കണ്ണൂർ: വടക്കൻകേരളത്തിലെ മലയാളികൾക്ക് ഓണസമ്മാനമായി കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് സെപ്റ്റംബറിൽ വാണിജ്യാടിസ്ഥാനത്തിൽ സർവീസ് തുടങ്ങും. വിദേശത്തുനിന്നുള്ള പത്തെണ്ണമടക്കം 16 വിമാനക്കമ്പനികൾ സർവീസ് നടത്താനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്. 3050 മീറ്റർ റൺവേയുമായാണ് വിമാനത്താവളം കമ്മിഷൻചെയ്യുക. വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനംതുടങ്ങിയതിനുശേഷം റൺവേ 3400 മീറ്ററാക്കാനുള്ള പണിതുടങ്ങും. റൺവേ നാലായിരമാക്കാൻ തീരുമാനിച്ചിട്ടുണ്ട്.

മെയ്‌മാസത്തോടെ നിർമ്മാണം പൂർത്തിയാകും. ടെർമിനൽ, എയർട്രാഫിക് കൺട്രോൾ എന്നിവയുൾപ്പെടെ സജ്ജമാണെന്ന പരിശോധന അതിന് ശേഷം നടക്കും. ജൂണിൽ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ ലൈസൻസിന് അപേക്ഷിക്കാനാണ് ഇപ്പോഴത്തെ ശ്രമം. തുടർന്നുള്ള പരിശോധനയ്ക്കും നടപടിക്രമങ്ങൾക്കുമായി രണ്ടുമാസത്തെ സമയമെടുക്കും. ഓഗസ്റ്റിൽ ലൈസൻസ് നേടാനായാൽ സെപ്റ്റംബറിൽ സർവീസ് തുടങ്ങാനാകുമെന്നാണ് കണക്കുകൂട്ടൽ.

എയർ ഇന്ത്യ എക്സ്പ്രസിന് പുറമെ ജെറ്റ് എയർവേയ്സ്, ഗോ എയർ, ഇൻഡിഗോ, സ്പൈസ്ജെറ്റ്, എയർ ഇന്ത്യ എന്നീ ഇന്ത്യൻ കമ്പനികളാണ് കണ്ണൂരിൽനിന്ന് സർവീസ് നടത്താമെന്ന ധാരണയായിട്ടുള്ളത്. എമിറേറ്റ്സ്, ഫ്ളൈ ദുബായ്, എത്തിഹാദ്, എയർ അറേബ്യേ, ഒമാൻ എയർവേയ്സ്, ഖത്തർ എയർവേയ്സ്, സൗദിയ എയർലൈൻസ്, സിൽക് എയർ എന്നിവയാണ് കണ്ണൂരിൽ സർവീസിനൊരുങ്ങുന്ന വിദേശകമ്പനികൾ. കുവൈറ്റ് എയർലൈൻസിന്റെ കാര്യത്തിൽ ചർച്ച തുടരുകയാണ്. അതുകൊണ്ട് തന്നെ പ്രവാസി മലയാളികൾക്ക് ഈ വിമാനത്താവളം ഏറെ ആശ്വാസമാകും.

ഗൾഫ്രാജ്യങ്ങളിലേക്കുള്ള സർവീസുകൾക്കൊപ്പം സിങ്കപ്പൂർ, ക്വലാലംപുർ എന്നിവിടങ്ങളിലേക്കും സർവീസുണ്ടാകും. തിരുവനന്തപുരത്തേക്ക് പ്രതിദിനട്രിപ്പ് ഉറപ്പാക്കാവുന്നവിധം ഡൊമസ്റ്റിക് സർവീസും തുടക്കംമുതൽ ലക്ഷ്യമിടുന്നുണ്ട്. മംഗലാപുരം വിമാനത്താവളത്തിൽനിന്ന് വിദേശസർവീസുകൾ കുറവായതിനാൽ കണ്ണൂർ വിമാനത്താവളത്തിലേക്ക് കൂടുതൽ യാത്രക്കാരെത്തുമെന്നാണ് കിയാലിന്റെ വിലയിരുത്തൽ. കയറ്റുമതിസാധ്യതകൂടി കണക്കിലെടുത്ത് എയർകാർഗോയ്ക്ക് പ്രത്യേക പരിഗണനൽകാനും കിയാൽ തീരുമാനിച്ചിട്ടുണ്ട്.