കണ്ണൂർ: കണ്ണൂർ സർവകലാശാല വിസിക്ക് അനുകൂലമായി ഹൈക്കോടതി വിധിയുണ്ടായിട്ടും സമരം അവസാനിപ്പിക്കാതെ യുവമോർച്ച 'സർവകലാശാലയിലേക്ക് ബുധനാഴ്‌ച്ച രാവിലെ നടത്തിയ മാർച്ചും അക്രമാസക്തമായി. സർവകലാശാല വൈസ് ചാൻസലർ പ്രൊഫ.ഗോപിനാഥ് രവീന്ദ്രന്റെ പുനർ നിയമനം റദ്ദാക്കുക, വിസി രാജി വയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യുവമോർച്ച ജില്ലാ കമ്മിറ്റി താവക്കര കണ്ണൂർ യൂനിവേഴ്‌സിറ്റി ആസ്ഥാനത്തേക്ക് ബുധനാഴ്‌ച്ച രാവിലെ നടത്തിയ പ്രതിഷേധ മാർച്ചിനിടെ പ്രവർത്തകർ ബാരിക്കേഡ് മറികടന്നു കൊണ്ടു സർവകലാശാലയ്ക്കുള്ളിൽ കടക്കാൻ ശ്രമിച്ചതിനെ തുടർന്ന് പൊലിസ് ജല പീരങ്കി പ്രയോഗിച്ചു.

യുവമോർച്ച മാർച്ചിൽ സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രധാന കവാടത്തിന് മുന്നിൽ ബാരിക്കേഡ് കെട്ടി കനത്ത സുരക്ഷ തീർത്തിരുന്നു. രാവിലെ 11.30 ഓടെയാണ് മുപ്പതോളം പ്രവർത്തകർ ബിജെപി ജില്ലാ കമ്മിറ്റി ഓഫിസായ മാരാർജി ഭവനിൽ നിന്നും പ്രകടനവുമായി എത്തിയത്. സമരക്കാർ ബാരിക്കേഡ് മറികടന്നു അവ ഇളക്കി മാറ്റാനുള്ള ശ്രമം ജലപീരങ്കി ഉപയോഗിച്ച് പൊലീസ് തടഞ്ഞു. തുടർന്ന് സംസ്ഥാന പ്രസിഡന്റ് പ്രഫുൽ കൃഷ്ണ ഉദ്ഘാടനം ചെയ്തു.

വി .സി യുടെ പുനർ നിയമനം ശരിവച്ച വന്ന സിംഗിൾ ബഞ്ച് കോടതി വിധി കണ്ട് മുഖ്യമന്ത്രിപിണറായി വിജയൻ സന്തോഷിക്കണ്ട. ഇതുകൊണ്ടെന്നും യുവമോർച്ച സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് പ്രഫുൽ കൃഷ്ണ പറഞ്ഞു. ജില്ലാ സെക്രട്ടറി അർജുൻ മാവിലക്കണ്ടി സ്വാഗതം പറഞ്ഞു. യുവമോർച്ച ജില്ലാ പ്രസിഡന്റ് മനോജ് പൊയിലൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ ഗണേശ്, അരുൺ കൈതപ്രം, അരുൺ തോമസ് പ്രകടനത്തിന് നേതൃത്വം നൽകി.