കണ്ണൂർ: കണ്ണൂർ - മട്ടന്നൂർ സംസ്ഥാന പാതയിലെ ഏച്ചൂർ േെപ്രടാൾ പമ്പിൽ ക്വട്ടേഷൻ നേതാവ് ജീവനക്കാരെ തല്ലിച്ചതച്ച സംഭവത്തിൽ ചക്കരക്കൽ പൊലിസ് അന്വേഷണമാരംഭിച്ചു. ശനിയാഴ്‌ച്ച അർധരാത്രിയാണ് സംഭവം. കണ്ണൂർ ഭദ്രനെന്നു സ്വയം വിശേഷിപ്പിക്കുന്നയാളാണ് പെട്രോൾ പമ്പ് ജീവനക്കാരെ മർദ്ദിക്കുകയും ഒരുമണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തത്. കാൽലക്ഷം രൂപയുടെ പണമിടപാട് സംഭവിച്ച തർക്കത്തെ തുടർന്നാണ് ഇയാൾ ഗുണ്ടായിസം അഴിച്ചുവിട്ടത്.

പൊലിസ് വന്നാൽ തനിക്കു ഒരു പ്രശ്നവുമില്ലെന്നും ആരെ വേണമെങ്കിലും വിളിച്ചോളൂവെന്നു കണ്ണൂർ ടൗൺ പൊലിസ് ഇൻസ്പെക്ടർ ശ്രീജിത്ത് കോടേരിയുടെ പേര് പറഞ്ഞു ഇയാൾ പലതവണ വെല്ലുവിളിക്കുകയും ചെയ്യുന്നുണ്ട്. ഇയാളെ തടയാൻ ശ്രമിച്ച ഇന്ധനം നിറയ്ക്കാനെത്തിയ മറ്റു യാത്രക്കാരുടെ നേർക്കും ഇയാൾ വെല്ലുവിളിക്കുന്ന ദൃശ്യം ഒരാൾ വീഡിയോയിൽ പകർത്തിയിട്ടുണ്ട്.

ഇതു പൊലിസ് പരിശോധിച്ചുവരികയാണ്. കണ്ണൂർ നഗരത്തിൽ ക്വട്ടേഷൻ പണിയെടുക്കുന്നയാളാണ് താനെന്നും ഏച്ചൂർ സ്വദേശിയായ ഒരാൾക്കു വേണ്ടിയാണ് താൻ ഇടപെടുന്നതെന്നും കണ്ണൂർ ഭദ്രൻ സംഘർഷത്തിനിടെയിൽ വിളിച്ചു പറയുന്നുണ്ട്. പണം കിട്ടാനുള്ള ഏച്ചൂർ സ്വദേശിയും ഇയാൾക്കൊപ്പമുണ്ടായിരുന്നു. ഭദ്രൻ ഓഫിസിൽ കയറി ജീവനക്കാരെ മർദ്ദിക്കുന്ന ദൃശ്യവും പുറത്തുവന്നിട്ടുണ്ട്.

ഇയാൾക്കെതിരെ കേസെടുക്കുമെന്ന് ചക്കരക്കൽ പൊലിസ് അറിയിച്ചു. ഏച്ചൂർ പെട്രോൾ പമ്പിലെ ജീവനക്കാരനുമായി ബന്ധപ്പെട്ട സ്വത്തുതർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്. സ്വത്തുവിറ്റ പണത്തിൽ നിന്നുള്ള കമ്മിഷനായ കാൽലക്ഷം രൂപ ജീവനക്കാരൻ കൊടുക്കാനുണ്ടായിരുന്നുവെന്നും പലതവണ ആവശ്യപ്പെട്ടിട്ടും ഇതുനൽകിയില്ലെന്നും ഇതുവാങ്ങി നൽകാനാണ് താൻ ഇടപെട്ടതെന്നും കണ്ണൂർഭദ്രൻ പറയുന്നു.

പണം കിട്ടാനുള്ളയാളുടെ വീടിന് തറകെട്ടിയിരിക്കുകയാണെന്നും ഇത്തരം വിഷയങ്ങളിൽ ഇടപെടുകയാണ് താൻ ചെയ്യുന്നതെന്നുമാണ് ഭദ്രൻകണ്ണൂർ പറയുന്നത്. കണ്ണൂർ ഭദ്രനെന്നുു പറഞ്ഞാൽ കണ്ണൂർ നഗരത്തിൽ ആരും അറിയുമെന്നും ബസ് സ്റ്റാൻഡിൽ പണം പിരിവാണ് തനിക്കു പണിയെന്നും ഇത്തരത്തിൽ കുറെ പണി നടത്തിയിട്ടുണ്ടെന്നും പൊലിസിനെയും പട്ടാളത്തെയും തനിക്കു പേടിയില്ലെന്നുമാണ് ഇയാളുടെ വെല്ലുവിളി.

കണ്ണൂർ -മട്ടന്നൂർ ദേശീയപാതയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പെട്രോൾ പമ്പാണ് ഏച്ചൂരിലേക്ക്. കണ്ണൂർ ഭാഗത്തു നിന്നും വിമാനത്താവളത്തിലേക്ക് രാത്രികാലങ്ങളിൽ പോകുന്നവർ ഇന്ധനം നിറയ്ക്കുന്നതു ഇവിടെ നിന്നാണ്. ചക്കരക്കൽപൊലിസ് സ്റ്റേഷന്റെ മൂന്നുകിലോമീറ്റർ അകലെയുള്ള പമ്പിൽ അർധരാത്രിയിൽ നടന്ന അക്രമം പൊലിസ് അതീവഗൗരവത്തോടെയാണ് കാണുന്നത്.