- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിനീഷ് കോടിയേരിയുടെ സുഹൃത്ത് അനൂപ് രണ്ടാം പ്രതിയായ മയക്കുമരുന്ന് കേസ് കർണാടക സിനിമയെ പിടിച്ചു കുലുക്കുന്നു; കേസിൽ കന്നഡ നടി രാഗിണി ദ്വിവേദിയെ ബംഗളുരു ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു; രാഗിണിയുടെ അറസ്റ്റോടെ കന്നഡ ചലച്ചിത്രമേഖലയുമായി മയക്കുമരുന്ന് മാഫിയയ്ക്കുള്ള കൂടുതൽ ബന്ധങ്ങൾ വെളിച്ചത്ത്; അറസ്റ്റു ഭീഷണിയിൽ മറ്റു താരങ്ങളും
ബംഗളുരു: ബിനീഷ് കോടിയേരിയുടെ സുഹൃത്ത് അനൂപ് മുഹമ്മദ് രണ്ടാം പ്രതിയായ മയക്കുമരുന്ന് കേസ് കന്നഡി സിനിമാ ലോകത്തെയും പിടിച്ചു കുലുക്കുന്നു. കേസിൽ പ്രശസ്ത കന്നഡ നടി രാഗിണി ദ്വിവേദിയെ ബംഗളുരു ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു. ബംഗളുരു സിറ്റി പൊലീസിലെ ക്രൈം ബ്രാഞ്ച് ജോയിന്റ് കമ്മീഷണർ സന്ദീപ് പാട്ടീലാണ് ഈ വിവരം വ്യക്തമാക്കിയത്. രാവിലെ മുതൽ നടിയെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്യുകയായിരുന്നു. കേസിൽ നാലാമത്തെ അറസ്റ്റാണ് രാഗിണി ദ്വിവേദിയുടേത്.നടിയുടെ ഫ്ളാറ്റിൽ റെയ്ഡ് നടത്തിയതിനു പിന്നാലെ ഇവരെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തിരുന്നു. യെലഹങ്കയിലെ ഫ്ളാറ്റിൽനിന്നാണ് രാഗിണിയെ പൊലീസ് പിടികൂടിയത്.
ചോദ്യം ചെയ്യലിന് രാഗിണി ദ്വിവേദി ഇന്ന് ഹാജരാകാനിരിക്കെയാണ് ഈ നടപടിയുണ്ടായത്.ഇന്ന് രാവിലെ ആറ് മണിയോടെയാണ് രാഗിണി ദ്വിവേദിയുടെ യെലഹങ്കയിലെ വീട്ടിൽ ബംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് സംഘം റെയ്ഡിനെത്തിയത്. രാഗിണിയോടും സുഹൃത്ത് രവിശങ്കറിനോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇരുവരും ഹാജരായിരുന്നില്ല. തുടർന്ന് രവിശങ്കറിനെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു. നാളെ ഹാജരാകാമെന്ന് രാഗിണി അന്വേഷണ സംഘത്തോട് പറഞ്ഞെങ്കിലും അവർ വഴങ്ങിയില്ല.
തുടർന്ന് രാഗിണിയോട് ഇന്ന് ഹാജാരാകാൻ നിർദ്ദേശിക്കുകയായിരുന്നു. അതേസമയം തനിക്കെതിരായ ആരോപണങ്ങളിൽ അർത്ഥമില്ലെന്നും ലഹരി മാഫിയയുമായി ഒരു ബന്ധവും ഇല്ലെന്നും രാഗിണി ട്വിറ്ററിലൂടെ വ്യക്തമാക്കി. രാഗിണിയുടെ സുഹൃത്ത് രവിശങ്കർ മയക്കുമാരുന്നുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നത് ഇവർക്ക് അറിവുണ്ടായിരുന്നു. കന്നഡ സിനിമാമേഖലയുമായി രവിശങ്കറിനെ ബന്ധപ്പെടുത്തിയിരുന്നത് രാഗിണിയാണെന്ന വ്യക്തമായ തെളിവുകൾ ലഭിച്ചതായി സിസിബി പറഞ്ഞു. രാഗിണിക്ക് മയക്കു മരുന്ന് സംഘവുമായി നേരിട്ടു ബന്ധമുണ്ട്. യെലഹങ്കയിലെ വീട്ടിൽ പാർട്ടികളിലടക്കം മയക്കു മരുന്ന് ഉപയോഗിച്ചുവെന്നും ചോദ്യം ചെയ്യലിൽ കണ്ടെത്തി.
ഇവരുടെ കൈയിൽ നിന്ന് നാലു മൊബൈൽ ഫോണുകൾ പിടിച്ചെടുത്തിട്ടുണ്ട്. ഇതിൽ രണ്ടെണ്ണത്തിലെ വാട്സാപ്പ് ചാറ്റുകൾ നീക്കം ചെയ്ത നിലയിലാണ്. ഇത് വീണ്ടെുക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. രാഗിണി ദ്വിവേദി അറസ്റ്റിലായതോടെ കന്നഡ ചലച്ചിത്രമേഖലയുമായി മയക്കുമരുന്ന് മാഫിയയ്ക്കുള്ള കൂടുതൽ ബന്ധങ്ങൾ വെളിച്ചത്ത് വരികയാണ്. ഇന്ദ്രജിത് ലങ്കേഷ് അടക്കമുള്ള സംവിധായകർ തങ്ങൾക്ക് ചില വിവരങ്ങൾ പങ്കുവെക്കാനുണ്ടെന്ന് വ്യക്തമാക്കുകയും സിസിബിക്ക് വിവരങ്ങൾ കൈമാറുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് കൂടുതൽ പേരിലേക്ക് അന്വേഷണം നീളുന്നത്. കന്നഡ ചലച്ചിത്രമേഖലയിൽ മയക്കുമരുന്ന് മാഫിയ പിടിമുറുക്കിയതായുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്.
ജെഡിഎസ്- കോൺഗ്രസ് സഖ്യ സർക്കാരിനെ താഴെയിടാൻ പ്രവർത്തിച്ചത് ഈ മയക്കുമരുന്ന് മാഫിയ ആണെന്ന് മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയടക്കം വെളിപ്പെടുത്തൽ നടത്തിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി കന്നട സിനിമാരംഗത്തെ 12 പ്രമുഖരെ കൂടി ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ.
മറുനാടന് മലയാളി ബ്യൂറോ