കണ്ണൂർ: ഇന്ത്യൻ സൈന്യത്തിൽ ചേരാൻ അവസരത്തിന് വേണ്ടി എന്തും ചെയ്യുന്ന യുവാക്കൾ ഇപ്പോഴുമുണ്ടെന്നതിന്റെ തെളിവായി കണ്ണൂരിൽ നടന്ന റിക്രൂട്ട്‌മെന്റ് റാലി. വെറും 30 ഒഴിവുകളിലേക്കായി ഭാഗ്യാന്വേഷികളായി എത്തിയത് 15,000ത്തിലധികം യുവാക്കളാണ്. 122 ഇൻഫൻട്രി ബറ്റാലിയൻ റിക്രൂട്ട്മന്റിന് എത്തിയവരെ കൊണ്ട് ഇന്നലെ കണ്ണൂർ നഗരം ശരിക്കും വീർപ്പുമുട്ടുകയായിരുന്നു. റിക്രൂട്ട്‌മെന്റ് ഇന്നുകൂടി നടക്കുന്നതിനാൽ എത്തുന്നവരുടെ എണ്ണം ഇനിയും ഉയരുമെന്നത് ഉറപ്പാണ്.

തൊഴിൽ എന്നതിൽ ഉപരി സൈനികനാവുന്നതിലുള്ള ആവേശവുമായാണ് യുവജനങ്ങൾ റാലിക്കെത്തിയത്. കേരളം, തമിഴ്‌നാട്, കർണാടക, ആന്ധ്ര, തെലങ്കാന, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലുള്ളവർക്കായാണ് കണ്ണൂരിൽ റിക്രൂട്ട്മന്റെ് നടക്കുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ച ടെറിട്ടോറിയിൽ ആർമി ബറ്റാലിയനുകളിലൊന്നാണ് കണ്ണൂരിലെ 122 ഇൻഫൻട്രി ബറ്റാലിയൻ.

സൈനികരാവാനുള്ള മോഹവുമായി എത്തിയവരുടെ ബാഹുല്യംകാരണം കണ്ണൂർ നഗരം അക്ഷരാർഥത്തിൽ വീർപ്പുമുട്ടി. ആർമി മൈതാനിയിൽ നടന്ന റിക്രൂട്ട്മന്റെിന് തിങ്കളാഴ്ച വൈകീട്ട് മുതൽതന്നെ ഉദ്യോഗാർഥികൾ എത്തിത്തുടങ്ങിയിരുന്നു. കടത്തിണ്ണകളിലും പ്ലാറ്റ് ഫോമുകളിലുമൊക്കെയായിരുന്നു ഉദ്യോഗാർഥികളുടെ താമസം. പട്ടാളത്തിൽ ജോലിചെയ്യുമ്പോൾ ഇതിലും മോശമായ അവസ്ഥകളിൽ ജോലി ചെയ്യേണ്ടിവരുമെന്നതിനാൽ കടത്തിണ്ണയും പ്ലാറ്റ്‌ഫോമുമൊന്നും പ്രശ്‌നമല്ലെന്നായിരുന്നു ഉദ്യോഗാർഥികളുടെ സമീപനം.

കുടിവെള്ളവും ഭക്ഷണവും ലഭിക്കാതെ ശരിക്കും സഹനസമരമായിരുന്നു റിക്രൂട്ട്മന്റെിന്റെ ആദ്യദിനം. പലരുടെയും കൈയിൽ കരുതിയിരുന്ന കുപ്പിവെള്ളം രാവിലെയാകുമ്പോഴേക്കും തീർന്നിരുന്നു. ക്യൂവിൽ സ്ഥാനംപിടിച്ചിരുന്നതിനാൽ പുറത്തുപോയി വെള്ളം വാങ്ങാനുമായില്ല. ജില്ല ആശുപത്രിക്കു സമീപമുള്ള കടകളും മറ്റുമാണ് ഉദ്യോഗാർഥികൾക്ക് ആശ്രയമായത്. എന്നാൽ, നൂറുകണക്കിന് പേർ എത്തിയതോടെ ഹോട്ടലുകളിലെ ഭക്ഷണമൊക്കെ പെട്ടെന്ന് തീർന്നു. ചിലർ ഉന്തുവണ്ടിയിൽ കുടിവെള്ളവും സംഭാരവുമൊക്കെയായി എത്തിയത് അൽപം ആശ്വാസമായി. എങ്കിലും, മിക്കവർക്കും കഴിക്കാനൊന്നും ലഭിച്ചില്ല.

റിക്രൂട്ട്മന്റെിന് ആദ്യംതന്നെ ക്യൂവിൽ എത്തുന്നതിനുള്ള തത്രപ്പാടിലായിരുന്നു ഉദ്യോഗാർഥികൾ. തലേദിവസം വൈകീട്ടുതന്നെ എത്തിയതും ഇതിനായിരുന്നു. ഇൻഫൻട്രി ബറ്റാലിയൻ റോഡിനോടുചേർന്ന് ഉദ്യോഗാർഥികൾ കൂട്ടമായി ഇരുന്നപ്പോൾ, കാവലുണ്ടായിരുന്ന പട്ടാളക്കാർതന്നെ ഉദ്യോഗാർഥികളെ മാറ്റി. ഇതോടെ പലരും ജില്ല ആശുപത്രിഭാഗത്തേക്കും പ്രഭാത് ജങ്ഷൻ ഭാഗത്തേക്കും പോയി. പുലർച്ചയോടെ റിക്രൂട്ട്‌മെന്റ് നടക്കുന്ന മൈതാനിക്കു മുന്നിൽ ഉദ്യോഗാർഥികളുടെ വൻ ക്യൂ രൂപപ്പെട്ടു. പുലർച്ചെ ക്യൂവിൽ നിന്നവർക്കുപോലും ഉച്ചകഴിഞ്ഞാണ് റിക്രൂട്ട്‌മെന്റിനുള്ള പരിശീലനത്തിൽ പങ്കാളികളാകാൻ അവസരമൊരുങ്ങിയത്.

അതേസമയം കായികപരിശോധനയിൽ പരാജയപ്പെട്ട ഉദ്യോഗാർഥികളുടെ വിലാപങ്ങൾക്കും റിക്രൂട്ട്മന്റെ് നടന്ന മൈതാനം സാക്ഷിയായി. മൂന്നും നാലും ദിവസം ട്രെയിനിൽ സഞ്ചരിച്ച് റാലിക്കെത്തിയ ഇതര സംസ്ഥാനക്കാരുൾപ്പെടെയുള്ളവർ ഒരു ചാൻസ് കൂടി ലഭിക്കുന്നതിനായി താണുകേണപേക്ഷിക്കുന്നതായി കാണാമായിരുന്നു. റിക്രൂട്ട്മന്റെിന്റെ ആദ്യപടിയായി നിശ്ചിത ഉയരം സെറ്റ് ചെയ്തിരുന്നു. ഈ ഉയരം ഉള്ളവരെ മാത്രമാണ് തെരഞ്ഞെടുത്തത്. തുടർന്ന് ഗ്രൗണ്ടിൽ നാലു റൗണ്ട് ഓട്ടമടക്കം നിശ്ചയിച്ചിരുന്നു. ആളുകളുടെ എണ്ണം കൂടിയതോടെ നൂറും ഇരുനൂറും പേരെയൊക്കെയാണ് ഓടിച്ചത്. ഓട്ടത്തിൽ മികവുകാണിച്ചവർ, ബാലൻസിങ് ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ അപ്പോൾതന്നെ അവരെ പുറത്താക്കിയിരുന്നു. പരാജയപ്പെട്ടവരെല്ലാം വീണ്ടും ഒരവസരത്തിന് അപേക്ഷിച്ചെങ്കിലും നൽകിയില്ല.