കണ്ണൂർ: രാജ്യത്തെ ഏറ്റവും കൂടുതൽ പാർട്ടി അംഗങ്ങളുള്ള കണ്ണൂരിൽ സിപിഐ.(എം). ജില്ലാ സമ്മേളനം ശനിയാഴ്ച ആരംഭിക്കുകയാണ്. സംസ്ഥാനത്തെ ഏറ്റവും ഒടുവിൽ നടക്കുന്ന ജില്ലാ സമ്മേളനം കണ്ണൂരാണ്. സമ്മേളനം അരങ്ങേറുമ്പോൾ വിവാദങ്ങളും ശക്തമാകുമെന്നാണ് അണികൾ ആശങ്കപ്പെടുന്നത് സിപിഐ.(എം). നെ സംബന്ധിച്ച് സുശക്തമാണ് കണ്ണൂർ ജില്ല. കഴിഞ്ഞ സമ്മേളനത്തേക്കാൾ 8185 പുതിയ അംഗങ്ങളുമായി 26,19,667 എന്ന സംഖ്യയിൽ എത്തിനിൽക്കയാണ്. 362 ബ്രാഞ്ച് കമ്മിറ്റികളും 24 ലോക്കൽ കമ്മിറ്റികളും പുതുതായി രൂപീകരിക്കപ്പെട്ടിട്ടുണ്ട്. രാജ്യത്ത് ഒരു ജില്ലക്കും നേടിയെടുക്കാനാവാത്ത വളർച്ചയാണിത്.

മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കേന്ദ്ര കമ്മിറ്റി അംഗങ്ങളും കൊണ്ട് സമ്പന്നമായ കണ്ണൂർ പാർട്ടിയിൽ ചർച്ചകൾ ഏത് തലം വരെ എത്തുമെന്നതാണ് അണികളുടെ ആശങ്ക. ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ വ്യക്തി പൂജ പ്രോത്സാഹിപ്പിച്ചു എന്ന ഗുരുതരമായ ആരോപണം ശരിവെച്ച സംസ്ഥാന സമിതി തീരുമാനം ജില്ലയിലെ അണികൾ പ്രതിഷേധത്തോടെയാണ് കണ്ടത്. പി.ജയരാജനെതിരെ ജില്ലയിൽ നിന്നുള്ള സംസ്ഥാന നേതാക്കൾ ഒറ്റക്കെട്ടായി നില കൊണ്ടതും പ്രവർത്തകരെ വേദനിപ്പിച്ച സംഭവമായിരുന്നു. സംസ്ഥാന സമിതിയിൽ ജയരാജനെതിരെ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും രൂക്ഷമായ നിലപാടെടുത്തത് പാർട്ടിക്കകത്ത് ചർച്ചയായിരുന്നു. ഇതിനിടെയാണ് കോടിയേരിയുടെ മകൻ ബിനോയിയുടെ വിദേശ നിക്ഷേപ വിവാദമെത്തുന്നത്. ഇതും വലിയ തരത്തിൽ ചർച്ചയാകും.

വ്യക്തി പൂജക്ക് പുറമേ കണ്ണൂരിൽ രൂപീകരിച്ച ഇസ്ലാമിക ബാങ്കിന്റെ കാര്യത്തിലും സംസ്ഥാന സമിതിക്ക് വിയോജിപ്പുണ്ടായിരുന്നു. ജയരാജൻ വിഷയം ജില്ലാ സമ്മേളനത്തിൽ ചർച്ച ചെയ്യപ്പെടുമെന്ന അവസ്ഥ നില നിൽക്കേയാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയിയുടെ 13 കോടി സാമ്പത്തിക ഇടപാട് സംബന്ധിച്ച വാർത്തകൾ പുറത്ത് വന്നത്. ഈ പ്രശ്നം പാർട്ടിയെ ഉലക്കുക തന്നെ ചെയ്തു. കണ്ണൂർ ജില്ലയിൽ പി.ജയരാജനെ പിൻതുണക്കുന്നവരാണ് പ്രതിനിധികളിൽ ഏറേയും. പ്രത്യേകിച്ചും ഏരിയാ തലത്തിൽ. ജില്ലാ കമ്മിറ്റി അംഗങ്ങളിൽ ചിലർ മാത്രമാണ് ജയരാജനെതിരെ വിമർശനമുന്നയിക്കാൻ സാധ്യത. ഇ.പി. ജയരാജൻ, പി.കെ. ശ്രീമതി, എം. വി. ഗോവിന്ദൻ മാസ്റ്റർ എന്നിവർ ജയരാജനെതിരെ സംസ്ഥാന സമിതിയിൽ നിലപാടെടുത്തവരാണ്. അതാണ് ജയരാജനെതിരെ ശാസനക്ക് കാരണമായത്.

കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി കണ്ണൂർ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ ഭരണം പിടിച്ചെടുക്കാൻ ശ്രമം നടത്തിയതിന് തടയിട്ടത് പി.ജയരാജനാണെന്നാണ് ആരോപണം. ജയരാജന്റെ പിൻതുണയിൽ ഒ.കെ. വിനീഷ് നേതൃത്വത്തിലെത്തുകയും ചെയ്തു. ഇതെല്ലാം ചർച്ച ചെയ്യപ്പെടും. എന്നാൽ കോടിയേരി പുത്രന്റെ പണമിടപാട് ജില്ലാ സമ്മേളനത്തിൽ പൊന്തി വരുമോ എന്ന ഭയം നേതൃത്വത്തിനുണ്ട്. കോടിയേരി കൂടി പങ്കെടുക്കുന്ന സമ്മേളനത്തിൽ വിമർശനമുയർന്നേക്കാം. എന്നാൽ അത്തരത്തിലൊരു ചർച്ച സമ്മേളനത്തിൽ എത്താതിരിക്കാൻ സംസ്ഥാന നേതൃത്വം ശ്രമിക്കുന്നുണ്ടെന്നാണ് കരുതുന്നത്.

എന്നാൽ അത് എത്രമാത്രം വിജയിക്കുമെന്ന് കണ്ടറിയേണ്ടതുണ്ട്. വിവാദങ്ങൾ കണ്ണൂർ സിപിഐ.(എം). നെ പോറലേൽപ്പിക്കരുതെന്ന് ആഗ്രഹിക്കുന്നവരാണ് ജില്ലയിലെ ഏറിയാ കമ്മിറ്റി മുതൽ താഴോട്ടുള്ളത്. കഴിഞ്ഞ മൂന്ന് വർഷത്തെ പാർട്ടിയുടെ വളർച്ചയുടെ പകിട്ട് വിവാദങ്ങൾ കൊണ്ട് തളർത്തരുതെന്നാണ് അത്തരക്കാരുടെ പക്ഷം. പി ജയരാജൻ എട്ട് വർഷമായി കണ്ണൂരിൽ സെക്രട്ടറിയാണ്. എന്നാൽ മൂന്ന് ടേം പൂർത്തിയായിട്ടുമില്ല. ഈ സാഹചര്യത്തിൽ പി ജയരാജൻ മാറുമോ എന്ന ചോദ്യവും സജീവമായി ഉയരുന്നുണ്ട്.