മട്ടന്നൂർ: കോവിഡ് വ്യാപനത്തെ തുടർന്ന് സ്തംഭിച്ച കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും വീണ്ടും വിമാന സർവീസ്സജീവമാകുന്നു. മുബൈ സെക്ടറിലേക്ക് ഈമാസം 20കണ്ണൂരിൽ നിന്നും വിമാന സർവീസ് തുടങ്ങുമെന്ന് കിയാൽ അധികൃതർ അറിയിച്ചു. ഇൻഡിഗോ എയർലൈൻസാണ് ആഴ്ചയിൽ രണ്ടുദിവസം മൂന്ന് ദിവസം സർവീസ് നടത്തുക.

ചൊവ്വ, വ്യാഴം, വെള്ളി എന്നീ ദിവസങ്ങളിലാണ് സർവീസ്.രാവിലെ എട്ടുമണിക്ക് മുംബൈയിൽ നിന്ന് പുറപ്പെട്ട് 9.45ന് കണ്ണൂരിലെത്തിയിട്ട് തിരിച്ച് 10.25ന് മുംബൈയിൽ എത്തുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ഇതിനായുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചതായി കിയാൽ അധികൃതർ അറിയിച്ചു. 2064രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.

മുംബൈ സെക്ടറിൽ യാത്രക്കാരുടെ എണ്ണം കൂടിയ സാഹചര്യത്തിലാണ് വിമാന കമ്പിനി സർവീസ് പുനരാരംഭിച്ചതെന്ന് കിയാൽ അധികൃതർ അറിയിച്ചു. കോവിഡ് ലോക്ക് ഡൗൺ തുടങ്ങിയതിനു ശേഷം ഒരു തവണ മുംബൈ സെക്ടറിലേക്ക് ആഭ്യന്തര സർവീസ് തുടങ്ങിയിരുന്നുവെങ്കിലും പിന്നീട് കോവിഡ് വ്യാപനം ശക്തമായി സാഹചര്യത്തിൽ പിന്നീട് നിർത്തുകയായിരുന്നു.