- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പന്നികളിൽ ബാധിക്കുന്ന അപൂർവ്വ മാരക വൈറസ്; കണ്ണൂരിൽ പ്രത്യേക സജീകരണം ഒരുക്കി മൃഗസംരക്ഷണ വകുപ്പ്
കണ്ണൂർ: പന്നികളെ ബാധിക്കുന്ന മാരക വൈറസ് രോഗമായ ആഫ്രിക്കൻ പന്നിപ്പനി രാജ്യത്ത് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലയിൽ പ്രതിരോധ നടപടികൾ ശക്തമാക്കി മൃഗസംരക്ഷണ വകുപ്പ്.പന്നികളെ ബാധിക്കുന്ന മാരകവും അതിസാംക്രമികവുമായ പന്നിപ്പനി ഫലപ്രദമായ വാക്‌സിനോ ചികിത്സയോ ഇല്ലാത്ത വൈറസ് രോഗമായതിനാൽ മുൻകരുതൽ സ്വീകരിക്കണം. ഇതിനായി ബയോസെക്യൂരിറ്റി നടപടികൾ കാര്യക്ഷമമാക്കി.
ജില്ലയിലെ സർക്കാർ, സ്വകാര്യ പന്നിവളർത്തൽ കേന്ദ്രങ്ങളിൽ രോഗലക്ഷണമോ മരണമോ ഉണ്ടോയെന്ന് നിരീക്ഷിക്കാൻ മൃഗസംരക്ഷണ വകുപ്പ് ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി. ജാഗ്രതാ നിർദേശത്തിന്റെ ഭാഗമായി പന്നിഫാം ഉടമസ്ഥർക്ക് ബോധവത്കരണം നൽകും. രോഗപ്രതിരോധ പ്രവർത്തനത്തെക്കുറിച്ചുള്ള ലഘുലേഖകൾ വിതരണം ചെയ്തിട്ടുണ്ട്.
ഫാമുകളുടെ പ്രവേശന കവാടത്തിനുള്ളിലേക്ക് ആരെയും പ്രവേശിപ്പിക്കരുത്. ഫാമുകൾ അണുവിമുക്തമാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതോടൊപ്പം പുറത്ത് നിന്ന് പന്നികളെയും പന്നിയിറച്ചിയും വാങ്ങുന്നതിന് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് ജൂലൈ 22ന് രാവിലെ 10.30ന് ഇരിട്ടി വെറ്റിനറി പോളിക്ലിനിക്കിൽ ബോധവൽകരണ ക്ലാസ് നടക്കും.
ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ബിഹാറിലും ഈ രോഗം റിപ്പോർട്ട് ചെയ്തതായാണ് മൃഗസംരക്ഷണ വകുപ്പിന്റെ അറിയിപ്പ്. രോഗനിയന്ത്രണ സംവിധാനവും പ്രതിരോധ കുത്തിവെപ്പും ഇല്ലാത്തതിനാൽ രോഗം കണ്ടെത്തിയ ഫാമുകളിലെ പന്നികളെ കൊന്നു കുഴിച്ചുമൂടുകയാണ് രോഗ നിയന്ത്രണത്തിനുള്ള ഏക മാർഗം.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്