കണ്ണൂർ: ഹൈക്കോടതി വിധിയിൽ ആശ്വാസം പ്രകടിപ്പിച്ചു കൊണ്ടു കണ്ണുർ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ.ഗോപിനാഥ് രവീന്ദ്രൻ. തന്റെ പുനർ നിയമനത്തിന് പിന്നിലുണ്ടായ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും പിന്നിൽ രാഷ്ട്രീയമാണെന്ന് ആരോപിച്ചാ ഇപ്പോൾ തന്റെ നിയമനം ശരിയാണെന്ന നിലപാട് ഇപ്പോൾ കോടതിയും അംഗീകരിച്ചുവെന്നും കണ്ണുർ വി സി പറഞ്ഞു. സാധാരണ രീതിയിൽ ഇങ്ങനെ നിയമനം നടക്കാറുണ്ട്. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി തന്നെ തുടരാൻ അനുവദിക്കണമെന്ന് ഗവർണർക്കു കത്തെഴുതിയതിൽ തെറ്റില്ല.

സർക്കാർ തന്നെയാണ് വൈസ് ചാൻസലറുടെ നിയമനം നടത്തേണ്ടത്. പ്രോ വൈസ് ചാൻസലറെന്ന നിലയിൽ തന്റെ നിലപാട് അറിയിക്കുകയാണ് മന്ത്രി ചെയ്തത്.ഗവർണർ നിയമം അറിയാവുന്നയാളാണ് അദ്ദേഹം ഒഴിവാകണമെന്നു പറഞ്ഞാൽ താൻ തയ്യാറായിരുന്നു. വൈസ് ചാൻസലർ എന്ന നിലയിൽ ചാൻസലറെ കുറിച്ചു ഇപ്പോൾ അഭിപ്രായം പറയാനില്ലെന്നും വി സി വ്യക്തമാക്കി.ഇതിനിടെകണ്ണുർ സർവകലാശാല വി സിക്ക് തുടരാമെന്ന ഹൈക്കോടതി ഉത്തരവ് സമരക്കാർക്ക് കനത്ത തിരിച്ചടിയായി മാറിയിട്ടുണ്ട്.

കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ തുടർനിയമനം ചോദ്യംചെയ്തുള്ള ഹർജിയാണ് ഹൈക്കോടതി തള്ളിയത് പ്രതിപക്ഷ വിദ്യാർത്ഥി യുവജന സംഘടനകൾക്കും യു.ഡി.എഫിനും തിരിച്ചടിയായി മാറിയിരിക്കുകയാണ്. വിസി നിയമനം ശരിവെച്ച കോടതി സർക്കാർ വാദങ്ങൾ അംഗീകരിക്കുകയായിരുന്നു. ഹർജിയിൽ ഗവർണർ സർക്കാരിന് നൽകിയ കത്ത് ഹാജരാക്കാൻ ഹർജി ഭാഗം കോടതിയുടെ അനുമതി തേടിയിരുന്നു. എന്നാൽ, കത്തിന് കേസിൽ പ്രസക്തിയില്ലെന്ന് ജസ്റ്റിസ് അമിത് റാവൽ വ്യക്തമാക്കി. നിയമനം ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി നേരത്തേ വിധിപറയാൻ മാറ്റിയിരുന്നു.

വിസിയെ നീക്കാൻ നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിൽ അംഗം ഷിനോ പി ജോസ് എന്നിവർ സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്. ഹർജി നിലനിൽക്കില്ലെന്നും പൊതുതാൽപ്പര്യഹർജിയായാണ് പരിഗണിക്കേണ്ടതെന്നും സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. പുതിയ നിയമനമല്ല, പുനർനിയമനമാണ് നടന്നതെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഇതു കോടതി അംഗീകരിച്ചതോടെ കഴിഞ്ഞ കുറെ ദിവസങ്ങളായി സർവ്വകലാശാലയിൽ വി സിയുടെ രാജി ആവശ്യപ്പെട്ടു പ്രതിപക്ഷ വിദ്യാർത്ഥി -യുവജന സംഘടനകൾ നടത്തി വരുന്ന സമരങ്ങളുടെ മുനയൊടിഞ്ഞിരിക്കുകയാണ്. എന്നാൽ വി സിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനാണ് പ്രതിപക്ഷ - വിദ്യാർത്ഥി സംഘടനകളുടെ തീരുമാനം.