കോഴിക്കോട്: സുപ്രീംകോടതിയിൽനിന്നും ഗവർണ്ണറിൽനിന്നും അടി വാങ്ങി സംസ്ഥാനത്തെ ഭരണപക്ഷത്തെയും, ബിജെപിയടക്കമുള്ള പ്രതിപക്ഷത്തെയും ഒരുപോലെ നാണക്കേടിലാക്കിയ സ്വാശ്രയ കച്ചവടത്തിൽ പ്രവർത്തിച്ച കണ്ണൂർ, കരുണ മെഡിക്കൽകോളജുകൾ പ്രവർത്തിക്കുന്നത് അടിമുടി നിയമവിരുദ്ധമായി.

മുസ്ലിം ന്യൂനപക്ഷങ്ങൾക്കുള്ള പ്രത്യേക പദവിയിലൂടെയാണ് 50ലക്ഷം മുതൽ ഒരുകോടി വരെ കോഴകൊടുക്കേണ്ട ഈ രണ്ടു സ്ഥാപനങ്ങളും രണ്ടു പ്രമുഖ ഇസ്ലാമിക ഗ്രൂപ്പുകൾ നേടിയെടുത്തത്. കണ്ണുർ അഞ്ചരക്കണ്ടി മെഡിക്കൽകോളജിനു പിന്നിൽ പ്രവർത്തിച്ചത് കാന്തപുരം ഗ്രൂപ്പാണെങ്കിൽ കേരള നദ്വത്തുൽ മുജാഹീദ്ദീനിലെ ഉണ്ണീൻകുട്ടി മൗലവിയുടെ നേതൃത്വത്തിലുള്ള വിഭാഗമാണ് കരുണ കോളജിനുപിന്നിൽ പ്രവർത്തിച്ചത്. പലിശ, ധാർമ്മികത തുടങ്ങിയ ഇസ്ലാമിക വിഷയങ്ങളിൽ മുറുകെ പിടിക്കുന്നെന്ന് പറയുന്ന ഈ ഗ്രൂപ്പുകൾ ഇതുപോലെ കൊള്ളനടത്തുന്നതിനെ പറ്റി എല്ലാതെറ്റുകളും സർക്കാറിനും പ്രതിപക്ഷത്തിനുംമേൽ കെട്ടിവെക്കുന്ന മാധ്യമങ്ങളും കാണുന്നില്ല.

അഞ്ചരക്കണ്ടിയിലെ കണ്ണൂർ മെഡിക്കൽ കോളേജ് തുടക്കം മുതലേ തട്ടിപ്പിലും വെട്ടിപ്പിലും ആരംഭിച്ച കോളേജാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. പ്‌ളാന്റേഷൻ നിയമത്തിന്റെ പരിധിയിൽ വരുന്ന ഏഷ്യയിലെ ഏറ്റവും വലിയ കറപ്പത്തോട്ടമായിരുന്നു അഞ്ചരക്കണ്ടിയിലേത്. 500 ഹെക്ടറോളം വരുന്ന ഈ സ്ഥലം കാന്തപുരത്തിന്റെ സുന്നി സംഘടനയിൽ നിന്ന് പല കഷണങ്ങളായി വിഭജിച്ച് നിയമവിരുദ്ധമായി ആധാരം രജിസ്റ്റർ ചെയ്താണ് ജബ്ബാർ ഹാജി എന്ന മുതലാളി തന്റെ കുടുംബ ട്രസ്റ്റിന്റെ പേരിൽ ഈ തോട്ടം വാങ്ങിയത്. കറപ്പത്തോട്ടം പല സമയങ്ങളിലായി തീയിട്ട് കരിച്ചിട്ടാണ് അവിടെ വലിയൊരു സ്വാശ്രയ വിദ്യാഭ്യാസ കച്ചവട സമുച്ചയം നിർമ്മിച്ചിരിക്കുന്നത്. വെറും മെഡിക്കൽ കോളേജ് മാത്രമല്ല, എഞ്ചിനീയറിങ്ങ് കോളേജും ദന്തൽ കോളേജും നഴ്‌സിങ്ങ് കോളേജും എല്ലാം ഇവിടെ ഉണ്ട്.