- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് ഡെൽറ്റ വകഭേദത്തിന്റെ വ്യാപനം: കണ്ണാടി പഞ്ചായത്ത് പൂർണമായി അടച്ചിടാൻ ഉത്തരവ്

പാലക്കാട്: കോവിഡ് ഡെൽറ്റ വകഭേദം കണ്ണാടി സ്വദേശിയിൽ സ്ഥിരീകരിച്ചതോടെ ഗ്രാമപഞ്ചായത്ത് അടച്ചിടാൻ ഉത്തരവ്. തിങ്കളാഴ്ച മുതൽ ഒരാഴ്ചത്തേക്കാണ് പാലക്കാട് ജില്ലയിലെ കണ്ണാടി പഞ്ചായത്ത് പൂർണമായി അടച്ചിടുക.
ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയർപേഴ്‌സൺ കൂടിയായ ജില്ലാ കളക്ടറാണ് ഉത്തരവിറക്കിയത്. ജില്ലയിൽ ഡെൽറ്റ വകഭേദം കണ്ടെത്തിയ വ്യക്തികളുടെ രോഗവ്യാപന ഉറവിടം, രോഗികളുടെ സമ്പർക്കം എന്നിവയെക്കുറിച്ചുള്ള അന്വേഷണത്തിൽ കണ്ണാടി ഗ്രാമപഞ്ചായത്തിലെ വ്യക്തിയിൽനിന്നാണ് രോഗം പകരാൻ ഇടയായതെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് ഉത്തരവിൽ പറയുന്നു.
പ്രദേശത്ത് കോവിഡ് മരണങ്ങൾ സംഭവിച്ചതായും കൂടുതൽ കോവിഡ് രോഗികൾ ഉള്ളതായും രോഗികൾക്ക് പറളി, പിരായിരി ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങളുമായി സമ്പർക്കം ഉണ്ടായതായും കണ്ടെത്തിയ സാഹചര്യത്തിൽകൂടിയാണ് നടപടി.
അതിർത്തികൾ അടക്കും, പൊതുജന സഞ്ചാരവും വാഹന ഗതാഗതവും നിയന്ത്രിക്കും. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ-ആഹാര സാധനങ്ങൾ വിൽക്കുന്ന കട, റേഷൻ കട, പലചരക്ക് കട, പാൽ പാലുൽപ്പന്നങ്ങൾ, പഴം-പച്ചക്കറി, മീൻ-ഇറച്ചി എന്നിവ വിൽക്കുന്ന കടകളും, മൃഗങ്ങൾക്കും പക്ഷികൾക്കുമുള്ള തീറ്റ വിൽക്കുന്ന കട, ബേക്കറി എന്നിവ രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ മാത്രം തുറക്കാം. എന്നാൽ, ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ.
ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ എന്നിവ രാവിലെ ഏഴ് മുതൽ രാത്രി 7.30 വരെ ഹോം ഡെലിവറി മാത്രം അനുവദിച്ച് തുറക്കാവുന്നതാണ്. ബാങ്കുകൾ തുറന്നു പ്രവർത്തിക്കാൻ സർക്കാർ അനുവദിച്ച ദിവസങ്ങളിൽ പൊതുജനങ്ങളുടെ പ്രവേശനം പൂർണമായും ഒഴിവാക്കി ഉച്ചയ്ക്ക് രണ്ടുവരെ 50 ശതമാനം ജീവനക്കാരെ മാത്രം ഉൾപ്പെടുത്തി പ്രവർത്തിക്കാം.


