തിരുവനന്തപുരം: ഓക്സിജൻ സപ്ലൈ വിഷയത്തിൽ കേരള സർക്കാറിനെ അഭിനന്ദിച്ച് കന്നട താരം ചേതൻ. രാജ്യം ഓക്‌സിജൻ പോരായ്മയുടെ ഭീതിയിലാണെന്നും എന്നാൽ കേരളം ഈ വിഷയത്തിൽ തീർത്തും പര്യപ്തമാണെന്നും ചേതൻ പറഞ്ഞു. 2020ലെ കൊവിഡിൽ നിന്ന് കേരളം പാഠം ഉൾക്കൊണ്ട് പ്രവർത്തിച്ചുവെന്നും ഇന്ന് മറ്റു സംസ്ഥാനങ്ങളിലേക്ക് പോലും ഓക്‌സിജൻ സപ്ലൈ ചെയ്യാൻ കേരളത്തിന് സാധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു. ഫേസ്‌ബുക്കിലൂടെയാണ് നടന്റെ പ്രതികരണം.

രാജ്യം ഓക്‌സിജൻ ക്ഷാമത്തിന്റെ ഭീതിയിൽ കഴിയുകയാണ്. കേരളം തീർത്തും വ്യത്യസ്തമാണ്. 2020ലെ കൊവിഡിൽ നിന്ന് കേരളം പാഠം ഉൾക്കൊണ്ട് ഓക്‌സിജൻ പ്ലാന്റുകൾക്ക് പണം മുടക്കി, ഓക്‌സിജൻ സപ്ലൈ 58 ശതമാനം വർധിപ്പിച്ച്, ഇന്ന് കർണാടക, തമിഴ്‌നാട്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് സപ്ലൈ നടത്തുന്നു. കേരള മോഡൽ റോൾ മോഡൽ. മോദിയല്ലെങ്കിൽ ആര് എന്ന് ചോദിക്കുന്നവരോട് പിണറായി വിജയൻ എന്ന് ഗൂഗിൾ ചെയ്യൂ.

 

കേരളത്തിൽ ഓക്സിജൻ ക്ഷാമമില്ലെന്ന് കേന്ദ്ര സർക്കാർ സ്ഥാപനമായ പെട്രോളിയം ആൻഡ് എക്സപ്ലോസീന് സേഫ്റ്റി ഓർഗനൈസേഷൻ ( പെസോ).പെസോയും സംസ്ഥാന ആരോഗ്യ വകുപ്പും ചേർന്നാണ് കേരളത്തിൽ മെഡിക്കൽ ഓക്സിജൻ ലഭ്യത സജ്ജമാക്കിയത്.

കേരളത്തിൽ നിലവിൽ കോവിഡ് കേസുകൾ ഉയർന്നാലും പ്രതിസന്ധിയെ മറികടക്കാനുള്ള സജ്ജീകരണങ്ങൾ 24 മണിക്കൂറും ഉറപ്പാക്കിയിട്ടുണ്ടെന്ന് പെസോ ഡെപ്യൂട്ടി ചീഫ് കൺട്രോളർ പറഞ്ഞു. ഈ സാഹചര്യത്തിൽ അയൽ സംസ്ഥാനങ്ങളിലേക്ക് ഓക്സിജൻ വിതരണം തുടരാനാണ് തീരുമാനം. നിലവിൽ ദിവസം 204 ടൺ ഓക്സിജൻ ഉൽപാദിപ്പിക്കാനുള്ള ശേഷി സംസ്ഥാനത്തിനുണ്ട്. ഇതുവരെയുള്ള കണക്കനുസരിച്ച് 98.61 ടൺ മെഡിക്കൽ ഓക്സിജനേ ആവശ്യമുള്ളൂ.

കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ രണ്ട് വകുപ്പുകൾ ഒരുമിച്ച് പ്രവർത്തിച്ചതാണ് ഈ നേട്ടത്തിനു കാരണമായത്. ഒരു വർഷത്തിലേറെ നീണ്ട ആസൂത്രണപ്രവർത്തനങ്ങളാണ് ഇതിനായി പെസോയും സംസ്ഥാന ആരോഗ്യവകുപ്പും സംയുക്തമായി നടത്തിയത്.

2020 മാർച്ച് 23 ന് ഓക്സിജൻ പ്ലാന്റുകളുടെ ഓൺലൈൻ മീറ്റിങ് പെസോ വിളിച്ചു. കേരളത്തിലുള്ള 11 എയർ സെപ്പറേഷൻ യൂണിറ്റുകളിൽ അഞ്ചെണ്ണം പ്രവർത്തിച്ചിരുന്നില്ല. ഓക്സിജൻ ആവശ്യമായി വരുമെന്നും ഈ ദൗത്യം ഏറ്റെടുക്കണമെന്നും അവരെ ബോധ്യപ്പെടുത്തി.

അങ്ങനെ ഓക്സിജൻ പ്ലാന്റുകൾ പ്രവർത്തിക്കാൻ തുടങ്ങി. ഇതിനിടയിൽ ലോക്ഡൗൺ പ്രഖ്യാപിച്ചത് മൂലം ആവശ്യമായ യന്ത്രഭാഗങ്ങൾ എത്തിക്കാനായില്ല. പെസോ ഇതിനു മുൻകൈയെടുക്കുകയും ആവശ്യമായ യന്ത്ര ഭാഗങ്ങൾ ചെന്നൈയിൽ നിന്നും ഏത്തിക്കുകയും ചെയ്തു. മൂന്ന് മാസത്തിനുള്ളിൽ 11 എയർ സെപ്പറേഷൻ യൂണിറ്റുകളും പ്രവർത്തിച്ചു തുടങ്ങി.

ഓക്സിജൻ ഉൽപാദനം വിതരണം എന്നിവയുടെ ചുമതല പെസോയുടെ നോഡൽ ഓഫീസർക്കും ഓക്സിജൻ അളവിന്റെ ഡാറ്റ സംബന്ധിച്ച ചുമതല ആരോഗ്യവകുപ്പിന്റെ നോഡൽ ഓഫീസർക്കും നൽകി. ആരോഗ്യവകുപ്പ് ദിവസേന ഓക്സിജൻ ഓഡിറ്റ് റിപ്പോർട്ട് പെസോയ്ക്ക് കൈമാറി.

കോവിഡ് വ്യാപനം കണക്കിലെടുത്ത് ഓക്സിജൻ സിലിണ്ടർ സപ്ലൈയും വർധിപ്പിച്ചു. വ്യവസായിക ആവശ്യത്തിന് ഉപയോഗിക്കുന്ന സിലിണ്ടറുകളെ മെഡിക്കൽ സിലിണ്ടറുകളാക്കി. നൈട്രജൻ സിലിണ്ടറുകളെയും ഓക്സിജൻ സിലിണ്ടറുകളാക്കി മാറ്റി.