കണ്ണൂർ: കണ്ണൂർ സർവ്വകലാശാലയിൽ പരീക്ഷാ വിഭാഗം കേന്ദ്രീകരിച്ച് ഗുരുതരമായ ക്രമക്കേടുകളും സ്വജനപക്ഷപാതവും മാർക്ക് ദാനത്തിനുള്ള നീക്കവും നടക്കുന്നുവെന്ന് കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ്. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വി സി യുടെ നിർദ്ദേശപ്രരം പരീക്ഷ കൺട്രോളർ പ്രത്യേക താൽപര്യമെടുത്ത് മൂന്ന് വിദ്യാർത്ഥികളുടെ പരീക്ഷാ പേപ്പറുകൾ പ്രത്യേകമായി മൂല്യനിർണയം നടത്താനുള്ള നീക്കം നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. എന്നാൽ ഈ വിവരം പുറത്തറിഞ്ഞതിനാൽ വിദ്യാർത്ഥികൾ ഉൾക്കൊള്ളുന്ന ബി.ബി.എ സപ്ലിമെന്ററി പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികളുടെ മൂല്യനിർണ്ണയവും തിരക്കിട്ട് നടത്തുകയാണ് ഇപ്പോൾ ചെയ്യുന്നത്.

കണ്ണൂർ സർവ്വകലാശാലയിലെ 2018-21 ബാച്ചിലെ ബി.ബി.എ വിദ്യാർത്ഥികളുടെ നാലാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷയുടെ മൂല്യനിർണ്ണയമാണ് പ്രത്യേക താൽപര്യമെടുത്ത് നടന്നുകൊണ്ടിരിക്കുന്നത്.നവംബർ മാസം രണ്ടാം തീയതി മുതൽ പത്താം തീയതി വരെ നടന്ന നാലാം സെമസ്റ്റർ പരീക്ഷയിൽ ബി.ബി.എ സപ്ലിമെന്ററി പരീക്ഷ ഒഴികെയുള്ള മറ്റു റഗുലർ,സപ്ലിമെന്ററി പരീക്ഷകളുടെയൊന്നും മൂല്യനിർണ്ണയം ആരംഭിച്ചിട്ടില്ലാത്ത സാഹചര്യത്തിലാണ് പ്രത്യേക അജണ്ടയോടെ ബി.ബി.എ വിദ്യാർത്ഥികളുടെ നാലാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷയുടെ മൂല്യനിർണ്ണയം തിരക്കിട്ട് നടത്തുന്നത്.

ചാല ചിന്മയ കോളേജ്, കോൺകോഡ് കോളേജ്, സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് എന്നീ കോളേജുകളിലെ മൂന്ന് വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് ഈ വഴിവിട്ട നീക്കമുണ്ടായിട്ടുള്ളത്. പരീക്ഷയിൽ തോറ്റ കാരണത്താൽ ഉപരിപഠനത്തിന് പ്രവേശനം നേടാൻ സാധിക്കാതെ നിൽക്കുന്ന ഇവർ എം.ബി.എ പ്രവേശനത്തിന് അപേക്ഷ നൽകി കാത്തിരിക്കുന്നുവെന്നാണ് അറിയാൻ സാധിച്ചത്.ഇത് മൂല്യനിർണായത്തിലെ ദുരൂഹത വർദ്ധിപ്പിക്കുകയാണെന്ന് ഷമ്മാസ് ആരോപിച്ചു. ഇവർക്കുവേണ്ടി ശനിയാഴ്ച വൈകിട്ട് കൺട്രോളർ അടിയന്തരമായി തിങ്കളാഴ്ച തന്നെ പ്രത്യേക മൂല്യനിർണയ കേന്ദ്രത്തിൽ ഹാജരാവാൻ അദ്ധ്യാപകരോട് ആവശ്യപ്പെടുകയായിരുന്നു.ഇതനുസരിച്ച് ഇപ്പോൾ മൂല്യനിർണ്ണയം തിരക്കിട്ട് പുരോഗമിക്കുകയുമാണ്. ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവിൽ കൺട്രോളർ വ്യക്തമാക്കുന്നത് വൈസ് ചാൻസിലറുടെ പ്രത്യേക നിർദ്ദേശമനുസരിച്ചാണ് ഈ തീരുമാനം നടപ്പാക്കുന്നുവെന്നാണ്.അതുകൊണ്ടു തന്നെ വിഷയത്തിൽ സമഗ്രമായ അന്വേഷണം അനിവാര്യമാണെന്നും മുഹമ്മദ് ഷമ്മാസ് പറഞ്ഞു.

കണ്ണുർസർവ്വകലാശാലയിലെ എല്ലാ ക്രമക്കേടുകൾക്കും കൂട്ടു നിൽക്കുന്നതിന് പ്രത്യുപകാരമായി ലഭിച്ച പുനർനിയമനത്തിലൂടെ വി സി വഴിവിട്ട നീക്കങ്ങൾ തുടരുകയാണ്. വി സി യുടെ എല്ലാ പ്രവർത്തനങ്ങൾക്കും സംരക്ഷണ കവചമൊരുക്കുന്ന എസ്.എഫ്.ഐ നേതാക്കളുടെ താൽപര്യപ്രകാരമാണ് ഈ പ്രത്യേക മൂല്യനിർണ്ണയവും മാർക്ക് ദാനത്തിനുള്ള നീക്കവും നടക്കുന്നത്. സർവകലാശാലയ്ക്ക് കീഴിലെ മറ്റ് വിദ്യാർത്ഥികളെ വിഡ്ഢികളാക്കികൊണ്ട് വി സിയും കൺട്രോളറും എസ്.എഫ്.ഐ നേതാക്കളും ചേർന്ന് നടത്തുന്ന ഈ സ്വജനപക്ഷപാതവും മാർക്ക് ദാനത്തിനുള്ള നീക്കവും സംബന്ധിച്ച് ഉന്നതതല അന്വേഷണം വേണമെന്നും ഗുരുതരമായ ക്രമക്കേടിന് ചുക്കാൻ പിടിച്ച കൺട്രോളറെ അടിയന്തരമായി പുറത്താക്കണമെന്നും വിഷയത്തിൽ വൈസ് ചാസിലർക്കെതിരെ ചാൻസലർ കൂടിയായ ഗവർണർക്കും യുജിസിക്കും പരാതി നൽകുമെന്നും മുഹമ്മദ് ഷമ്മാസ് മുന്നറിയിപ്പു നൽകി.