ഫേസ്‌ബുക്കിലൂടെ തന്റെ പുതിയ സിനിമയുടെ വിശേഷങ്ങളും ഫോട്ടോയും പങ്കുവെച്ച സംവിധായകന്റെ പോസ്റ്റിനടിയിൽ ആദ്യ നിർമ്മാതാവിന്റെ കണ്ണീർ വിലാപം. തനിക്ക് കോടികളുടെ നഷ്ടം വരത്തിവച്ച സംവിധായകനോട് തന്നെ രക്ഷിക്കാൻ എന്തെങ്കിലും ചെയ്യണമെന്നാണ് ആദ്യ നിർമ്മാതാവിന്റെ അഭ്യർത്ഥന. തിങ്കൾ മുതൽ വെള്ളി വരെ, അച്ചായൻസ്, ആടുപുലിയാട്ടം തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്ത കണ്ണൻ താമരക്കുളത്തിന്റെ ഫേസ് ബുക്ക് പോസ്റ്റിലാണ് ആദ്യസിനിമയുടെ നിർമ്മാതാവെന്ന് അവകാശപ്പെടുന്ന ത്രിലോക് ശ്രീധരൻ പിള്ളയുടെ കണ്ണീർ കമന്റ്.

കണ്ണൻ താമരക്കുളത്തിന്റെ പുതിയ ചിത്രമാണ് ചാണക്യതന്ത്രം. ഈ സിനിമയുടെ പൂജാ ചടങ്ങ് കഴിഞ്ഞ ദിവസം നടന്നിരുന്നു. സംവിധായകരായ സിദ്ദിഖ്, പത്മകുമാർ, നടൻ അനൂപ് മേനോൻ, തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലം, എ.എ ആരിഫ് എംഎ‍ൽഎ തുടങ്ങിയ പ്രമുഖർ പങ്കെടുത്ത പൂജാ ചടങ്ങിന്റെ ചിത്രങ്ങൾ കണ്ണൻ തന്റെ ഫേസ്‌ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ പോസ്റ്റിനു കീഴിലാണ് ത്രിലോക് ശ്രീധരൻ പിള്ള എന്ന നിർമ്മാതാവിന്റെ കമന്റ്.

കണ്ണൻ താമരക്കുളം മലയാളത്തിലേക്ക് എത്തുന്നതിന് മുമ്പ് സംവിധാനം ചെയ്ത സൂരൈയഡയൽ എന്ന തമിഴ് ചിത്രത്തിന്റെ നിർമ്മാതാവാണ് ത്രിലോക് ശ്രീധരൻ പിള്ള. സൂരൈയഡയൽ വൻ പരാജയമായിരുന്നുവെന്നും തനിക്ക് കോടികൾ നഷ്ടമായതായും ശ്രീധരൻ പിള്ള കമന്റിൽ പറയുന്നു. ഇപ്പോൾ താൻ വൻ സാമ്പത്തിക പ്രതിസന്ധിയിലാണ്.

മോശം മേക്കിങ് വഴി സിനിമ നഷ്ടത്തിലാകുകയും തനിക്ക് കോടികൾ നഷ്ടപ്പെടുകയും ചെയ്തതായി നിർമ്മാതാവ് ആരോപിക്കുന്നു. എന്നാൽ സിനിമ കഴിഞ്ഞ ശേഷം കണ്ണൻ തന്നെ തിരിഞ്ഞു നോക്കിയിട്ടില്ലെന്നും ഏതെങ്കിലും ചാനലിന് സിനിമയുടെ റൈറ്റ്സ് വിറ്റ് സാമ്പത്തികം നേടിത്തരാമെന്ന വാക്കും പാലിച്ചിട്ടില്ലെന്നും നിർമ്മാതാവ് കൂട്ടിച്ചേർക്കുന്നു. തന്റെ അവസ്ഥ പരിതാപകരമാണെന്നും തന്നെ സഹായിക്കാൻ എന്തെങ്കിലും ചെയ്യണമെന്നും കേണപേക്ഷിക്കുന്നു ഇദ്ദേഹം സാധ്യമായ സഹായം ചെയ്തില്ലെങ്കിൽ തന്റെ അവസ്ഥ മാധ്യമങ്ങളേയും അധികൃതരെയും അറിയിക്കുമെന്ന് പറഞ്ഞാണ് കമന്റ് അവസാനിപ്പിക്കുന്നത്.