കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പിനടുത്ത് തേവക്കരയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്കിൽ സഞ്ചരിച്ചിരുന്ന അങ്കമാലി പൂതംകുറ്റി സ്വദേശികളായ രണ്ടു യുവാക്കൾ മരിച്ചത് ദുരൂഹം. കാഞ്ഞിരത്തിങ്കൽ ജോയിയുടെയും ത്രേസ്യാമ്മയുടെയും മകൻ ജീസൻ ജോയി (23), പണിക്കശേരി ഷാജിയുടെയുടെയും ഐഷയുടെയും മകൻ ഗൗതം കൃഷ്ണ ഷാജി (23) എന്നിവരാണ് മരിച്ചത്.

കാറിൽ മട്ടന്നൂർ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുണ്ടായിരുന്നുവെന്ന ആദ്യ വാർത്തകളാണ് ദുരൂഹതയ്ക്ക് കാരണം. അപകടം സ്വാഭാവികമായി ഉണ്ടായതാണോ എന്ന സംശയം ശക്തമാണ്. മുമ്പും സമാന വാഹനാപകടങ്ങൾ കണ്ണൂരിൽ നടന്നിരുന്നു. ക്വട്ടേഷൻ ആക്രമണമാണ് ഇതെന്നും ചർച്ചയായി. ഇതിനിടെയാണ് പുതിയ അപകടം. ഇതിൽ തില്ലങ്കേരി അടക്കം മൂന്നു പേർക്കു പരുക്കേറ്റുവെന്ന് മനോരമ വാർത്ത നൽകി. പിന്നീട് ഇതിൽ നിന്ന് തില്ലങ്കേരിയുടേയും മറ്റും പേര് മാറ്റുകയും ചെയ്തു. രണ്ടും വ്യത്യസ്ത അപകടങ്ങളെന്നാണ് മറുനാടൻ അന്വേഷണത്തിൽ വ്യക്തമായത്.

അപകടത്തിൽ നില ഗുരുതരമാണ്. പരുക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി 12 മണിയോടെയാണ് അപകടം. ബാർ ഹോട്ടൽ ജീവനക്കാരായ ജീസനും ഗൗതമും ബൈക്കിൽ വീട്ടിലേക്കു വരുമ്പോഴാണ് അപകടം. മൃതദേഹം കണ്ണൂർ എകെജി ഹോസ്പിറ്റൽ മോർച്ചറിയിൽ. ഇരുവരും അവിവാഹിതരാണ്. ജീസൻ ജോയിയുടെ സഹോദരങ്ങൾ: സെബി, സിൻസി. ഗൗതമിന്റെ സഹോദരി: ആതിര. ബൈക്കിൽ സഞ്ചരിച്ചിരുന്നവരുമായി കാറിൽ യാത്ര ചെയ്തിരുന്നവർക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്നതാണ് ഉയരുന്ന പ്രധാന സംശയം.

സ്വർണ്ണ കടത്ത് കേസിൽ സംശയ നിഴലിലായിരുന്ന റമീസിന്റെ അപകട മരണം കണ്ണൂർ രാഷ്ട്രീയത്തെ പോലും ഉലച്ചിരുന്നു. പിന്നീട് അർജുൻ ആയങ്കിയ്‌ക്കൊപ്പം റമീസിനേയും കസ്റ്റംസ് സംശയിച്ചിരുന്നതായും വ്യക്തമായി. പൊലീസ് റമീസിന്റെ മരണത്തെ വെറും അപകമാക്കി മാറ്റുകയും ചെയ്തു. ഇതിനൊപ്പം നിരവധി ബിജെപിക്കാരുടെ മരണങ്ങൾക്ക് പിന്നിലെ അപകടങ്ങളിൽ ബിജെപിയും സംശയം കണ്ടു. ക്വട്ടേഷൻ സംഘങ്ങൾ പ്രതികാരം തീർക്കാൻ വാഹനാപകടങ്ങൾ ഉണ്ടാക്കുന്നുവെന്ന് സംശയമെത്തി.

ഇതിനിടെയാണ് സിപിഎം ക്വാട്ടയായ കൂത്തുപറമ്പിന് അടുത്ത് അപകടമുണ്ടാകുന്നതും വാർത്തയിൽ തില്ലങ്കേരി പരാമർശം ആദ്യം എത്തുന്നതും. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ആകാശ് തില്ലങ്കേരിയുടെ കാറും മറ്റൊരു അപകടത്തിൽ പെട്ടുവെന്ന് വ്യക്തമാകുന്നത്.