാണ് കന്നഡ മാധ്യമങ്ങൾ പറയുന്നത്.
പിടിയിലായത് ഹിറ്റ് ചിത്രങ്ങളിലെ നായിക
മലയാളത്തിൽ മോഹൻലാൽ ചിത്രം കാണ്ഡഹാറിലെ കാമുകി വേഷം പ്രേക്ഷകർക്ക് അത്രയൊന്നും പെട്ടെന്ന് മറക്കാൻ കഴിയില്ല. അതുപോലെ മമ്മൂട്ടി ചിത്രം ഫേസ് ടു ഫേസിലെ നായികയും ഇവർ ആയിരുന്നു. മെയ് 24 ന് കർണാടകയിലെ ബാംഗ്ലൂരിൽ ഒരു പഞ്ചാബി കുടുംബത്തിലാണ് രാഗണി ദ്വിവേദി ജനിച്ചത്. അച്ഛൻ രാകേഷ് കുമാർ ദ്വിവേദി ഇന്ത്യൻ ആർമിയിൽ ആർമി ജനറലായിരുന്നു. ചെറിയ പരസ്യ ചിത്രങ്ങളിൽ മുഖം കാണിച്ചു നടന്ന രാഗിണിക്ക് , 2008 ൽ നടന്ന ഫെമിന മിസ്സ് ഇന്ത്യ മത്സരത്തിൽ റണ്ണറപ്പായി തിരഞ്ഞെടുക്കപ്പെട്ടതാണ് വഴിത്തിരവായത്. പിന്നീടങ്ങോട്ട് പ്രമുഖ ഫാഷൻ ഡിസൈനർമാരായ മനീഷ് മൽഹോത്ര, രോഹിത് ബാൽ, സവ്യസാചിി മുഖർജി തുടങ്ങിയരുമായി അവർ പ്രമുഖ ബ്രാൻഡുകളുടെ പരസ്യമോഡലായി. ഈ വർഷം തന്നെ സിനിമയിലും അരങ്ങേറി.
2009 ൽ പുറത്തിറങ്ങിയ വീര മഡകാരി എന്ന ചിത്രത്തിലൂടെ കിച്ച സുദീപ്പിനൊപ്പം അരങ്ങേറ്റം കുറിച്ചൂ. തെലുങ്ക് ചിത്രമായ വിക്രമാർക്കുഡുവിന്റെ റീമേക്കാണ് ആക്ഷൻ കോമഡി. ഈ സിനിമ ഒരു വലിയ വാണിജ്യ വിജയമായി മാറി. വീര മഡാകരിക്ക് കുറച്ച് അവാർഡുകൾ ലഭിച്ചു.അതേ വർഷം തന്നെ ഗോകുല എന്ന സിനിമയിൽ ഹ്രസ്വ വേഷത്തിൽ അഭിനയിച്ചു. 2010 ൽ അഞ്ച് ചിത്രങ്ങളിൽ അഭിനയിച്ചു. അതിൽ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച കാണ്ഡഹാറും ഉണ്ട്. 2011 ൽ പുറത്തിറങ്ങിയ കെംപെഗൗഡ എന്ന ചിത്രത്തിലാണ് കന്നഡ സിനിമയിൽ ബ്രേക്ക് വേഷം. ഇവിടെയും സുദീപിനൊപ്പം അഭിനയിച്ചു. അരക്ഷക, ശിവ, രാഗിണി ഐപിഎസ് തുടങ്ങിയ ചിത്രങ്ങളിലൂടെ അവർ കൂടുതൽ വ്യക്തിമുദ്ര പതിപ്പിച്ചു.രാഗിണി അവസാനമായി വേഷമിട്ടത് 2019 ൽ അമേരിക്കയിലെ കന്നഡ ചിത്രമായ അദ്യക്ഷയിലാണ്. ഇത് അവളുടെ 25-ാമത്തെ ചിത്രമായിരുന്നു. നല്ലവേഷങ്ങൾക്കായി എന്ത് റിസ്ക്കും എടുക്കുന്ന സമയത്തിന് എത്തുന്ന തികഞ്ഞ അച്ചടക്കമുള്ള നടി എങ്ങനെ ഈ നിലയിലെത്തിയെന്നാണ് സഹതാരങ്ങളും അത്ഭുദപ്പെടുന്നത്.
മുന്തിയ ഹോട്ടലുകളിൽ തങ്ങി മയക്കുമരുന്ന് എത്തിച്ച്
ബംഗളൂരൂ സെൻട്രൽ ക്രൈംബ്രാഞ്ച് (സി.സി.ബി) ആണ് രാഗിണിയെ അറസ്റ്റ് ചെയ്തത്. കേസിൽ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) അന്വേഷണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. കേസിൽ ചില നിർണായക വിവരങ്ങൾ എൻ.സി.ബിക്ക് ലഭിച്ചിട്ടുണ്ട്. രാഗിണിയുടെ സുഹൃത്തും സർക്കാർ ഉദ്യോഗസ്ഥനുമായ രവിശങ്കറിനെയും ചോദ്യം ചെയ്തതിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. നടൻ കൂടിയായ രവിശങ്കറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
നഗരത്തിലെ മുന്തിയ ഹോട്ടലുകൾ കേന്ദ്രീകരിച്ചാണ് സിനിമാമേഖലയിലുള്ളവർക്ക് ഇവർ മയക്കുമരുന്ന് എത്തിച്ചിരുന്നത് എന്നാണ് ലഭിക്കുന്ന വിവരം. മയക്കുമരുന്ന് കടത്തിന് അനൂപ് എല്ലായ്പ്പോഴും ആശ്രയിച്ചിരുന്നത് ഡാർക്ക് വെബിനെയാണ്. അമേരിക്ക, കാനഡ എന്നിവിടങ്ങളിൽ നിന്ന് ഡാർക്ക് നെറ്റിലൂടെ ബംഗളൂരു, മുബൈ, ഗോവ, ഡൽഹി എന്നിവിടങ്ങളിലേക്ക് എയർകാർഗോ വഴിയും മയക്കുമരുന്ന് എത്തിച്ചതെന്നു കണ്ടെത്തിയിട്ടുണ്ട്.
ഓഗസ്റ്റ് 21നാണ് കന്നഡ ചലച്ചിത്രമേഖലയിലെ കലാകാരന്മാർക്ക് മയക്കുമരുന്ന് വിതരണം ചെയ്യുന്നവരെന്ന് സംശയിക്കുന്ന സംഘത്തെ എൻസിബി അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്നു സംസ്ഥാനത്തെ സെലിബ്രിറ്റികളുടെയും മോഡലുകളുടെയും പേരുകൾ ഉൾക്കൊള്ളുന്ന ഡയറി കണ്ടെടുത്തിരുന്നു. തുടർന്ന് സംവിധായകൻ ഇന്ദ്രജിത് ലങ്കേഷ് നടന്മാർക്കെതിരേ രംഗത്തെത്തിയിരുന്നു. വെടിയേറ്റുമരിച്ച ആക്റ്റീവിസ്റ്റ് ഗൗരിലങ്കേഷിന്റെ സഹോദരനാണ് ഇന്ദ്രജിത്ത് ലങ്കേഷ്. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ദ്രജിത് ലങ്കേഷിൽ നിന്നു പൊലീസ് തെളിവ് എടുത്തിരുന്നു. മയക്കുമരുന്ന് റാക്കറ്റ് കേസുമായി ബന്ധപ്പെട്ട് കൂടുതൽ അഭിനേതാക്കളെയും കലാകാരന്മാരെയും മോഡലുകളെയും സിസിബി വരും ദിവസങ്ങളിൽ ചോദ്യം ചെയ്യാൻ സാധ്യതയുണ്ടെന്നും അറിയുന്നുണ്ട്.
അന്വേഷണം കേരളത്തിലേക്കും
മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബെംഗളൂരു നഗരത്തിൽ വിവിധയിടങ്ങളിലായി അമ്പതോളം പേരാണ് ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. സീരിയൽ നടി അനിയാണ് കേസിൽ ഒന്നാം പ്രതി. മറ്റൊരു മുഖ്യപ്രതിയായ അനൂപ് മുഹമ്മദിനുവേണ്ടി പണം മുടക്കുന്നത് ബിനീഷാണെന്ന ആരോപണത്തോടെ കേസ് കേരളത്തിൽ രാഷ്ട്രീയ ചർച്ചയാവുകയും ചെയ്തിട്ടുണ്ട്.
ബെംഗളൂരുവിൽ അറസ്റ്റിലായ ലഹരിമരുന്ന് കേസ് പ്രതികൾക്ക് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുമായി അടുത്ത ബന്ധമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസാണ് ആരോപണം ഉന്നയിച്ചത്. സാമ്പത്തിക സഹായം നൽകുന്നത് അടക്കമുള്ള വളരെ അടുത്ത ബന്ധം പ്രതികളുമായി ബിനീഷിന് ഉണ്ടെന്നാണ് ആരോപണം. ലഹരിമരുന്നു കേസിലെ മുഖ്യപ്രതി അനൂപ് മുഹമ്മദിന് ജൂലൈ 10ന് വന്ന കോളുകൾ പരിശോധിക്കണം. ആ ദിവസമാണ് സ്വപ്ന സുരേഷ് ബെംഗളൂരുവിൽ പിടിക്കപ്പെട്ടത്. അനൂപിന്റെ മൊഴിയിൽ നിന്നു തന്നെ ബന്ധം വ്യക്തമാണെന്നും പി.കെ.ഫിറോസ് പറഞ്ഞു.
സ്വർണക്കടത്ത് പ്രതി റമീസുമായും അനൂപിന് ബന്ധമുണ്ടെന്നും ഫിറോസ് ആരോപിച്ചിരുന്നു. എന്നാൽ ബിനീഷിന് മയക്കുമരുന്ന് കേസിൽ നേരിട്ടുള്ള ബന്ധം ആരോപിക്കാൻ കഴിയുന്ന തെളിവുകൾ കിട്ടിയിട്ടില്ല. പക്ഷേ വരും ദിവസങ്ങളിൽ അന്വേഷണം കേരളത്തിലേക്ക് കൂടി നീളുമെന്നാണ് സൂചന.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.