കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ കാര്യങ്ങൾ തീരുമാനിക്കുന്നത് തടവുകാരാണ്. ടിപി കേസ് പ്രതികളും മുഹമ്മദ് നിസാമിനെ പോലുള്ള കോടീശ്വരന്മാരും കഴിയുന്ന ജയിൽ. ഇവിടെ എന്തും നടക്കും. അതിന് തെളിവാണ് തടവുകാരുടെ ബ്ലോക്കിൽ അധികൃതരറിയാതെ ടെലിവിഷൻ സ്ഥാപിച്ച സംഭവം. ജയിലിലെ ഒന്നാം ബ്ലോക്കിലാണ് പഴയ മോഡൽ ടി.വി. സ്ഥാപിച്ചത്. സ്ഥാപിച്ചയുടൻ സംഭവമറിഞ്ഞ ജയിൽസൂപ്രണ്ട് ടി.വി. പിടിച്ചെടുത്തു. ഇതേക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അതിനിടെ അന്വേഷണം അട്ടിമറിക്കാനും നീക്കങ്ങൾ സജീവമാണ്. ടിവി സ്ഥാപിച്ചതിൽ ചട്ടലംഘനമൊന്നുമില്ലെന്നാണ് ഇവരുടെ വാദം.

നാലുദിവസം മുൻപാണ് പഴയ മോഡലിലുള്ള പുത്തൻ ടെലിവിഷൻ പ്രത്യേക രീതിയിൽ പാക്ക് ചെയ്ത് ജയിലിനുള്ളിലെത്തിച്ചത്. അന്നുതന്നെ ടെലിവിഷൻ സ്ഥാപിക്കുകയും ചെയ്തു. തടവുകാർ ടിവി കാണാനും തുടങ്ങി. ഇതോടെയാണ് ജയിൽ സുപ്രണ്ട് പോലും കാര്യങ്ങൾ അറിഞ്ഞതെന്നാണ് സൂചന. ഇതോടെ അന്വേഷണവും തുടങ്ങി. എന്നാൽ സിപിഎമ്മുമായി ബന്ധപ്പെട്ട കേസുകളിൽ അകത്തുള്ള പ്രതികളാണ് കണ്ണൂരിൽ കാര്യങ്ങൾ നിശ്ചയിക്കുന്നത്. അതുകൊണ്ട് തന്നെ അന്വേഷണം അട്ടിമറിക്കപ്പെടുമെന്നാണ് ലഭിക്കുന്ന സൂചന.

ഗേറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന ആൾ പെട്ടി തുറന്നുനോക്കാതെ കടത്തിവിടുകയായിരുന്നു. ചില ഉദ്യോഗസ്ഥരുടെ അനുമതിയോടെയാണ് ഇത് നടന്നതെന്നു പറയുന്നു. ഒന്നാം ബ്ലോക്കിൽ ഇരുനൂറോളം തടവുകാരാണുള്ളത്. വലിയൊരു ഗൂഢാലോചന ഇതിന് പിന്നിലുണ്ട്. തടവുകാർ സ്വന്തം പണം ശേഖരിച്ചാണ് ടി.വി. വാങ്ങിയതെന്നു പറയുന്നു. തടവുകാരുടെ വേതനത്തിലെ ഒരു ഭാഗം വീട്ടിലേക്ക് അയയ്ക്കുന്നുണ്ട്. അതിൽനിന്നുള്ള പണം പുറത്തുനിന്നുള്ള ആരോ ശേഖരിച്ച് ടി.വി. വാങ്ങിനൽകുകയായിരുന്നു. ഇക്കാര്യം ജയിൽ ഡി.ഐ.ജി.യുടെ ശ്രദ്ധയിലും പെട്ടിട്ടുണ്ട്.

ഉച്ചയ്ക്ക് ഒന്നരമുതൽ രണ്ടരവരെയുള്ള സമയത്തായിരിക്കാം ടി.വി. കടത്തിയതെന്നാണ് സംശയം. ആയിരത്തഞ്ഞൂറോളം തടവുകാരുള്ള ജയിലിൽ കാന്റീനിലേക്കും ഗോഡൗണിലേക്കും മറ്റും ലോറിയിൽ സാധനങ്ങൾ സ്ഥിരമായി കൊണ്ടുപോകാറുണ്ട്. ഈ ലോറിയിലാണ് ടി.വി. കടത്തിയതെന്നു സംശയിക്കുന്നു. ടി.വി.ക്കുള്ളിൽ ലഹരിവസ്തുക്കൾ പോലുള്ള സാധനങ്ങളും കടത്തിയതായി ആരോപണമുണ്ട്. നിലവിൽ മാർക്കറ്റിലുള്ള എൽ.സി.ഡി., എൽ.ഇ.ഡി. ടി.വി.കൾക്കു പകരം വലിപ്പമുള്ള ടി.വി. വാങ്ങിയത് ഈ ഉദ്ദേശ്യത്തോടെയാണെന്നാണ് സംശയം.

പുതിയ ചെരുപ്പിന്റെ ഉൾഭാഗം തുരന്ന് അതിൽ ലഹരിവസ്തുക്കൾ പോലുള്ളവ നിറച്ച് സെൻട്രൽ ജയിലിൽ കടത്തുന്നത് പതിവാണ്. മാസങ്ങൾക്കു മുൻപ് കണ്ണൂർ സെൻട്രൽ ജയിലിലെ കിണർ വൃത്തിയാക്കിയപ്പോൾ ചാക്കുകണക്കിന് പുതിയ ചെരുപ്പുകൾ ലഭിച്ചിരുന്നു. ഈ ചെരുപ്പിൽ പലതിന്റെയും ഉൾവശം തുരന്നെടുത്ത നിലയിലായിരുന്നു. അങ്ങനെ തീർത്തും അസ്വാഭാവികമായ സംഭവങ്ങളാണ് കണ്ണൂരിലെ ജയിലിൽ സംഭവിക്കുന്നത്.