തിരുവനന്തപുരം: കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷനും 30 മുനിസിപ്പാലിറ്റികളും രൂപവത്കരിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറത്തിറങ്ങി. ശനിയാഴ്ചയാണ് വിജ്ഞാപനം പുറത്തിറങ്ങിയത്. ഇതു സംബന്ധിച്ച ഫയലിൽ ഗവർണർ ജസ്റ്റിസ് പി.സദാശിവം ഒപ്പുെവച്ചതിനെത്തുടർന്നാണ് സർക്കാർ വിജ്ഞാപനം ഇറക്കിയത്.

തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിൽ പുതിയ ഭരണ സമിതികൾ നിലവിൽവരുന്ന നവംബർ ഒന്നുമുതൽ പുതിയ നഗരസഭകളും നിലവിൽവരുമെന്ന് മന്ത്രി മഞ്ഞളാംകുഴി അലി അറിയിച്ചു. സംസ്ഥാനത്ത് നേരത്തെ 60 മുനിസിപ്പാലിറ്റികളും അഞ്ച് മുനിസിപ്പൽ കോർപ്പറേഷനുകളുമാണ് ഉണ്ടായിരുന്നത്. കണ്ണൂർ കോർപ്പറേഷന്റെയും പുതിയ മുനിസിപ്പാലിറ്റികളുടെയും രൂപവത്കരണത്തോടെ 89 മുനിസിപ്പാലിറ്റികളും ആറു കോർപ്പറേഷനുമായി മാറി.

കൊണ്ടോട്ടി, നെടിയിരുപ്പ് ഗ്രാമപ്പഞ്ചായത്തുകൾ ചേർത്തുകൊണ്ടോട്ടി മുനിസിപ്പാലിറ്റിയും ഫറോക്ക് പഞ്ചായത്തിനെ ഫറോക്ക് മുനിസിപ്പാലിറ്റിയുമാക്കുന്നതിനുള്ള കരടു വിജ്ഞാപനവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫറോക്ക്, കൊണ്ടോട്ടി എന്നീ മുനിസിപ്പാലിറ്റികളുടെ രൂപവത്കരണവുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളും അഭിപ്രായങ്ങളും അറിയിക്കുന്നതിനായി രണ്ടാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഈ മുനിസിപ്പാലിറ്റികളുടെ രൂപവത്കരണം സംബന്ധിച്ച അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതോടെ മുനിസിപ്പാലിറ്റികളുടെ എണ്ണം 91 ആയി ഉയരും. 

കൊട്ടാരക്കര, ഏറ്റുമാനൂർ, പട്ടാമ്പി, വളാഞ്ചേരി, പരപ്പനങ്ങാടി, പയ്യോളി, പന്തളം, പിറവം, വടക്കാഞ്ചേരിമുണ്ടത്തിക്കോട്, താനൂർ, കൊടുവള്ളി, മുക്കം, ചെർപ്പുളശ്ശേരി, മണ്ണാർക്കാട്, രാമനാട്ടുകര, കീഴൂർ ചാതശേരി (ഇരിട്ടി), മാനന്തവാടി, ഈരാറ്റുപേട്ട, കട്ടപ്പന, കൂത്താട്ടുകുളം, പാനൂർ, ഹരിപ്പാട്, ചെറുവണ്ണൂർനല്ലളം, ബേപ്പൂർ, ഏലത്തൂർതലക്കളത്തൂർ, കഴക്കൂട്ടം, ആന്തൂർ, തിരൂരങ്ങാടി, സുൽത്താൻബത്തേരി, ശ്രീകണ്ഠപുരം എന്നിവയാണ് പുതുതായി മുനിസിപ്പാലിറ്റികളായി പ്രഖ്യാപിച്ചിട്ടുള്ളത്.