കണ്ണുർ : തലക്കനം വേണ്ടെന്ന് പറഞ്ഞ വാർത്താ സമ്മേളനത്തിന്റെ പിറ്റേന്നു തന്നെ മുഖ്യമന്ത്രി പിണറായി വിജയന്റെ കട്ടൗട്ടിന്റെ തല വെട്ടിമാറ്റിയതിൽ സിപിഎമ്മിൽ ആശങ്ക. കണ്ണുർ പാർട്ടി യിയിലെ വിഭാഗീയതയുടെ ഭാഗമാണോ ഈ തല വെട്ടിമാറ്റൽ എന്ന സംശയം വിവിധ കോണിൽ നിന്നുയർന്നിട്ടുണ്ട്.

എന്നാൽ രാഷ്ട്രീയ എതിരാളികളായ ആർ.എസ്.എസാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചതെന്ന് സിപിഎം പ്രാദേശിക നേത്യത്വവും പറയുന്നുണ്ടെങ്കിലും പിണറായി പൊലിസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ പാർട്ടിയിൽ പുകയുന്ന വിഭാഗീയത സംഭവത്തിന് പിന്നിലുണ്ടെന്ന അഭ്യൂഹവും ശക്തമാണ്. ജനങ്ങൾ സ്‌നേഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നത് നേതാക്കളെയല്ല പാർട്ടിയെയാണെന്നും തന്റെ കേമത്തം കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് ആരെങ്കിലും വിചാരിച്ചു തലയ്ക്കു കനം കൂടിപ്പോയാൽ പാർട്ടി ഇടപെട്ട് തിരുത്തുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

വ്യക്തിപൂജ വിവാദവുമായി ബന്ധപ്പെട്ട് പി.ജയരാജനെതിരെ നടപടിയെടുത്ത സംഭവവുമായാണ് രാഷ്ട്രീയ നിരീക്ഷകർ ഇതിനെ ചേർത്തു വായിച്ചത്. എന്നാൽ പാർട്ടിയാണ് ക്യാപ്റ്റൻ എന്നു തുറന്നടിച്ചു കൊണ്ട് പി. ജയരാജനിട്ട ഫെയ്‌സ് ബുക്ക് പോസ്റ്റിനെ ന്യായീകരിച്ചു കൊണ്ട് സംസാരിച്ച മുഖ്യമന്ത്രി തനിക്ക് ലഭിക്കുന്ന സ്വീകാര്യതയും ബഹുജനങ്ങളിൽ നിന്നും ലഭിക്കുന്ന സ്‌നേഹവും പാർട്ടിക്ക് ലഭിക്കുന്നതാണെന്ന് പറയാനും മറന്നില്ല. ഇതിന് പിന്നാലെയാണ്

പിണറായി പുത്തൻ കണ്ടത്തെ ആർഎസ്എസ് പ്രവർത്തകരുമായി നേരത്തെ മമ്പറം മേഖലയിലെ സിപിഎം പ്രവർത്തകർ പരസ്യമായി ഏറ്റുമുട്ടിയിരുന്നു. തെരുവ് യുദ്ധത്തിൽ വരെ പലപ്പോഴും ഈ ഏറ്റുമുട്ടൽ കലാശിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ ബന്ധുക്കൾ വരെ പിണറായി പുത്തൻ കണ്ടത്തെ യുവാക്കളിലുണ്ട്. മുഖ്യമന്ത്രിയുടെ പാണ്ട്യാല മുക്കിലെ വീട്ടിൽ നിന്നും നോക്കിയാൽ കാണുന്ന ദുരത്താണ് പുത്തൻങ്കണ്ടമെന്ന ആർഎസ്എസ് ഗ്രാമം. ഏതാനും കുടുംബങ്ങൾ മാത്രമാണ് ഇവിടെ താമസം.

ഇവരാകട്ടെ നിരവധി കേസുകളിൽ പ്രതികളും ജയിലിൽ കിടന്നവരുമാണ്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾക്ക് ആർ.എസ്.എസിൽ നിന്നും ഭീഷണിയുണ്ടായിരുന്നതായി നേരത്തെ ഇന്റലിജൻസ് റിപ്പോർട്ടുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വർഷങ്ങൾക്കു മുൻപ് പിണറായി പൊലിസ് സ്റ്റേഷൻ സ്ഥാപിക്കപ്പെടുന്നതും മുഖ്യമന്ത്രിയുടെ വീടിന് കാവൽ ഏർപ്പെടുത്തുന്നതും. കഴിഞ്ഞ ദിവസം ധർമ്മടം മണ്ഡലത്തിൽ എൻ.ഡി.എ തെരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികൾ നശിപ്പിച്ചിരുന്നു.

ഇതിന്റെ തിരിച്ചടിയായാണ് മുഖ്യമന്ത്രിയുടെ ബോർഡ് നശിപ്പിച്ചതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. ഈ സാഹചര്യത്തിൽ മമ്പറം നഗരത്തിലെ സി.സി.ടി.വി ക്യാമറകൾ പൊലിസ് പരിശോധിച്ചു വരികയാണ്.ഇതിനിടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ആർഎസ്എസ് ശ്രമിക്കുകയാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ ആരോപിച്ചു.