മട്ടന്നൂർ: കോവിഡ് വ്യാപനത്തെ തുടർന്ന് ിമാന സർവീസുകൾ വെട്ടി ചുരുക്കിയെങ്കിലും കണ്ണുർ രാജ്യാന്തര വിമാനതാവളം വഴിയുള്ള സ്വർണക്കടത്തിന് കുറവൊന്നു മുണ്ടായില്ല. സർവീസ് നടത്തിയ വിമാനങ്ങൾ കൊണ്ടു അഡ്ജസ്റ്റു ചെയ്യുകയായിരുന്നു സ്വർണക്കടത്ത് സംഘങ്ങൾ' രാജ്യമാകെ കൊ വിഡ്‌നിയന്ത്രണങ്ങൾ തുടങ്ങിയതിനു ശേഷം കണ്ണൂർ രാജ്യാന്തര വിമാനത്താവളം വഴി കടത്തവെ പിടികൂടിയത് 38 കോടിയോളം രൂപ വിലമതിക്കുന്ന സ്വർണമാണെന്നാണ് കസ്റ്റംസ് പുറത്തുവിട്ട കണക്കുകൾ പറയുന്നത്.

ലോക്ക്ഡൗൺ പ്രഖ്യാപിച്ച 2020 മാർച്ച് 24 മുതൽ 2021 സെപ്റ്റംബർ 17 വരെയായി 76 കിലോയിലധികം സ്വർണമാണു പിടികൂടിയത്. 122 കേസുകളും കസ്റ്റംസ് രജിസ്റ്റർ ചെയ്തു. കോവിഡിനെ തുടർന്ന് പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുവന്ന ചാർട്ടേഡ് വിമാനങ്ങളിലും സ്വർണക്കടത്ത് നടത്തി. കഴിഞ്ഞ ഏതാനും മാസങ്ങളിൽ വിമാനസർവീസുകളുടെ എണ്ണം കുറഞ്ഞതോടെ സ്വർണക്കടത്തും കുറഞ്ഞിരുന്നു. വൻകിട സ്വർണക്കടത്ത് സംഘങ്ങളുടെ കാരിയർമാരാണ് പിടിയിലാകുന്നവരിൽ മിക്കവരും.

എന്നാൽ ആർക്കുവേണ്ടിയാണ് സ്വർണം കൊണ്ടുവരുന്നതെന്ന് പലപ്പോഴും ഇവർ അറിയാറില്ല. നാട്ടിലെത്തിയ ശേഷം സ്വർണം മറ്റൊരാൾക്ക് കൈമാറും. ശരീരത്തിലും വൈദ്യുതോപകരണങ്ങളിലും മറ്റും ഒളിപ്പിച്ചാണ് മിക്കവരും സ്വർണം കടത്തുന്നത്. ഒപ്പമുള്ള കുട്ടിയുടെ ഡയപ്പറിൽ ഒളിപ്പിച്ചു വരെ സ്വർണം കടത്താൻ കണ്ണൂർ വിമാനത്താവളത്തിൽ ശ്രമം നടന്നിരുന്നു. ധരിച്ചിരുന്ന പാന്റ്‌സിൽ സ്വർണം പൂശി ഡിസൈനുണ്ടാക്കി കടത്താൻ ശ്രമിച്ച വിരുതനും പിടിയിലായിരുന്നു.

ഒരു കോടിയിലധികം രൂപയുടെ സ്വർണം പിടിക്കപ്പെട്ടാൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. ഇതൊഴിവാക്കാൻ ഇതിൽ കുറഞ്ഞ അളവിലാണ് മിക്കപ്പോഴും സ്വർണം കടത്തിക്കൊണ്ടുവരുന്നത്. ഇത്തരം കേസുകളിൽ പിടിക്കപ്പെട്ടാൽ പിഴയടച്ച് തടിയൂരാൻ പലർക്കും സാധിക്കുമെന്നതാണ് സൗകര്യമായെടുക്കുന്നത് കണ്ണുർ വിമാനത്താവളം വഴി സ്വർണം കടത്തുമ്പോൾ പിടിയിലായവരിൽ കൂടുതൽ കാസർകോട്, കോഴിക്കോട് ജില്ലക്കാരാണ്.