കണ്ണൂർ: കണ്ണൂരിൽ അന്താരാഷ്ട്ര വിമാനത്താവളം വരുമ്പോൾ ഇതൊരു ' ക്രൈംപോർട്ട് ' ആയി മാറുമോ എന്ന് സംശയിച്ചിരുന്നു. ആ സംശയം ബലപ്പെടുത്തുന്നതാണ് കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ആദ്യ സ്വർണ്ണകടത്തുകാരനെ പിടികൂടിയ സംഭവം. വിമാനത്താവളം വരും മുമ്പ് തന്നെ സാമ്പത്തിക ഇടപാട് മുന്നിൽ കണ്ട് ഇത്തരം സംഘങ്ങൾ തയ്യാറെടുപ്പ് നടത്തി കഴിഞ്ഞിരുന്നു. അത്തരത്തിലുള്ള സൂചനകൾ പൊലീസിനും ലഭിക്കുകയുണ്ടായി.

ജില്ലയിലെ രാഷ്ട്രീയ സംഘർഷങ്ങൾക്ക് നേതൃത്വം നൽകിയ ക്രിമിനൽ സംഘങ്ങൾ നേരത്തെ തന്നെ ക്വട്ടേഷൻ സംഘങ്ങളായും മാഫിയാ സംഘങ്ങളായും മറ്റും പ്രവർത്തിച്ചു തുടങ്ങിയിരുന്നു. കണ്ണൂരിലെ രാഷ്ട്രീയ ക്രിമനലുകൾ കൊടിയുടേയും പ്രത്യയ ശാസ്ത്രത്തിന്റേയും വേർതിരിവില്ലാതെ കർണ്ണാടമുൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളിൽ സാമ്പത്തിക -ഗുണ്ടാ ഇടുപാടുകളിൽ സജീവ സാന്നിധ്യം ഉറപ്പിച്ചു കഴിഞ്ഞിരുന്നു.

പഴയ കുടിപ്പകകൾ തീർക്കാൻ മെനക്കെടാതെ ഇത്തരം സംഘങ്ങൾ ഒരുമിച്ച് ക്വട്ടേഷൻ ഏറ്റെടുത്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അതോടൊപ്പം അവരുടെ മനസ്സിലെ രാഷ്ട്രീയ വൈരാഗ്യം അലിഞ്ഞില്ലാതാവുകയും സമ്പത്ത് കുന്ന് കൂട്ടാൻ ഒരുമിച്ച് നിൽക്കുകയുമാണ് പതിവ്. കുപ്രസിദ്ധമായ കാസർഗോട്ടെ സ്വർണ്ണകടത്ത് സംഘങ്ങളും മംഗളൂരുവിലെ ലഹരിമരുന്നു മാഫിയകളും ഹവാല പണമിടപാരുകാരും ഒരുമിച്ച് ചേരുന്നതിന്റെ സൂചനകളും കണ്ടു വരുന്നുണ്ട്.

കേരളത്തിലെ കുറ്റ കൃത്യങ്ങളുടെ കേന്ദ്രമായ കൊച്ചി ഇനി കണ്ണൂരിന് വഴിമാറികൊടുക്കേണ്ട അവസ്ഥയും വന്നേക്കാം. കാസർഗോട്ടെ സ്വർണ്ണകടത്ത് സംഘങ്ങൾ കണ്ണൂർ വിമാനത്താവളത്തെ ലക്ഷ്യമാക്കി കഴിഞ്ഞു. ദിനം പ്രതി മംഗലൂരു വിമാനത്താവളത്തിൽ നിന്നും പിടികൂടപ്പെടുന്ന കടത്തുകാരുടെ എണ്ണം അടുത്ത ദിവസങ്ങളിലായി കാണുന്നില്ല. ഇത് കണ്ണൂരിലേക്ക് ചേക്കേറാനുള്ള ഗൂഢാലോചനയുടെ ഭാഗമാണോ എന്നും സംശയമുണ്ട്.

കണ്ണൂർ ജില്ലയിൽ രാഷ്ട്രീയ പാർട്ടികൾ വളർത്തിയെടുത്ത അക്രമി സംഘങ്ങൾ പാർട്ടി നേതൃത്വങ്ങൾക്ക് വഴങ്ങാത്ത അവസ്ഥയിലേക്ക് നീങ്ങുകയാണ്. പാനൂർ തലശ്ശേരി, ഇരിട്ടി മേഖലകളിലെ ഇത്തരം സംഘങ്ങൾ എതിരാളികളുടെ താവളങ്ങളിൽ അക്രമം നടത്തുന്നതിന് വേണ്ടി ഓരോ പാർട്ടിയും വളർത്തിയെടുത്തവയാണ്. അതനുസരിച്ചുള്ള ആയുധ പരിശീലനവും അവർക്ക് ലഭിച്ചിട്ടുണ്ട്. എന്നാൽ കായിക ശക്തിയും ആയുധ ബലവും ഇപ്പോൾ സ്വന്തം സാമ്പത്തിക ശക്തിക്കുവേണ്ടി ഉപയോഗിച്ച് വരികയാണ്. നേരത്തെ മുഖാമുഖം നിന്ന് പോരടിച്ച് കൊല്ലും കൊലയും നടത്തിയവർ സാമ്പത്തിക ശക്തിയാകാൻ ഒരുമിച്ച് പ്രവർത്തിക്കുന്ന സാഹചര്യമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

രാഷ്ട്രീയ സ്ഥിരം കുറ്റവാളികൾ ഇപ്പോൾ പാർട്ടി പണി ഏറ്റെടുക്കുന്നതിൽ വിമുഖരാണ്. കവർച്ച, ഹവാല കൊള്ള തുടങ്ങിയ കാര്യങ്ങളിൽ ഒരു കാലത്ത് പരസ്പരം പോരാടിയവർ ഇപ്പോൾ ഒരുമിച്ച് നിൽക്കുകയാണ്. ഹവാല സംഘങ്ങൾ പണവുമായി വരുന്ന സമയത്ത് അവരുടെ വാഹനം തടഞ്ഞു നിർത്തി ആയുധങ്ങളെടുത്ത് ഭീഷണിപ്പെടുത്തിയാണ് പണം തട്ടുന്നത്. ഇത്തരത്തിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടയയിൽ സംഘങ്ങൾ കോടികൾ തട്ടിയെടുത്തിട്ടുണ്ട്. കർണ്ണാടക-കോഴിക്കോട് ഭാഗങ്ങളിൽ നിന്നും എത്തുന്ന പണം വഴി തിരിച്ച് വിട്ട് കണ്ണൂർ ജില്ലയിലെ മലയോര മേഖലയിലെത്തിച്ച് പണം തട്ടുകയാണ് പതിവ്.

വിമാനത്താവളം യാഥാർത്ഥ്യമായതോടെ കാസർഗോട്ടെ സ്വർണ്ണകടത്ത് സംഘങ്ങളുമായി ഇത്തരം ക്രിമിനൽ സംഘങ്ങൾ ബന്ധപ്പെട്ടു കഴിഞ്ഞുവെന്നാണ് വിവരം. വിമാനത്താവളം യാഥാർത്ഥ്യമായതോടെ കണ്ണൂർ പൊലീസിലും കാര്യമായ മാറ്റംവരുത്തിയിട്ടുണ്ട്. സിറ്റി, റൂറൽ എന്നിങ്ങനെ വിഭജിച്ചു കഴിഞ്ഞു. അതോടെ മലയോര പ്രദേശങ്ങളും വിമാനത്താവളവും ഉൾപ്പെട്ട പ്രദേശം ശക്തമായ പൊലീസ് നിരീക്ഷണത്തിൽ ഉൾപ്പെടുത്താനാണ് ആഭ്യന്തര വകുപ്പിന്റെ നീക്കം.