മട്ടന്നൂർ: കോവിഡ്മൂന്നാം തരംഗം പരിഗണിച്ച് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വിവിധ ആഭ്യന്തര സെക്ടറുകളിലേക്കുള്ള പ്രതിദിന സർവീസുകളുടെ ദിവസം ചുരുക്കി. തിരുവനന്തപുരം, കൊച്ചി, ഗോവ, ചെന്നൈ, ഹൈദരാബാദ് എന്നീ ടൗണുകളിലേക്കുള്ള പ്രതിദിന സർവീസുകളാണു ദിവസം കുറച്ചത്.

താൽക്കാലികമായി കണ്ണൂരിൽ നിന്ന് ബെംഗളൂരുവിലേക്കു മാത്രമാണ് പ്രതിദിന സർവീസ്. കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ ദിവസം രാജ്യത്ത് ഉടനീളം 20 ശതമാനം സർവീസുകൾ ചുരുക്കിയതിന്റെ ഭാഗമായി ഇൻഡിഗോ കണ്ണൂരിൽ നിന്നുള്ള നാലുസർവീസുകൾ ചുരുക്കിയിരുന്നു. പാസഞ്ചർ ട്രാഫിക് കൂടുന്നതിന് അനുസരിച്ച് വീണ്ടും പ്രതിദിന സർവീസായി ഉയർത്തുമെന്ന് കിയാൽ അധികൃതർ അറിയിച്ചു.