- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE

കണ്ണൂർ :കണ്ണൂർ സർവ്വകലാശാല യൂനിയൻ പ്രവർത്തനങ്ങൾക്ക് നാളെ തിരിതെളിയും. പാലയാട് ഡോ.ജാനകി അമ്മാൾ കാമ്പസിൽ നടക്കുന്ന ചടങ്ങിൽ പൊതുമരാമത്ത് വകുപ്പു മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുമെന്ന് യൂനിവേഴ്‌സിറ്റി യൂനിയൻ ചെയർമാൻ അഡ്വ.എം.കെ.ഹസ്സൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
യൂനിയൻ പ്രവർത്തനങ്ങളുടെ ഭാഗമായി ഈ മാസം 10, 11 തീയ്യതികളിൽ കാസർഗോഡ് ജില്ലയിലെ റാണിപുരത്ത് പരിസ്ഥിതി ക്യാമ്പ് സംഘടിപ്പിക്കും. തുടർന്ന് സാഹിത്യോത്സവം, മീഡിയ ഫെസ്റ്റ്, പുസ്തകയാത്ര, ഫിലിം ഫെസ്റ്റ്, കലാജാഥ, സെമിനാറുകൾ, വിദ്യാർത്ഥി കാർണിവൽ, നാടൻ കലാമേള തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും.
കോവിഡ് കാലത്തെ വിദ്യാർത്ഥികളുടെ പരീക്ഷാ സംബന്ധമായ ആശങ്കകൾ പരിഹരിക്കാൻ മുന്നേറാം പരീക്ഷാ മുന്നൊരുക്കം എന്ന പരിപാടി വിദ്യാർത്ഥികൾക്ക് ഏറെ സഹായകമായി. കോവി ഡാനന്തര വിദ്യാഭ്യാസ ക്രമത്തിൽ സർവ്വകലാശാല വിദ്യാഭ്യാസ മേഖലയിൽ നിലനിൽക്കുന്ന പ്രശ്‌നങ്ങളെ സമഗ്രമായി പഠിച്ച് അനുകൂലമായ രീതിയിൽ നയരൂപീകരണം നടത്താൻ യൂനിയൻ മുൻകൈയെടുക്കും. എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠന സൗകര്യം ഒരുക്കാനുള്ള പ്രവർത്തനങ്ങളിലൂടെ ഡിജിറ്റൽ ഡി വൈഡ് തടയാൻ യൂനിയൻ മുന്നിട്ടിറങ്ങും.
ഓൺലൈൻ വിദ്യാഭ്യാസ കാലത്തെ വിദ്യാർത്ഥികളുടെ മാനസിക- ശാരീരിക പ്രയാസങ്ങളിൽ ക്രിയാത്മക മായി ഇടപെടാൻ സർവ്വകലാശാല തലത്തിൽ കൗൺസിലിങ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. കോവിഡ് ഭീതിയകന്നാൽ സർവ്വകലാശാല യൂനിയൻ കലോത്സവം സംഘടിപ്പിക്കും. സാഹചര്യം അനുകൂലമല്ലെങ്കിൽ ഓൺലൈനായി സംഘടിപ്പിക്കും.
രാജ്യത്തിന്റെ ഫെഡറൽ ജനാധിപത്യ മത നിരപേക്ഷതയ്ക്ക് വെല്ലുവിളിയുയർത്തുന്ന ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ വിദ്യാർത്ഥികൾക്കിടയിൽ പ്രചരണം നടത്തുമെന്നും ചെയർമാൻ പറഞ്ഞു. യൂനിയൻ ജന.സെക്രട്ടറി കെ.വി.ശിൽപ്പ, ജോ. സെക്രട്ടറി സച്ചിൻ ചാത്തോത്ത് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

