- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ഹജ്ജ് എംബർക്കേഷൻ കേന്ദ്രം തുടങ്ങണം; ആവശ്യം ശക്തമാകുന്നു
കണ്ണൂർ: അടുത്തവർഷം ഹജ്ജ് തീർത്ഥാടനത്തിനു പുറപ്പെടുന്നവർക്കായുള്ള പുറപ്പെടൽ കേന്ദ്രത്തിൽ നിന്നു കരിപ്പൂർ വിമാനത്താവളത്തെ ഒഴിവാക്കിയ സാഹചര്യത്തിൽ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ഹജ്ജ് എംബർക്കേഷൻ അനുവദിക്കണമെന്ന് ആവശ്യം ശക്തമാകുന്നു. അടുത്ത ഹജ്ജ് സീസണിൽ കേരളത്തിൽ നിന്നു കൊച്ചി വിമാനത്താവളത്തിൽ മാത്രമാണു ഹജ്ജ് യാത്രാ സൗകര്യമുള്ളത്. വലിയ വിമാനങ്ങൾക്കു പുറപ്പെടാൻ അനുമതിയില്ലാത്തതും വിമാന അപകടത്തിന്റെ പശ്ചാതലത്തിലുമാണു കരിപ്പൂർ വിമാനത്താവളത്തെ ഒഴിവാക്കിയുള്ള കേന്ദ്രസർക്കാരിന്റെ ഉത്തരവ്.
കേരളത്തിനു പുറമെ പുതുച്ചേരി, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലുള്ളവരുടെ ഹജ്ജ് എംബാർക്കേഷൻ പോയിന്റായി കൊച്ചി വിമാനത്താവളത്തെയാണു നിശ്ചയിച്ചിട്ടുള്ളത്. കേരളത്തിൽ നിന്നു തന്നെ ഏറ്റവും കൂടുതൽ ഹജ്ജ് യാത്രക്കാരുള്ള കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലുള്ളവരും പുതുച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായ മാഹിയിലുള്ളവർക്കും മണിക്കൂറുകൾ താണ്ടി കൊച്ചി വിമാനത്താവളത്തെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്. എംബാർക്കേഷൻ പോയിന്റായാൽ കർണാടകയിലെ ദക്ഷിണ കന്നഡ, കുടക്, തമിഴ്‌നാട്ടിലെ നീലഗിരി ജില്ലകളിലുള്ളവർക്കു ഹജ്ജ് യാത്രക്കാർക്കു സൗകര്യം കണ്ണൂർ വിമാനത്താവളത്തെ ആശ്രയിക്കലായിരിക്കും. കണ്ണൂരിനെയും ഹജ്ജ് എംബാർക്കേഷൻ പോയിന്റായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ സംസ്ഥാനസർക്കാർ കേന്ദ്രസർക്കാരിനു കത്ത് നൽകിയിരുന്നു.
ആധുനിക സൗകര്യങ്ങളോടെ മൂന്നുവർഷം മുമ്പ് പ്രവർത്തനം തുടങ്ങിയ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾ ഇറക്കുന്നതിലോ പുറപ്പെടുന്നതിലോ നിലവിൽ തടസമില്ല. കൊച്ചി വിമാനത്താവളത്തിനു സമാനമായ 3050 മീറ്റർ റൺവേ വിസ്തൃതി കണ്ണൂരിനുണ്ട്. കോവിഡ് ലോക്ക്ഡൗണിൽ ഗൾഫിൽ നിന്നു യാത്രക്കാരുമായി വൈഡ് ബോഡി വിമാനങ്ങൾ കണ്ണൂരിൽ ഇറങ്ങിയിരുന്നു. കേന്ദ്രസർക്കാരിന്റെ എയർ ബബ്ൾ പദ്ധതി പ്രകാരമാണു വിദേശക്കമ്പനികളുടെ വൈഡ് ബോഡി വിമാനങ്ങൾ കണ്ണൂരിലേക്കു ചാർട്ടർ ചെയ്തിരുന്നത്.
എയർഇന്ത്യയുടെ വൈഡ് ബോഡി വിമാനമായ ബോയിങ് 777-300 വിമാനവും യാത്രക്കാരുമായി കണ്ണൂരിൽ എത്തിയിരുന്നു. എന്നാൽ വിദേശ വിമാനക്കമ്പനികൾക്കു സർവിസ് നടത്താനുള്ള പോയിന്റ് ഓഫ് കോൾ അനുമതി ലഭിക്കാത്തതാണു കണ്ണൂരിനുള്ള തടസം. ഹജ്ജ് എംബാർക്കേഷൻ പോയിന്റ് ലഭിച്ചാൽ വേണ്ട അടിസ്ഥാന സൗകര്യം കണ്ണൂരിലുണ്ടെന്നു കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (കിയാൽ) അധികൃതർ അറിയിച്ചു. പുതിയ വിമാനത്താവളമെന്ന നിലയിൽ ആധുനിക സൗകര്യമെല്ലാം കണ്ണൂരിലുണ്ട്. അനുമതി ലഭിച്ചാൽ ഹജ്ജ് യാത്രക്കാർക്കും വിമാനത്താവത്തിനും നേട്ടമായിരിക്കുമെന്നു കിയാൽ അധികൃതർ വ്യക്തമാക്കി.
ഹജ്ജ് വിമാനങ്ങൾ കണ്ണൂരിൽ എത്തിയാൽ വടക്കേമലബാറിൽ നിന്നുള്ള തീർത്ഥാടകർക്കാണ് ഏറ്റവും കൂടുതൽ ഗുണം ലഭിക്കുകയെന്ന് ട്രാവൽ ഏജൻസി ഉടമകൾ പറഞ്ഞു. കാസർകോട് നിന്നു കൊച്ചി വിമാനത്താവളത്തിൽ എത്താൻ ചുരുങ്ങിയതു 10 മണിക്കൂർ യാത്രചെയ്യണം. എന്നാൽ കണ്ണൂർ വിമാനത്താവളത്തിൽ മൂന്നുമണിക്കൂർ കൊണ്ട് എത്താൻ കഴിയും. കണ്ണൂരിലേക്കാണെങ്കിൽ പ്രായമായ യാത്രക്കാരുടെ യാത്രാക്ഷീണവും ഒഴിവാക്കാമെന്നും ട്രാവൽ ഉടമകൾ വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ