- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കണ്ണൂരിൽ ബോംബുകൾ സിപിഎമ്മിന്റെ കുടിൽ വ്യവസായം; ഷുഹൈബിനെയും ടിപി ചന്ദ്രശേഖരനെയും കൊത്തിനുറുക്കിയ കൊലയാളി സംഘങ്ങൾ യഥേഷ്ടം വിഹരിക്കുന്നു'; വിമർശനവുമായി കെ സുധാകരൻ
കണ്ണൂർ : കണ്ണൂർ നഗരത്തിൽ കല്യാണവീട്ടിൽ നടന്ന ബോംബേറിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ സിപിഎമ്മിനെതിരെ കടുത്ത വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കണ്ണൂരിൽ ബോംബ് നിർമ്മാണം കുടിൽവ്യവസായം പോലെ സിപിഎം കൊണ്ടുനടക്കുന്നതിന്റെ പ്രത്യക്ഷ തെളിവാണിതെന്ന് സുധാകരൻ എംപി പ്രതികരിച്ചു. രാഷ്ട്രീയ എതിരാളികളെ, പ്രത്യേകിച്ചും കോൺഗ്രസുകാരെ കൊല്ലാൻ ബോംബ് ഉൾപ്പെടെയുള്ള എല്ലാവിധ മാരകായുധങ്ങളും അത് പ്രയോഗിക്കാൻ കൊലയാളി സംഘവും വാടകഗുണ്ടകളും സിപിഎമ്മിനുണ്ടെന്നും സുധാകരൻ ആരോപിച്ചു.
''ജീവൻ പണയംവച്ചാണ് ജനാധിപത്യ വിശ്വാസികൾ പൊതുപ്രവർത്തനം നടത്തുന്നത്. ഷുഹൈബിനെയും ടിപി ചന്ദ്രശേഖരനെയും കൊത്തിനുറുക്കിയ കൊലയാളി സംഘങ്ങൾ ഇപ്പോഴും യഥേഷ്ടം വിഹരിക്കുന്നു. അവർക്കെല്ലാം പാർട്ടിയുടെ സംരക്ഷണവുമുണ്ട്.
കണ്ണൂരിലെ സിപിഎം കേന്ദ്രങ്ങളിൽ വ്യാപമായ രീതിയിൽ ബോംബ് നിർമ്മാണം നടക്കുന്നതും ബോംബുകൾ പലയിടങ്ങളിലായി കൂട്ടിവയ്ക്കുന്നതും പലവട്ടം പൊലീസിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. പൊലീസിന്റെ കൺവെട്ടത്തിലാണ് ഇതൊക്കെ നടക്കുന്നത്. എന്നാൽ ഭരണകക്ഷിയെ തൊടാൻ പൊലീസിനു ഭയമാണ്. മുഖ്യമന്ത്രിയുടെയും പാർട്ടി സെക്രട്ടറിയുടെയും നാടായ കണ്ണൂരിൽ അവർ അറിയാതെ ഇലപോലും അനങ്ങില്ല.
ആക്രമണം നടത്തുന്നതിന് സിപിഎം എത്രത്തോളം ആസൂത്രിതമാണെന്നും അത് തടയുന്നതിൽ പൊലീസ് എത്ര നിഷ്ക്രിയമാണെന്നും തെളിയിക്കുന്നതാണ് കണ്ണൂർ നഗരത്തിനോടു ചേർന്ന പ്രദേശത്ത് പട്ടാപ്പകലുണ്ടായ ബോംബേറും അതിൽ ഒരു ജീവൻ നഷ്ടമാകാൻ ഇടയാക്കിയ സംഭവവുമെന്നും സുധാകരൻ പറഞ്ഞു.
അതേ സമയം, കണ്ണൂർ തോട്ടടയിൽ കല്യാണ ആഘോഷത്തിനിടെ ബോംബ് പൊട്ടി യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ ഒന്നാംപ്രതി മരിച്ച ജിഷ്ണുവിന്റെ സുഹൃത്ത് തന്നെയായ അക്ഷയ് ആണെന്ന് പൊലീസ്. ഏച്ചൂർ സ്വദേശിയായ ഷമിൽ രാജ് എന്നയാളുടെ കല്യാണത്തലേന്ന് ഉണ്ടായ പാട്ടിന്റെയും ആഘോഷത്തിന്റെയും പേരിലുണ്ടായ തർക്കത്തിൽ രണ്ട് സംഘം ചേരിതിരിഞ്ഞ് സംഘർഷമുണ്ടായിരുന്നു.
കല്യാണം കഴിഞ്ഞ് മടങ്ങുമ്പോൾ വരന്റെ സുഹൃത്തുക്കളായ ഏച്ചൂർ സ്വദേശികളായ ഒരു സംഘം തലേന്ന് വഴക്കുണ്ടാക്കിയ തോട്ടടയിലെ ഒരു സംഘം യുവാക്കളെ ആക്രമിക്കാൻ ബോംബുമായി എത്തി. എതിർസംഘത്തെ എറിയുന്നതിനിടെ, സ്വന്തം സുഹൃത്ത് തന്നെയായ ജിഷ്ണുവിന്റെ തലയിൽത്തട്ടി ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. തല പൊട്ടിച്ചിതറിയാണ് ജിഷ്ണു കൊല്ലപ്പെട്ടത്.
മറുനാടന് മലയാളി ബ്യൂറോ