കണ്ണൂർ: കണ്ണൂരിൽ ദേശീയ പതാകയോട് അനാദരവ്. ദേശീയ പതാക പ്ലാസ്റ്റിക് പൈപ്പിൽ കെട്ടി നിലത്ത് കുത്തിയ നിലയിൽ ഓടയ്ക്ക് സമീപമാണ് കണ്ടെത്തിയത്. കണ്ണൂർ കളക്റ്റ്രേറ്റിന് മുന്നിലെ റോഡരികിലാണ് സംഭവം.

ചെളിപുരണ്ട നിലയിലായിരുന്നു പതാക. വിവരം അറിഞ്ഞെത്തിയ ടൗൺ പൊലീസ് പതാക സ്ഥലത്ത് നിന്നും നീക്കം ചെയ്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി പതാകയോട് അനാദരവ് കാണിച്ച് കളക്റ്റ്രേറ്റിന് മുന്നിൽ കുത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. പരിസരത്തെ ഹോട്ടലുകളിലെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിക്കും. സംഭവത്തെ വളരെ ഗൗരവകരമായാണ് എടുത്തിരിക്കുന്നതെന്നും പൊലീസ് പറഞ്ഞു.

കലക്ട്രേറ്റ് വളപ്പിൽ സ്ഥിതി ചെയ്യുന്ന സർക്കാർ ഓഫീസുകളുടെ വരാന്തയിലോ മറ്റോ അലക്ഷ്യമായി വെച്ച പതാക നഗരത്തിലെ ആക്രി ശേഖരിക്കുന്നവരിൽ ആർക്കോ ലഭിക്കുകയും അയാൾ പതാക പൈപ്പിൽ കുത്തി കലക്ട്രേറ്റ് പരിസരത്ത് തന്നെ സ്ഥാപിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനമെന്നറിയുന്നു.